1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 11, 2015

മെഡിറ്ററേനിയന്‍ കടലില്‍ മോട്ടോര്‍ ബോട്ടുകള്‍ മുങ്ങി നൂറു കണക്കിന് ആളുകള്‍ മരിക്കുന്നത് പതിവ് വാര്‍ത്തയാകുന്നുണ്. കഴിഞ്ഞ ദിവസവും അത്തരത്തിലൊരു സംഭവം നടന്നിട്ടുണ്ടെന്ന് യൂണൈറ്റഡ് നേഷന്‍സ് ഹൈക്കമ്മീഷന്‍ ഫോര്‍ റെഫ്യൂജീസിനെ ഉദ്ധരിച്ച് എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇറ്റാലിയന്‍ കോസ്റ്റ് ഗാര്‍ഡ് റിപ്പോര്‍ട്ട് ചെയ്ത 29ന് പുറമെയാണ് ഇപ്പോള്‍ മൂന്ന് ബോട്ടുകള്‍ മുങ്ങി 203 പേര്‍ മരിച്ചിരിക്കുന്നത്.

ലിബിയയില്‍ നിന്നും മറ്റും യൂറോപ്പിലേക്ക് അഭയം തേടി എത്തുന്ന അനധികൃത കുടിയേറ്റക്കാരാണ് ഇവര്‍. യുകെ ഉള്‍പ്പെടെ യൂറോപ്യന്‍ രാജ്യങ്ങളുടെ തീരങ്ങളിലും അതിര്‍ത്തികളിലും ശക്തമായ നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും മെഡിറ്ററേനിയന്‍ കടല്‍ വഴിയായി യൂറോപ്പിനെ ലക്ഷ്യമാക്കി കുടിയേറ്റക്കാര്‍ എത്തുന്നത് പതിവാണ്.

നൂറു കണക്കിന് ആളുകളാണ് ഇത്തരത്തില്‍ സാഹസികമായ യാത്രകള്‍ക്കൊടുവില്‍ അപകടത്തില്‍പ്പെടുന്നത്. ആള്‍ക്കാരെ കുത്തിനിറച്ച് വരുന്ന റബര്‍ ബോട്ടുകളില്‍ യാതൊരു വിധത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും ഉണ്ടാകാറില്ല. അതുകൊണ്ട് തന്നെ അപകടങ്ങള്‍ സംഭവിച്ചാല്‍ രക്ഷാപ്രവര്‍ത്തകരുടെ സഹായമില്ലാതെ ജീവന്‍ രക്ഷപ്പെടുക പ്രയാസമാകും. മിക്ക അപകടങ്ങളും നടക്കുന്നത് രാത്രി സമയത്തായതിനാല്‍ ഇതിനും സാധ്യത കുറവാണ്.

ഏറ്റവും ഒടുവിലായി അപകടത്തില്‍പ്പെട്ട ബോട്ടില്‍ നിന്ന് നാല് പേരെ മാത്രമെ രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടുള്ളു. വെസ്റ്റ് ആഫ്രിക്കയില്‍നിന്നുള്ള നാല് പേരെയാണ് രക്ഷപ്പെടുത്തിയതെന്നാണ് ലഭിക്കുന്ന സൂചനകള്‍. യാതൊരു രേഖകളുമില്ലാതെയാകും അനധികൃത കുടിയേറ്റക്കാര്‍ എത്തുന്നത്. അപകടം നടന്നാല്‍ ഇവരെ തിരിച്ചറിയുന്നതും പൊലീസിനെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മൂന്ന് അല്ല നാല് ബോട്ടുകള്‍ ഉണ്ടായിരുന്നെന്നാണ്. എന്നാല്‍ ഇതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ല. അപകട വാര്‍ത്ത പുറത്ത് അറിഞ്ഞതോടെ യൂറോപ്യന്‍ യൂണിയന് എതിരെ വിമര്‍ശനം ശക്തമായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനങ്ങളെ യുഎന്‍എച്ച്‌സിആര്‍ നിശിതമായി വിമര്‍ശിച്ചു. 2013ല്‍ 360 കുടിയേറ്റക്കാര്‍ കൊല്ലപ്പെട്ടതിന് ശേഷമാണ് യൂറോപ്യന്‍ യൂണിയന്റെ നേതൃത്വത്തില്‍ നിരീക്ഷണവും രക്ഷാപ്രവര്‍ത്തന സംവിധാനങ്ങളും മറ്റും ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇത് കാര്യക്ഷമമായി നടപ്പാക്കി അപകടത്തില്‍പ്പെടുന്നവരെ രക്ഷപ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന് സാധിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.