1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2021

സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ വാവെയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ മെങ് വാന്‍ഷുവിനെ കാനഡ മോചിപ്പിച്ചു. യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്‍റുമായി കരാറുണ്ടാക്കിയതിനു പിന്നാലെയാണ് മോചനം. 2022 അവസാനം വരെ വാവെയ് സിഎഫ്ഒക്കെതിരെ നിയമ നടപടികളുണ്ടാവില്ലെന്നാണ് അറിയുന്നത്. ഇതിനു പകരമായി മയക്കുമരുന്നു കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കനേഡിയന്‍ പൗരന്‍മാരെ ചൈന മോചിപ്പിച്ചിട്ടുണ്ട്.

വാന്‍ഷുവിനെ മോചിപ്പിച്ചില്ലെങ്കിൽ രണ്ടു പേരെയും തൂക്കിലേറ്റുമെന്ന് ചൈന ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെയാണ് കാനഡ വാന്‍ഷുവിനെ മോചിപ്പിക്കാൻ തയാറായാതെന്നും റിപ്പോർട്ടുകളുണ്ട.് വാവെയ് സ്ഥാപകന്‍ റന്‍ ഴെങ്‌ഫൈയുടെ മകളായ മെങ്ങിനെ 2018ലാണ് കാനഡയില്‍ അറസ്റ്റ് ചെയ്തത്.

ഇറാനെതിരെ യുഎസ് പ്രഖ്യാപിച്ച ഉപരോധം ലംഘിച്ച്, യുഎസ് നിര്‍മിത ഉല്‍പന്നങ്ങള്‍ ഇറാനിലേക്കു കയറ്റി അയച്ചുവെന്ന കാരണത്താലായിരുന്നു വാന്‍ഷുവിനെ അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെയാണ്, മയക്കുമരുന്നു കേസില്‍ അറസ്റ്റിലായ കനേഡിയന്‍ പൗരന്‍ റോബര്‍ട്ട് ഷെല്ലെന്‍ബെര്‍ഗിന്റെ 15 വര്‍ഷത്തെ ശിക്ഷ ചൈന വധശിക്ഷയായി ഉയര്‍ത്തിയത്. തുടര്‍ന്ന് ചാരപ്രവര്‍ത്തനം ആരോപിച്ച് കാനഡക്കാരായ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥനെയും സംരംഭകനെയും ചൈന അറസ്റ്റ് ചെയ്തിരുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള കുറ്റവാളികളെ കൈമാറാനുള്ള പുതിയ കരാർ പ്രകാരം മെങ് ചൈനയിലേക്ക് മടങ്ങി. ചൈനീസ് സർക്കാർ അയച്ച പ്രത്യേക വിമാനത്തിലാണ് അവർ കാനഡയിൽ നിന്ന് ബെയ്ജിങ്ങിലേക്ക് തിരിച്ചത്. ചൈനയുടെ കസ്റ്റഡിയിലുണ്ടായിരുന്ന രണ്ട് പൗരൻമാരെ മോചിപ്പിച്ചെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൽ ട്രൂഡോയും സ്ഥിരീകരിച്ചു.

രാജ്യാന്തര ടെലികോം വ്യവസായ രംഗത്തെ പ്രമുഖരാണ് വാവെയ് മേധാവി റെൻ സെങ്ഹീഫിയും അവരുടെ മകൾ മെങ് വാൻഷുവും. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇവരെ കുറിച്ചാണ് ടെക് ലോകം ഒന്നടങ്കം ചർച്ച ചെയ്തിരുന്നത്. ആദ്യം മെങ് വാൻഷുവിനെ അറസ്റ്റ് ചെയ്ത അമേരിക്ക തൊട്ടുപിന്നാലെ വാവെയ് കമ്പനിക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. ലോക ടെക് വിപണിയിൽ വാവെയ് കമ്പനിയെ ഒറ്റപ്പെടുത്തി നിശ്ചലമാക്കി. ഇതോടെ കമ്പനി വൻ പ്രതിസന്ധിയിലായി.

ടെലികമ്യൂണിക്കേഷൻ ഉപകരണങ്ങളും സ്മാർട്ഫോണുകളും നിർമിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നായിരുന്ന വാവെയുടെ (huawei) സിഎഫ്ഒ മെങ് വാൻഷുവിന്റെ അറസ്റ്റിനു പിന്നിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ട്രംപ് തന്നെയായിരുന്നു. ഹോങ്കോങ്ങിൽ നിന്ന് മെക്സിക്കോയിലേക്കു പുറപ്പെട്ട മെങ് യാത്രാമധ്യേ കാനഡയിലെ വാൻകുവറിലിറങ്ങി.

വിമാനത്താവളത്തിൽ തുടർയാത്രയ്ക്കുള്ള ഫ്ളൈറ്റ് കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് കനേഡിയൻ പൊലീസെത്തി അമേരിക്കയിൽ നിന്നുള്ള വാറന്റ് കാട്ടി അവരെ അറസ്റ്റ് ചെയ്തത്. ജാമ്യം കിട്ടുന്നതുവരെ പതിനൊന്നു ദിവസം അവർക്കു തടങ്കലിൽ കഴിയേണ്ടിവന്നു. ഇതോടെയാണ് അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം പുതിയ തലത്തിലേക്ക് കടന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.