1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2018

സ്വന്തം ലേഖകന്‍: ഇടുക്കിയില്‍ ജലനിരപ്പ് 2397 അടിയിലേക്ക്; ന്യൂനമര്‍ദ്ദം; മഴ തുടരും; കനത്ത നാശനഷ്ടങ്ങള്‍; പ്രത്യേക ദുരിതാശ്വാസ പാക്കേജ് വേണമെന്ന് കേരളം. ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് 2397 അടിയിലേക്കു താഴുന്നു. നിലവില്‍ 2397.94 അടിയാണ് ജലനിരപ്പ്. മഴ ശക്തി പ്രാപിക്കുന്നതിനാല്‍ ഷട്ടറുകളിലൂടെ ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറക്കേണ്ടെന്നാണു കെഎസ്ഇബിയുടെ തീരുമാനം. ചെറുതോണി പുഴ പാലത്തിന് മുകളിലൂടെ നിറഞ്ഞൊഴുകുകയാണ്.

അടിയന്തര സാഹചര്യം നേരിടാന്‍ ദുരന്തനിവാരണ സേന, പൊലീസ്, അഗ്‌നിശമന സേന തുടങ്ങി സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം സര്‍വസജ്ജരായി രംഗത്തുണ്ട്. ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ അടക്കുന്നതില്‍ തീരുമാനം രണ്ട് ദിവസത്തിന് ശേഷമെന്ന് മന്ത്രി എം.എം.മണി പറഞ്ഞു. മഴ തുടരുന്നതിനാല്‍ രണ്ട് ദിവസം കൂടി ജലനിരപ്പ് നിരീക്ഷിക്കും. അതിനുശേഷം കെഎസ്ഇബി സര്‍ക്കാരിനെ തീരുമാനം അറിയിക്കും. അന്തിമ തീരുമാനം സര്‍ക്കാരിന്റേതാണെന്നും മന്ത്രി എം.എം.മണി പറഞ്ഞു. വീടും കൃഷിയും നശിച്ചവര്‍ക്ക് ഉടന്‍ സഹായം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടുക്കി–ചെറുതോണി അണക്കെട്ടില്‍ നിന്ന് ജലം ഒഴുക്കിവിട്ടതോടെ ചെറുതോണി പാലം നാലു ദിവസമായി വെള്ളത്തിനടിയിലാണ്. മഴ ശക്തി പ്രാപിക്കുന്നതിനാല്‍ ഷട്ടറുകളിലൂടെ ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറക്കേണ്ടെന്നാണ് കെഎസ്ഇബിയുടെ തീരുമാനം. അതേസമയം മലമ്പുഴ അണക്കെട്ടിന്റെ 4 ഷട്ടറുകളും 9 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തും. വയനാട്ടിലെ ബാണാസുര അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ ലഭിച്ച സാഹചര്യത്തിലാണ് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയത്.

ഇടമലയാല്‍ അണക്കെട്ടിന്റെ നാലു ഷട്ടറുകളും തുറന്നിരിക്കുകയാണ്. ഒരു മീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. 385.28 ക്യുമെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. പുലര്‍ച്ചെ അഞ്ച് മണിക്ക് 168.84 മീറ്ററാണ് ജലനിരപ്പ്. സംസ്ഥാനത്തിന് ദുരന്തനിവാരണ പാക്കേജ് വേണമെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍. ദുരന്തനിവാരണത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുക പര്യാപ്തമാവില്ല. കൂടുതല്‍ തുക അനുവദിക്കുമെന്നാണ് പ്രതീക്ഷ. അനുവദിച്ച തുക കൊണ്ട് അത്യാവശ്യ കാര്യങ്ങള്‍ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിന് അടിയന്തര സഹായമായി 100 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. കൂടുതല്‍ തുക അനുവദിക്കുമെന്നും കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു. കേരളത്തിലെ മഴക്കെടുതി ഗുരുതരമാണ്. കേന്ദ്രത്തിന്റെ എല്ലാ സഹായവും കേരളത്തിനു വാഗ്ദാനം ചെയ്യുകയാണ്. കേന്ദ്ര– സംസ്ഥാന സര്‍ക്കാരുകള്‍ പ്രശ്‌നത്തെ ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ദുരന്തബാധിതര്‍ക്കൊപ്പം സര്‍ക്കാരുണ്ടെന്ന് കേന്ദ്രമന്ത്രിയോടൊപ്പം പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വെള്ളക്കെട്ട് നേരിട്ടതുപോലെ വെള്ളം ഇറങ്ങിയ ശേഷമുള്ള ദുരിതങ്ങളും പരിഹരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം കാലവര്‍ഷം വീണ്ടും സജീവമാകാന്‍ സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നതിനാലാണ് ഇതെന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തീവ്ര മഴയ്ക്കു സാധ്യതയില്ലെങ്കിലും ഇടവിട്ടു മഴ ലഭിക്കും. ചൊവ്വാഴ്ച കേരളത്തിന്റെ മലയോരത്തു മഴ വീണ്ടും സജീവമാകുമെന്ന് സ്വകാര്യ കാലാവസ്ഥാ ഏജന്‍സിയായ സ്‌കൈമെറ്റ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.