1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2022

സ്വന്തം ലേഖകൻ: ഹൈദരാബാദിൽ മൃഗഡോക്ടറെ കൂട്ടബലാത്സംഗം ചെയ്തു കൊന്ന കേസിലെ നാലു പ്രതികളെ ഏറ്റുമുട്ടലിൽ കൊന്നത് മനഃപൂർവമാണെന്ന് സുപ്രീം കോടതി നിയോഗിച്ച അന്വേഷണ കമ്മീഷൻ. പ്രതികളെ കൊല്ലണമെന്ന് കരുതി ഇവർക്ക് നേരെ ഹൈദരാബാദ് പൊലീസ് മനഃപൂർവം വെടിയുതിർത്തതാണെന്നാണ് കമ്മീഷൻ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.

വ്യാജ ഏറ്റമുട്ടലിൽ മരിച്ച നാലു പ്രതികളിൽ മൂന്നുപേർ പ്രായപൂർത്തിയാകാത്തവരാണ്. ബലാത്സംഗക്കേസ് വേണ്ട വിധം അന്വേഷിക്കുന്നില്ലെന്നതിന് വ്യക്തമായ തെളിവുകളുണ്ട്. പ്രതികളുടെ മരണം ഉറപ്പുവരുത്തുന്നതുവരെ വെടിയുതിർത്തു. 2019 നവംബറിൽ മൃഗഡോക്ടറായ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലാണ് മുഹമ്മദ് ആരിഫ് ഉൾപ്പെടെ നാലു പ്രതികളെയും അറസ്റ്റ് ചെയ്തത്.

പ്രതികളെ തെളിവെടുപ്പിനായി സംഭവ സ്ഥലത്ത് എത്തിച്ച പൊലീസ് അവിടെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുകയായിരുന്നു. പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് വെടിവെച്ചതെന്നായിരുന്നു പൊലീസ് വാദം.

മൂന്നംഗ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സീൽ വെച്ച കവറിൽ സമർപ്പിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. വിഷയം തുടർ നടപടികൾക്കായി തെലങ്കാന ഹൈകോടതിക്ക് കൈമാറുമെന്നും സുപ്രീം കോടതി അറിയിച്ചു.

റിപ്പോർട്ട് സീൽ വെച്ച കവറിൽ തന്നെ സൂക്ഷിക്കണമെന്ന മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാന്റെ അഭ്യർഥന കോടതി അംഗീകരിച്ചില്ല. ഇത് ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട റിപ്പോർട്ടാണ്. ഇതിൽ ഇവിടെ സൂക്ഷിക്കാൻ ഒന്നുമില്ല. കമ്മിഷൻ ചില തെറ്റുകൾ കണ്ടെത്തി. ആ വിഷയം ഹൈകോടതിക്ക് കൈമാറണമെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസ് സൂര്യ കാന്ത്, ഹിമ കോഹ്‍ലി എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.

മുൻ സുപ്രീം കോടതി ജഡ്ജി വി.എസ് സിർപുർകറിന്റെ നേതൃത്വത്തിലുള്ള കമ്മീഷൻ 2019 ഡിസംബർ 12നാണ് രൂപീകരിച്ചത്. മൂന്നു തവണ കമ്മീഷന്റെ കാലാവധി നീട്ടിക്കൊടുത്ത ശേഷമാണ് അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.