1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 7, 2020

സ്വന്തം ലേഖകൻ: യെമനിൽ ഹൂത്തി വിമതരുടെ പിടിയിൽ നിന്ന് മോചിതരായ 2 മലയാളികളുൾപ്പെടെ 14 ഇന്ത്യക്കാർക്ക് മടക്കം. ഞായറാഴ്ച രാത്രി ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ 2ലെത്തിയ ഇവർ രാവിലെ 9.30നുള്ള എയർ ഇന്ത്യാ എക്സ്പ്രസിൽ മുംബൈയിലേയ്ക്ക് മടങ്ങി. യെമനിൽ കഴിഞ്ഞ 9 മാസത്തോളമായി ഇവർ ഹൂതി വിമതരുടെ പിടിയിലായിരുന്നു. ഇന്ത്യന്‍ അധികൃതരുടെ ഇടപെടലിനെത്തുടര്‍ന്നാണ് മോചനം.

വടകര സ്വദേശി പ്രവീൺ താമകരാന്റവിട, വിഴിഞ്ഞം സ്വദേശി അബ്ദുൾ വഹാബ് മുസ്തഫ, ലോഹർ നൈൽസ് ധ്നാജി, തൻമി രാജേന്ദിര, മോഹൻ രാജ്, മൻ‌രാജ്, എസ്. കെ. ഹിരൺ, വകാങ്കർ അഹമ്മദ് അബ്ദുൽ ഗഫുർ, ഗവാസ് ചേതൻ ഹരിചന്ദ്ര, സഞ്ജീവ് കുമാർ, ലോഹർ സന്ദീപ് ബാലു, , ജീവരാജ്, ദാവൂദ് മുഹാദ്, വില്യം നിക്കാംഡൻ, സാരി ഫൈറോസ് നസ്‌റുദ്ദീൻ എന്നിവരാണ് ശനിയാഴ്ച രാത്രി നാട്ടിലേയ്ക്ക് മടങ്ങിയത്. ഇവരിൽ 7 മഹാരാഷ്ട്ര സ്വദേശികളും 2 തമിഴ്നാട്ടുകാരും ഉത്തർപ്രദേശ്, ബംഗാൾ, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരുമുണ്ട്.

ഇൗ വർഷം ഫെബ്രുവരി 10നാണ് ഇന്ത്യൻ സംഘത്തെ ഹൂത്തി വിമതര്‍ തട്ടിക്കൊണ്ടുപോയി തടവിലാക്കിയത്. ഒമാനില്‍ നിന്ന് സൌദിയിലേയ്ക്ക് ഇവർ യാത്ര ചെയ്ത കപ്പൽ യെമൻ തീരത്ത് തകരാറിലായതോടെയാണ് സംഭവത്തിന് തുടക്കം. സ്ഥലത്തെത്തിയ ഹൂതി വിമതർ എല്ലാവരെയും പിടിച്ചുകൊണ്ടുപോവുകയായിരുന്നു. ഇന്ത്യക്കാരടക്കം ആകെ 20 പേർ സംഘത്തിലുണ്ടായിരുന്നു. 5 ബംഗ്ലാദേശികളും ഒരു ഈജിപ്തുകാരനുമാണ് മറ്റുള്ളവർ.

യെമൻ തലസ്‌ഥാനമായ സനയിലെ ഇന്ത്യൻ എംബസി, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം എന്നിവയും സാമൂഹിക പ്രവർത്തകരും പ്രശ്നത്തിൽ ഇടപെട്ടു ഇവർക്ക് ഇന്ത്യയിലേക്ക് സുരക്ഷിതമായി മടങ്ങിവരുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയത്. കൈയിൽ ചെലവിന് പോലും പണം ഇല്ലാതിരുന്ന ഇവർക്ക് അധികൃതർ 4,900 ദിർഹം നൽകുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.