1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 21, 2021

സ്വന്തം ലേഖകൻ: ഭാരത് ബയോടെക് നിർമ്മിച്ച കോവിഡ് വാക്സിനായ കോവാക്സിൻ ഇരട്ട വ്യതിയാനം സംഭവിച്ച കോവിഡ് വെെറസിനെ(B.1617) ഫലപ്രദമായി നിർവീര്യമാക്കുമെന്ന് ഐ.സി.എം.ആർ. അറിയിച്ചു. കോവിഡിന്റെ രണ്ടാം തരം​ഗത്തെക്കുറിച്ച് പൊതുജനങ്ങൾക്കുള്ള ആശങ്ക കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് ഐ.സി.എം.ആർ. എപ്പിഡെമോളജി ആൻഡ് കമ്മ്യൂണിക്കബിൾ ഡിസീസസ് ഡിവിഷൻ ചീഫ് ഡോ. സമിരൻ പാണ്ഡെ അറിയിച്ചു.

ഇരട്ട വ്യതിയാനം വന്ന വെെറസിനെക്കൂടാതെ മറ്റ് വ്യതിയാനങ്ങളെയും നിർവീര്യമാക്കാൻ കോവാക്സിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. E484Q, L452R എന്നീ ഇരട്ട ജനിതകവ്യതിയാനങ്ങൾ സംഭവിച്ച സ്ട്രെയിനിനെ ഐ.സി.എം.ആർ.- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെെറോളജിയിലെ ശാസ്ത്രജ്ഞർ‍ വേർതിരിച്ചെടുത്ത് കൾച്ചർ ചെയ്തിരുന്നു.

ഇതു കൂടാതെ സാർസ് കോവ് 2 വെെറസിന്റെ യു.കെ. വകഭേദം(B.1.1.7), ബ്രസീൽ വകഭേദം(B.1.1.28.2), ദക്ഷിണാഫ്രിക്കൻ വകഭേദം (B.1.351) എന്നിവയെയും ഇത്തരത്തിൽ വേർതിരിച്ചെടുത്തിരുന്നു.

കോവിഡ് രണ്ടാംതരംഗത്തിൽ രോഗം കൂടുതലും ചെറുപ്പക്കാരിലാണെന്ന വിലയിരുത്തൽ ശരിയല്ലെന്ന് ഐ.സി.എം.ആർ. ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറഞ്ഞു. ചെറുപ്പക്കാരായ രോഗികളുടെ എണ്ണത്തിൽ നേരിയ വർധനയേ ഉണ്ടായിട്ടുള്ളൂ. ആദ്യതരംഗത്തിൽ രോഗികളുടെ ശരാശരി പ്രായം 50 ആയിരുന്നു. ഇപ്പോഴത് 49 ആണ്. പ്രായമേറിയവർക്കുതന്നെയാണ് ഇപ്പോഴും രോഗ സാധ്യത കൂടുതൽ.

അതേസമയം, ഇരട്ട ജനിതകമാറ്റമുണ്ടായ വൈറസിന്റെ വ്യാപനം എത്രത്തോളമുണ്ടെന്ന് കണക്കാക്കാൻ സാധിച്ചിട്ടില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിലുണ്ടായ വീഴ്ചയും പൊതുവിലുള്ള ശ്രദ്ധക്കുറവുമാണ് രണ്ടാംതരംഗത്തിന് മുഖ്യകാരണമെന്ന് ഭാർഗവ അഭിപ്രായപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.