1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 21, 2019

സ്വന്തം ലേഖകൻ: ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസിലെ കുറ്റാരോപിതരെ പൊലീസ് വെടിവച്ചുകൊന്ന സംഭവത്തിൽ വീണ്ടും ഹൈക്കോടതി ഇടപെടൽ. നാലുപേരുടെയും മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യണമെ ന്ന് തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടു.

23ന് റീ പോസ്റ്റ്‌മോർട്ടം നടത്തണമെന്നാണ് ഉത്തരവ്. ഇതുസംബന്ധിച്ച നിർദേശം തെലങ്കാന ആരോഗ്യകാര്യ പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് ഹൈക്കോടതി നൽകിയത്. ഡൽഹി എയിംസിൽനിന്നുള്ള മൂന്ന് ഫോറൻസിക് വിദഗ്ധരടങ്ങുന്ന സംഘത്തെ റീ പോസ്റ്റ്‌മോർട്ടത്തിനായി എത്തിക്കണമെന്ന് ഉത്തരവിൽ പറയുന്നു.

വ്യാജ ഏറ്റുമുട്ടലാണെന്ന വാദം ശക്തമായി നലനിൽക്കുന്ന സാഹചര്യത്തിൽ പ്രതികളുടെ മൃതദേഹം സംസ്കരിച്ചിരുന്നില്ല. നിലവിൽ ഗാന്ധി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച റീ പോസ്റ്റ്മോർട്ടം ചെയ്യും. പ്രതികളുടെ മൃതദേഹം സംസ്കരിക്കുന്നത് ഹൈക്കോടതി തന്നെയാണ് നേരത്തെ തടഞ്ഞതും.

കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് 20 നും 24 നും ഇടയിൽ പ്രായമുള്ള നാലു പേരെ നവംബർ 29 നാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട ഇവരെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണ് വെടിവച്ചുകൊന്നത്. ഡിസംബർ ആറിനായിരുന്നു സംഭവം.

ഏറ്റുമുട്ടൽ കൊലപാതകത്തിൽ നേരത്തെ ജുഡീഷ്യൽ അന്വേഷണത്തിന് മൂന്നംഗ കമ്മിഷനെ സുപ്രീം കോടതി നിയോഗിച്ചിരുന്നു. മുൻ സുപ്രീം കോടതി ജഡ്ജി വി.എസ് സിർപുർകറുടെ നേതൃത്വത്തിലുള്ള കമ്മിഷന് ആറ് മാസത്തെ സമയമാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നൽകിയിരിക്കുന്നത്.

ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് രേഖ ബല്‍ദോത്ത, മുന്‍ സിബിഐ ഡയറക്ടര്‍ കാര്‍ത്തികേയന്‍ എന്നിവരാണ് കമ്മിഷനിലെ മറ്റ് അംഗങ്ങള്‍. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ദെ അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.