1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2022

സ്വന്തം ലേഖകൻ: ശനിയാഴ്ച കിഴക്കൻ കാനഡയുടെ തീരത്ത് ആഞ്ഞു വീശിയ ഫിയോന ചുഴലിക്കാറ്റിൽ വലഞ്ഞ് മലയാളികളും. ഏതാണ്ട് 12 മണിക്കൂറോളം വൈദ്യുതി ബന്ധം തടസ്സപ്പെട്ടുവെന്ന് ഈ പ്രദേശത്ത് താമസിക്കുന്ന മലയാളികൾ പറഞ്ഞു. അത്‍ലാന്റിക് കാനഡയുടെ ഭാഗമായ ഹാലിഫാക്‌സിലും കനത്ത നാശനഷ്ടമാണ് ഫിയാനോ വരുത്തി വച്ചത്. വാഹനങ്ങളുടെയും വീടുകളുടെയും മുകളിൽ മരങ്ങൾ കടപുഴകി വീണു, വൈദ്യുതി വിതരണം താറുമാറായി, ഗതാഗത കുരുക്ക് രൂക്ഷമായി, മൊബൈൽ ഫോൺ ബന്ധം വിഛേദിക്കപ്പെട്ടു.

പലയിടത്തും മുടങ്ങിയ വൈദ്യുത വിതരണം പുനഃസ്ഥാപിക്കാൻ ഒരാഴ്ചയെങ്കിലും വേണ്ടി വരുമെന്നാണ് അറിയുന്നത്. പത്തു വർഷത്തിന് ശേഷമാണു അത്‍ലാന്റിക് കാനഡയിൽ ഇത്രയും രൂക്ഷമായ കൊടുങ്കാറ്റു ഉണ്ടാകുന്നത്. ദിവസങ്ങൾക്കു മുൻപേ മുന്നറിയിപ്പ് ലഭിച്ചിരുന്നതിനാൽ ആളുകൾ മുൻകരുതലിനായി ഭക്ഷണവും ഇന്ധനവും കരുതിയിരുന്നു.

വാൾമാർട് അടക്കമുള്ള ഗ്രോസറി സ്റ്റോറുകളിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്. മിക്കവാറും എല്ലാ കാര്യങ്ങളുടെയും നിയന്ത്രണം വൈദ്യുതിയുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാൽ എല്ലാ പ്രവർത്തനങ്ങളെയും മോശമായി ബാധിച്ചു. മറ്റൊരു പ്രശ്നം വാഹനങ്ങൾക്കുണ്ടായ നഷ്ടമാണ്. മിക്കയാളുകളും വാഹനങ്ങൾ പുറത്താണ് പാർക്ക് ചെയ്യുന്നത്, ശക്തമായ കാറ്റിൽ മരങ്ങൾ ഒടിഞ്ഞുവീണ് വാഹനങ്ങൾക്ക് കനത്ത നാശനഷ്ടം ഉണ്ടാവുകയും ചെയ്തുവെന്ന് ഈ പ്രദേശങ്ങളിൽ താമസിക്കുന്ന മലയാളികൾ മനോരമ ഓൺലൈനോട് പറഞ്ഞു.

നോവ സ്കോട്ടയിലെ സിഡ്നിയിലും കനത്ത നാശനഷ്ടമാണ് ഫിയാനോ ഉണ്ടാക്കിയത്. മലയാളി വിദ്യാർഥികൾ ധാരാളം ഉള്ള സ്ഥലമാണ് സിഡ്‌നി. മരങ്ങൾ കടപുഴകി വീണു വൈദ്യുത വിതരണം താറുമാറായി. മൊബൈൽ ഫോൺ പ്രവർത്തനങ്ങളും താറുമാറായി. സർക്കാർ കൃത്യമായ മുന്നറിയിപ്പ് നൽകുകയും മുൻകരുതൽ എടുക്കുകയും ചെയ്തിരുന്നതിനാൽ ആളപായം ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ശക്തമായ കാറ്റിനെ തുടർന്ന് നിരവധിപേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. പലയിടത്തും മരങ്ങൾ കടപുഴകി വീണു. വീടുകൾ ഒലിച്ചു പോയി. തീരപ്രദേശത്തുള്ള ചില വീടുകൾ തകർന്നു വീഴുകയും ചെയ്തു. വൈദ്യുതിബന്ധവും തകരാറിലായെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

നോവ സ്കോട്ടയിൽ ചിലയിടങ്ങളിൽ മണ്ണിടിച്ചിലും ഉണ്ടായി. ഫിയോന നിലവിൽ പോസ്റ്റ്-ട്രോപ്പിക്കൽ ചുഴലിക്കാറ്റാണ്. മണിക്കൂറിൽ പരമാവധി 110-150 കിലോമീറ്റർ വേഗതയിലാണ് കാറ്റുവീശിയത്. ഇതിനെ കാറ്റഗറി 1 വിഭാഗത്തിലുള്ള ചുഴലിക്കാറ്റായാണ് കണക്കാക്കിയിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു.

തീരദേശത്തെ പട്ടണ പ്രദേശമായ ന്യൂഫൗണ്ട്‌ലാൻഡിലും ലാബ്രഡോറിലും കനത്ത നാശം വിതച്ചു. ഇവിടെ ചില കെട്ടിടങ്ങൾ തകർന്നു കടലിലേക്കു പതിച്ചതായും റിപ്പോർട്ടുകളുണ്ട്. മരങ്ങളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നുണ്ട്. എട്ടോളം വീടുകൾ അപ്രത്യക്ഷമായതായാണ് അനൗദ്യോഗിക റിപ്പോർട്ട്. വെള്ളത്തിൽ ഒലിച്ചു പോകാതെ പലരെയും സമയബന്ധിതമായി രക്ഷപെടുത്താൻ കഴിഞ്ഞെന്ന് അധികൃതർ അറിയിച്ചു.

നോവ സോട്ടിക, പ്രിൻസ് എഡ്വേർഡ് ദ്വീപ് തുടങ്ങിയ സ്ഥലങ്ങളിൽ ശക്തമായി വീശിയകാറ്റും മഴയും ഇവിടങ്ങളിലെ വൈദ്യുതിബന്ധം തകരാറിലാക്കി. ഇവിടെ വീശിയടിച്ച ശക്തമായ തിരമാല വീശിയടിച്ചു. ചിലയിടങ്ങളിൽ 10 ഇഞ്ചുവരെ മഴ പെയ്തു.രാത്രിയോടെ അപ്രതീക്ഷിത പ്രളയം ഉണ്ടായതായി അധികൃതർ അറിയിച്ചു.

ഇതേ തുടർന്നു പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 400000ൽ അധികം പേരാണ് വൈദ്യുതി ബന്ധം വിശ്ഛേദിക്കപ്പെട്ടതിനെ തുടർന്ന് ശനിയാഴ്ച രാത്രി ഇരുട്ടിൽ കഴിഞ്ഞത്. വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനു പ്രഥമ പരിഗണന നൽകുമെന്നും എന്നാൽ, മോശം കാലാവസ്ഥ അതിനു തടസ്സമാകുന്നുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

അത്‍ലാന്റിക് ഭാഗത്ത് തീരദേശത്തുള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു അധികൃതർ മുന്നറിയിപ്പു നൽകി. കാനഡയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ചുഴിക്കാറ്റായിരിക്കുമിതെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ തീരമായ പുന്റോ ടക്കോയിലാണ് ആദ്യം കൊടുങ്കാറ്റ് വീശിയത്. പിന്നീടു മറ്റു തീരപ്രദേശങ്ങളിലേക്കു വ്യാപിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.