1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 30, 2018

സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകരെ വീട്ടുതടങ്കലില്‍ വെച്ചാല്‍ മതിയെന്ന് സുപ്രീം കോടതി. തെലുങ്കു കവി വരവര റാവു ഉള്‍പ്പെടെ അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ സെപ്തംബര്‍ ആറ് വരെ വീട്ടുതടങ്കലില്‍ വെച്ചാല്‍ മതിയെന്നും ഭിന്നാഭിപ്രായം ജനാധിപത്യത്തിന്റെ രക്ഷയ്ക്ക് ആവശ്യമാണെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് വിധിയില്‍ വ്യക്തമാക്കി.

അതേസമയം, മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസിനെ മഹാരാഷ്ട്ര ഹൈക്കോടതി വിമര്‍ശിച്ചു. അറസ്റ്റ് നടപടികളില്‍ വീഴ്ചയുണ്ടായതായി കോടതി ചൂണ്ടിക്കാട്ടി. പൊലീസ് സാക്ഷികളെ ഉപയോഗിച്ചാണ് അറസ്റ്റ് എന്നും കോടതി കണ്ടെത്തി. അറസ്റ്റിന്റെയും ട്രാന്‍സിറ്റ് വാറന്റിന്റെയും നിയമസാധുത പരിശോധിക്കുമെന്നും കോടതി പറഞ്ഞു.

പുണെയിലെ ഭീമ കൊരെഗാവില്‍ മറാഠാ പേഷ്വാമാരോട് ഏറ്റുമുട്ടി ദളിതര്‍ നേടിയ വിജയത്തിന്റെ 200ാം വാര്‍ഷികം കഴിഞ്ഞ ജനുവരി ഒന്നിന് ആഘോഷിച്ചിരുന്നു. ഇതിനിടെ ഹിന്ദുത്വ അനുകൂല മറാഠാ സംഘടനകളും ദളിത് വിഭാഗക്കാരും ഏറ്റുമുട്ടിയത് കലാപത്തിലേക്ക് കത്തിപ്പടര്‍ന്നു. വാര്‍ഷികാചരണത്തിന്റെ ഭാഗമായി ഡിസംബര്‍ 31ന് നടന്ന എല്‍ഗാര്‍ പരിഷത്ത് പരിപാടിയില്‍ മാവോവാദിസാന്നിധ്യം ഉണ്ടായിരുന്നെന്നാണ് പോലീസ് ആരോപിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് വരവര റാവു, സുധ ഭരദ്വാജ്, വെര്‍നോണ്‍ ഗോണ്‍സാല്‍വേസ്, അരുണ്‍ ഫെറീറ, ഗൗതം നവ്‌ലഖ എന്നിവരെ ഭീമ കോറേഗാവ് സംഭവവുമായി ബന്ധപ്പെടുത്തി അറസ്റ്റ് ചെയ്തത്. അന്നുണ്ടായ അക്രമ സംഭവങ്ങള്‍ക്ക് കാരണം ഇവരുടെ പ്രസംഗങ്ങളാണെന്നാണ് പൊലീസിന്റെ വാദം.

അതിനിടെ ഭീമ കൊരെഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആക്ടിവിസ്റ്റുകളുടെ അറസ്റ്റില്‍ രാജ്യത്താകമാനം പ്രതിഷേധം ശക്തമാകെ പുണെ പൊലീസിന്റെ നടപടിയെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2012 ഡിസംബറില്‍ യു.പി.എ സര്‍ക്കാറാണ് ചില സംഘടനകള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞതും ഈ സംഘടനകള്‍ക്കെതിരെ നടപടിക്ക് സംസ്ഥാന സര്‍ക്കാറുകളോട് ശിപാര്‍ശ ചെയ്തതെന്നും ആഭയന്തര മന്ത്രാലയം വ്യക്തമാക്കുന്നു. മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തവര്‍ക്ക് ഈ സംഘടനകളുമായി ബന്ധമുണ്ടെന്നും ഇവര്‍ സര്‍ക്കാറിനെതിരെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നും ആഭ്യന്തര മന്ത്രാലയം ആരോപിക്കുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.