1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2015

സ്വന്തം ലേഖകന്‍: ഹംഗറിയുടെ അതിര്‍ത്തിയില്‍ അഭയാര്‍ഥികളും പോലീസും ഏറ്റുമുട്ടി, സംഘര്‍ഷം പടരുന്നു. ഇന്നലെ സെര്‍ബിയയോട് ചേര്‍ന്നു കിടക്കുന്ന ഹംഗേറിയന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിന് പുറകെയാണ് പുതിയ സംഭവ വികാസം. ഹംഗറിയുടെയും സെര്‍ബിയയുടെയും അതിര്‍ത്തി കടന്ന് രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച അഭയാര്‍ഥികള്‍ക്കു നേരെ ഹംഗറി പൊലീസ് ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചു. അഭയാര്‍ഥികള്‍ അതിര്‍ത്തിയിലെ വേലി തകര്‍ക്കാനും പൊലീസുകാര്‍ക്ക് നേരെ കല്ലും കുപ്പികളും എറിയാന്‍ ആരംഭിച്ചതോടെയാണ് പൊലീസ് തിരിച്ചടിച്ചത്.

ജര്‍മിയിലേക്ക് പ്രവേശിക്കുന്നതിനു വേണ്ടിയാണ് അഭയാര്‍ഥികള്‍ ഹംഗറിയിലേക്ക് കടക്കുന്നത്. എന്നാല്‍ ഹംഗറി കഴിഞ്ഞ ദിവസം അതിര്‍ത്തി അടച്ചിരുന്നു. കൂടാതെ ഹംഗറി തങ്ങളുടെ സെര്‍ബിയന്‍ അതിര്‍ത്തിയില്‍ സേനയെ നിയോഗിക്കുകയും ചെയ്തു. അഭയാര്‍ഥിപ്രളയത്തില്‍ മുങ്ങിയ തെക്കുകിഴക്കന്‍ മേഖലയിലെ രണ്ടു കൗണ്ടികളില്‍ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. റോഡ് ഗതാഗതം തടയുന്നതുമുതല്‍ പൊതുസ്ഥാപനങ്ങളുടെ പ്രവര്‍ത്തനംവരെ നിയന്ത്രിച്ചുള്ള അഭയാര്‍ഥിവിരുദ്ധ നീക്കങ്ങള്‍ക്കാണു ഹംഗറി തുനിഞ്ഞത്.

സെര്‍ബിയയുമായുള്ള ഏഴ് അതിര്‍ത്തികളില്‍ രണ്ടെണ്ണം ഹംഗറി ഇന്നലെ രാവിലെ തന്നെ അടച്ചിരുന്നു. റോസ്‌കെയ്ക്കു സമീപം അതിര്‍ത്തിയില്‍ അഭയാര്‍ഥികളെ സ്വീകരിക്കുന്നതിനു താല്‍ക്കാലിക ഓഫിസ് തുറന്നിരുന്നെങ്കിലും ഇരുപതോളംപേര്‍ക്കു മാത്രമാണ് ഹംഗറിയിലേക്കു പ്രവേശിക്കാന്‍ കഴിഞ്ഞത്. ആയിരക്കണക്കിന് അഭയാര്‍ഥികള്‍ അതിര്‍ത്തിക്കപ്പുറത്ത് കാത്തുകെട്ടി കിടക്കുകയാണ്. ഹംഗറി അതിര്‍ത്തി അടച്ചതോടെ സെര്‍ബിയയില്‍ നിന്ന് ക്രൊയേഷ്യവഴി യൂറോപ്പിലേക്ക് കടക്കാനാണ് അഭയാര്‍ഥികളുടെ ശ്രമം. എന്നാല്‍ ക്രൊസ്യേഷ്യയും അഭിയാര്‍ഥികളുടെ കാര്യത്തില്‍ കര്‍ശന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.