സ്വന്തം ലേഖകന്‍: ‘ഒട്ടും സുരക്ഷിതത്വം തോന്നുന്നില്ല; ഞാന്‍ ട്വിറ്റര്‍ ഉപേക്ഷിക്കുകയാണ്,’ ഖഷോഗ്ഗി വധത്തിനു പിന്നാലെ സൗദി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് മനുഷ്യാവകാശ പ്രവര്‍ത്തക മനാല്‍ അല്‍ ഷരീഫ്. ട്വിറ്ററും ഫേസ്ബുക്കും ഉപേക്ഷിക്കുകയാണെന്ന് വ്യക്തമാക്കിയ സൗദി ആക്ടിവിസ്റ്റ് മനാല്‍ അല്‍ ഷരീഫ് സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതിക്കുവേണ്ടി കാമ്പെയ്ന്‍ നടത്തിയതിലൂടെ ശ്രദ്ധനേടിയ ആളും സമൂഹ മാധ്യമങ്ങളില്‍ വലിയ പിന്തുണയുള്ള വ്യക്തിയുമാണ്.
വെള്ളിയാഴ്ച സ്റ്റോക്ക്‌ഹോമില്‍ ഒരു പൊതുപരിപാടിയ്ക്കിടെ സ്റ്റേജില്‍ നിന്നും മനാല്‍ അവരുടെ ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തു. പിന്നീട് യൂട്യൂബിലൂടെ ഇതിന് വിശദീകരണവുമായി മനാല്‍ രംഗത്തുവരികയും ചെയ്തിരുന്നു. സര്‍ക്കാര്‍ അനുകൂല ആള്‍ക്കൂട്ടവും ട്രോളുകളുമാണ് ട്വിറ്റര്‍ നിയന്ത്രിക്കുന്നതെന്നാണ് താന്‍ വിശ്വസിക്കുന്നത്. ഭിന്നാഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നവരെ നിശബ്ദരാക്കാനും അവഹേളിക്കാനും സര്‍ക്കാര്‍ അനുകൂലികള്‍ അവര്‍ക്ക് ശമ്പളം നല്‍കുകയാണെന്നും അവര്‍ പറഞ്ഞു.
പ്രമുഖ സൗദി മാധ്യമപ്രവര്‍ത്തകനും സോഷ്യല്‍ മീഡിയയിലൂടെ സൗദി ഭരണകൂടത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ ഭീഷണികള്‍ നേരിടേണ്ടിവന്നയാളുമായ ജമാല്‍ ഖഷോഗ്ജി കൊല്ലപ്പെട്ട സാഹചര്യത്തിലാണ് മനാല്‍ ഇത്തരമൊരു പ്രസ്താവനയുമായി രംഗത്തുവന്നിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടും ഡിലീറ്റ് ചെയ്യുന്നതായി അവര്‍ അറിയിച്ചിട്ടുണ്ട്. സുരക്ഷിതമല്ലെന്ന തോന്നലുകൊണ്ടാണ് ഇതൊക്കെ ചെയ്യുന്നതെന്ന പറഞ്ഞ അവര്‍ തന്റെ നിലപാടിനോടു യോജിക്കുന്നവര്‍ക്ക് സത്യത്തിനുവേണ്ടി നിലകൊള്ളുന്ന ഒരു വികേന്ദ്രീകൃത സോഷ്യല്‍ നെറ്റുവര്‍ക്കിങ് പ്ലാറ്റ്‌ഫോം രൂപീകരിക്കാമെന്നും കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല