1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 30, 2018

സ്വന്തം ലേഖകന്‍: ഇടുക്കി ഡാമില്‍ ജലനിരപ്പ് 2394.64 അടി; ഷട്ടറുകള്‍ ഉയര്‍ത്താനുള്ള നടപടികള്‍ തുടങ്ങി; പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് നോട്ടീസ് നല്‍കും. തിങ്കളാഴ്ച രാവിലെ 2394.64 അടിയായി ജലനിരപ്പ് ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ‘ഓറഞ്ച് അലര്‍ട്ട്’ പ്രഖ്യാപിക്കാന്‍ ഇനി വെറും 0.36 അടി മാത്രം മതി. ജലനിരപ്പ് 2395 അടിയിലെത്തിയാലുടന്‍ കെഎസ്ഇബി അതിജാഗ്രതാ നിര്‍ദേശം (ഓറഞ്ച് അലര്‍ട്ട്) പുറപ്പെടുവിക്കും.

ജലനിരപ്പ് 2399 അടിയാകുമ്പോള്‍ അതീവജാഗ്രതാ നിര്‍ദേശം (റെഡ് അലര്‍ട്ട്) നല്‍കും. പെരിയാറിന്റെ തീരത്ത്, അപകടമേഖലയില്‍ താമസിക്കുന്ന ജനങ്ങളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിപ്പാര്‍പ്പിക്കുന്നത് ഈ ഘട്ടത്തിലാണ്. മൈക്കിലൂടെയും നേരിട്ടുമാണ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കുക. തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്താനാണു തീരുമാനം.

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് നോട്ടീസ് നല്‍കും. 12 ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഷട്ടര്‍ തുറക്കും മുമ്പ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാനും ഇടുക്കി ജില്ലയിലെ ജനപ്രതിനിധികളുടെ യോഗത്തില്‍ തീരുമാനമായിരുന്നു.

നാല്‍പത് സെന്റിമീറ്ററാകും ഷട്ടറുകള്‍ തുറക്കുക. അണക്കെട്ട് തുറക്കുന്നത് കാണാന്‍ വരുന്നവരെ നിയന്ത്രിക്കും. തീരത്തെ വലിയ മരങ്ങള്‍ മുറിച്ച് മാറ്റും. ചെറുപാലങ്ങളിലെ ഗതാഗതം നിയന്ത്രിക്കാനും യോഗത്തില്‍ തീരുമാനിച്ചു. അതേസമയം, ഡാം തുറന്നാല്‍ കര്‍ശന സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ഇടുക്കി ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കി.

നദീതീരത്തോ പാലങ്ങളിലോ ആളുകള്‍ കൂടി നില്‍ക്കുന്നത് തടയണം. നദീതീരത്തിന് 100 മീറ്റര്‍ പരിധിയില്‍ ആരെയും പോകാന്‍ അനുവദിക്കരുത്. വെള്ളം പൊങ്ങുമ്പോള്‍ സെല്‍ഫിയും ഫോട്ടോയും എടുക്കാന്‍ അനുവദിക്കരുതെന്നും അതോറിറ്റി നിര്‍ദേശിച്ചു. ഇത്തരം ശ്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും നിര്‍ദേശം നല്‍കി.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.