1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 13, 2015

സ്വന്തം ലേഖകന്‍: സിംബാബ്‌വെയുടെ ഔദ്യോഗിക കറന്‍സിയായ സിംബാബ്‌വെ ഡോളറിന് മരണ മണി. അത്യധികമായ പണപ്പെരുപ്പത്തില്‍ (ഹൈപര്‍ ഇന്‍ഫ്‌ളേഷന്‍) തകര്‍ന്ന സിംബാബ്‌വെ ഡോളര്‍ പൂര്‍ണമായും ഉപേക്ഷിക്കുന്നതിന്റെ ഭാഗമായി പഴയ കറന്‍സി അമേരിക്കന്‍ ഡോളറാക്കി മാറ്റാന്‍ അവസരം നല്‍കിയിരിക്കുകയാണ് റോബര്‍ട്ട് മുഗാബെ സര്‍ക്കാര്‍.

അടുത്ത ആഴ്ച മുതല്‍ സിംബാബ്‌വെക്കാര്‍ക്ക് തങ്ങളുടെ കൈയിലും ബാങ്ക് അക്കൗണ്ടിലുമായി അവശേഷിക്കുന്ന പഴയ സിംബാബ്‌വെ ഡോളര്‍ അമേരിക്കന്‍ ഡോളറാക്കി മാറ്റാം. പക്ഷേ, ഒരു അമേരിക്കന്‍ ഡോളര്‍ കിട്ടണമെങ്കില്‍ 35,000 ലക്ഷം കോടി സിംബാബ്‌വെ ഡോളര്‍ നല്‍കണമെന്ന് മാത്രം.

2008 ല്‍ 50,000 കോടി ശതമാനം വരെയായി പണപ്പെരുപ്പം ഉയര്‍ന്നതോടെ മൂല്യം നഷ്ടപ്പെട്ട സിംബാബ്‌വെ ഡോളര്‍ ഏറക്കുറെ ഉപയോഗശൂന്യമായിരുന്നു. റൊട്ടിയും പാലും പോലെ അത്യാവശ്യം ഭക്ഷ്യവസ്തുക്കള്‍ കിട്ടണമെങ്കില്‍പോലും ചാക്കുകണക്കിന് കറന്‍സി കൈമാറ്റം ചെയ്യേണ്ട അസ്ഥയില്‍ എത്തിയതോടെ സര്‍ക്കാര്‍ അമേരിക്കന്‍ ഡോളറും സൗത്ത് ആഫ്രിക്കന്‍ റാന്‍ഡും ഉള്‍പ്പെടെ വിദേശ കറന്‍സികള്‍ ഔദ്യോഗികമായി സ്വീകരിച്ചു തുടങ്ങി.

2009 മാര്‍ച്ചിനു മുമ്പ് സിംബാബ്‌വെ ഡോളര്‍ അക്കൗണ്ടുകള്‍ ഉണ്ടായിരുന്നവര്‍ക്ക് തങ്ങളുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന പണം അടുത്തയാഴ്ച മുതല്‍ അമേരിക്കന്‍ ഡോളറാക്കി മാറ്റാമെന്ന് സിംബാബ്വെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ജോണ്‍ മാന്‍ഗുഡ്യ പ്രസ്താവനയില്‍ അറിയിച്ചു.

ഇതോടെ പ്രാദേശിക കറന്‍സി പൂര്‍ണമായും ഉപയോഗശൂന്യമാവും. കഴിഞ്ഞ സെപ്റ്റംബര്‍വരെ ചെറിയ തോതിലെങ്കിലും ഇതിന്റെ കൈമാറ്റം നടന്നിരുന്നു. അതിനുശേഷം വിദേശ ടൂറിസ്റ്റുകള്‍ക്ക് കൗതുക വസ്തുവായി വില്‍ക്കാനാണ് ഇത് പലരും ഉപയോഗിക്കുന്നത്.

ബാങ്ക് അക്കൗണ്ടില്‍ 1,75,000 ലക്ഷം കോടി വരെയുള്ളവര്‍ക്ക് അതിന് പകരം അഞ്ച് ഡോളര്‍ ലഭിക്കും. അതിനു മുകളില്‍ നിക്ഷേപമുള്ളവര്‍ക്ക് 35,000 ലക്ഷം കോടിക്ക് ഒരു അമേരിക്കന്‍ ഡോളര്‍ എന്ന നിലയിലാവും ലഭിക്കുക. അക്കൗണ്ടിലല്ലാതെ കൈയില്‍ സൂക്ഷിച്ചിട്ടുള്ളവര്‍ക്ക് കറന്‍സി ബാങ്കിലത്തെിച്ചാല്‍ 2.5 കോടി ലക്ഷം കോടി പ്രാദേശിക ഡോളറിന് ഒരു അമേരിക്കന്‍ ഡോളര്‍ എന്ന നിരക്കില്‍ കൈമാറ്റം ചെയ്യാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.