1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 30, 2024

സ്വന്തം ലേഖകൻ: സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ ഹംസ ഹരൂൺ യുസഫ് രാജിവച്ചു. സ്കോട്ടിഷ് നാഷനൽ പാർട്ടിയും (എസ്.എൻ.പി) സ്കോട്ടിഷ് ഗ്രീൻ പാർട്ടിയും തമ്മിലുണ്ടായിരുന്ന അധികാരം പങ്കുവയ്ക്കൽ ഉടമ്പടി കഴിഞ്ഞയാഴ്ച തകർന്ന സാഹചര്യത്തിൽ ഭരണത്തുടർച്ച സുഗമമല്ലെന്ന തിരിച്ചറിവാണ് ഹംസ യൂസഫിന്റെ രാജിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

വരുംദിവസങ്ങളിൽ പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ മറികടക്കാനാകില്ലെന്ന് ഉറപ്പായതോടെയാണ് രാജിവയ്ക്കാൻ ഹംസ യൂസഫ് തീരുമാനിച്ചത്. പുതിയ നേതാവിനെ പാർട്ടി തിരഞ്ഞെടുക്കുന്നതുവരെ അദ്ദേഹം കാവൽ പ്രധാനമന്ത്രിയായി തുടരും. ഇന്നലെ രാവിലെയാണ് എഡിൻബറോയിലെ ഔദ്യോഗിക വസതിയിൽ മാധ്യമങ്ങളോട് അദ്ദേഹം രാജിവിവരം പ്രഖ്യാപിച്ചത്.

സ്കോട്ടിഷ് ഗ്രീനുമായുള്ള പവർ ഷെയറിംങ് എഗ്രിമെന്റ് അവസാനിപ്പിക്കുന്നതിന്റെ ആഘാതം മനസിലാക്കാൻ താൻ പരാജയപ്പെട്ടെന്ന കുറ്റസംമ്മതത്തോടെയാണ് അദ്ദേഹത്തിന്റെ രാജി. പുതിയ നേതാവിനെ തിരഞ്ഞെടുത്താൽ ഗ്രീൻ പാർട്ടിയുടെ സഹായത്തടെതന്നെ സർക്കാരിനു മുന്നോട്ടുപോകാനുള്ള സാധ്യതകൾ തുറന്നിടുന്ന സമീപനമായി ഇത്.

ഇരുപാർട്ടികളും തമ്മിലുള്ള സഹകരണം തകരുന്നതിന്റെ ഉത്തരവാദി താൻ മാത്രമാണെന്ന് തുറന്നു സമ്മതിക്കുന്ന പ്രഖ്യാപനമായിരുന്നു ഇത്. നിക്കോള സ്റ്റർജനു കീഴിൽ ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്ററായിരുന്ന ജോൺ സ്വിന്നിയുടെ പേരാണ് നേതൃസ്ഥാനത്തേക്ക് ഉയർന്നു വരുന്നത്. എസ്.എൻപി. വെസ്റ്റ്മിനിസ്റ്റർ ലീഡർ സ്റ്റീഫൻ ഫിൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഇതിനോടകം ജോൺ സ്വിന്നിയ്ക്ക് പിന്തുണയുമായി രംഗത്തുവന്നുകഴിഞ്ഞു.

കഴിഞ്ഞവർഷം മാർച്ചിലാണ് നിക്കോള സ്റ്റർജന്റെ പിൻഗാമിയായി പാക് വംശജനായ ഹംസ ഹരൂൺ യൂസഫ് എസ്.എൻ.പി. ലീഡറും സ്കോട്ട്ലൻഡിന്റെ ഫസ്റ്റ് മിനിസ്റ്ററുമായി തിരഞ്ഞെടുക്കപ്പെട്ടത്. പാക്കിസ്ഥാനിൽനിന്നുള്ള മുസ്‌ലിം കുടിയേറ്റ കുടുംബത്തിൽ പിറന്ന ഹംസ യൂസഫ് അതിനു മുമ്പ് ജസ്റ്റിസ് സെക്രട്ടറി, ഹെൽത്ത് സെക്രട്ടറി, യൂറോപ്പ് മിനിസ്റ്റർ എന്നീ ചുമതലകളും വഹിച്ചിരുന്നു. 2011 മുതൽ സ്കോട്ടിഷ് പാർലമെന്റ് അംഗമാണ്.

129 അംഗ സ്കോട്ടിഷ് പാർലമെന്റിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആർക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 63 സീറ്റോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ സ്കോട്ടിഷ് നാഷനൽ പാർട്ടി ഏഴു സീറ്റുള്ള സ്കോട്ടിഷ് ഗ്രീൻ പാർട്ടിയുമായി അധികാരം പങ്കുവയ്ക്കൽ കരാറുണ്ടാക്കിയാണ് സർക്കാർ രൂപീകരിച്ചത്. ഈ പവർ ഷെയറിംഹ് എഗ്രിമെന്റ് കഴിഞ്ഞയാഴ്ച തകർന്നതോടെയാണ് എസ്.എൻ.പി സർക്കാർ ന്യൂനപക്ഷ സർക്കാരായി മാറിയത്.

ഇതിനെത്തുടർന്ന് 31 അംഗങ്ങളുള്ള സ്കോട്ടിഷ് കൺസർവേറ്റീവും 22 അംഗങ്ങളുള്ള സ്കോട്ടിഷ് ലേബറും സർക്കാരിനെതിരേ അവിശ്വാസ പ്രമേയവുമായി രംഗത്തെത്തി. ലിബറൽ ഡെമോക്രാറ്റിക് പാർട്ടി, സ്വതന്ത്രർ എന്നിവരുടെ പിന്തുണയും സർക്കാരിന് ഇല്ലെന്നു മനസിലായ സാഹചര്യത്തിലാണ് അവിശ്വാസത്തിൽ തോറ്റ് പടിയിറങ്ങുന്നതിനു പകരം നേരത്തെതന്നെ ഹംസ യുസഫ് രാജിപ്രഖ്യാപനം നടത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.