1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 29, 2020

സ്വന്തം ലേഖകൻ: യുഎസിൽ സമീപ കാലത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച ലോറ ലൂസിയാനയിൽ 5 പേരുടെ ജീവനെടുത്തു. ടെക്സസിലും വന്‍ നാശം വിതച്ച ചുഴലിക്കാറ്റ് മണിക്കുറില്‍ 150 മൈല്‍ വേഗത്തിലാണ് വീശിയത്.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത് ലൂസിയാനയിലെ ലിസ്വീലെയിലാണ്. വീടിന് മുകളില്‍ മരം വീണ് പതിനാലുകാരിയാണ് മരിച്ചത്. പടിഞ്ഞാറന്‍ ലൂസിയാനയില്‍ മണ്ണിടിച്ചിലില്‍ പെട്ട നാല് പേര്‍ മരിച്ചതായും റിപ്പോര്‍ട്ട് ചെയ്തു, ഇവിടെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തേക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ചുഴലിക്കാറ്റ് മുന്നില്‍കണ്ട് നേരത്തെ അഞ്ച് ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ചുഴലിക്കാറ്റ് ഇനിയും ആഞ്ഞടിച്ചേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഭൂചലനത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

അമേരിക്കയുടെ നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷനിലെ ഹരിക്കെയ്ന്‍ ഹണ്ടറായ നിക്ക് അണ്ടര്‍വുഡ് ലോറ ചുഴലിക്കാറ്റിനുള്ളില്‍നിന്ന് പകര്‍ത്തിയ അപൂര്‍വദൃശ്യം ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തു. ചുഴലിക്കാറ്റിനുള്ളില്‍ സഞ്ചരിച്ച വിവരശേഖരണം നടത്തുന്ന വ്യോമഗവേഷണ സംഘമാണ് ഹരിക്കെയ്ന്‍ ഹണ്ടേഴ്‌സ്(hurricane hunters).

വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ലോറ ചുഴലിക്കാറ്റ് തീരം തൊട്ടത്. അതിന് ശേഷം കാറ്റഗറി 4 ചുഴലിക്കാറ്റായി മാറിയ ലോറ വന്‍നാശനഷ്ടമാണ് ലൂസിയാനയില്‍ വിതച്ചത്. നദികള്‍ കരകവിഞ്ഞ് വെള്ളപ്പൊക്കമുണ്ടായതിനെ തുടര്‍ന്ന് കെട്ടിടങ്ങള്‍ വെള്ളത്തിനടിയിലായി. മരങ്ങള്‍ കടപുഴകി.

ചുഴലിക്കാറ്റിന്റെ മധ്യഭാഗത്തായാണ് നിക്കും സംഘവും സഞ്ചരിച്ച വിമാനം പ്രവേശിച്ചത്. കാറ്റിന്റെ ഉള്‍ഭാഗം താരതമ്യേന ശാന്തമായിരിക്കും. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ക്കാവശ്യമായ നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കാനാണ് ഇത്തരത്തിലുള്ള സഞ്ചാരങ്ങള്‍ നടത്തുന്നത്.

‘അഞ്ച് തവണ ഇന്ന് ലോറ ചുഴലിക്കാറ്റിനുള്ളിലൂടെ സഞ്ചരിച്ചു. ഞങ്ങളുടെ രണ്ടാമത്തെയും മൂന്നാമത്തെയും പ്രയാണങ്ങള്‍ക്കിടയിലുള്ള സമയമാണിത്. ചുഴലിക്കാറ്റിന്റെ ഉള്ളിലേക്കും പുറത്തേക്കുമുള്ള യാത്രയെ പെനിട്രേഷന്‍(penetration)അഥവാ പെനി(penny) എന്നാണ് വിളിക്കുന്നത്. എന്റെ ഔദ്യോഗിക ജീവിതത്തിനിടയില്‍ ഇന്നത്തെ അഞ്ചെണ്ണം കൂടിയാകുമ്പോള്‍ 61 പെനികള്‍ പൂര്‍ത്തിയാകും’. ഒരു വീഡിയോയ്‌ക്കൊപ്പം നിക്ക് കുറിച്ചു.

മധ്യഭാഗം ശാന്തമാണെങ്കിലും ചുറ്റും ശക്തമായ തരംഗങ്ങളുണ്ടാവുന്നത് നമുക്ക് വീഡിയോയില്‍ കാണാന്‍ സാധിക്കും. ചുഴലിക്കാറ്റിന്റെ തീവ്രത മനസിലാക്കാന്‍ സഹായകമായ നിക്കിന്റെ വീഡിയോകളോട് നിരവധി പേര്‍ പ്രതികരിച്ചു. ഈ അപൂര്‍വകാഴ്ച പങ്കുവെച്ചതിന് പലരും നന്ദി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.