
സ്വന്തം ലേഖകൻ: ജനുവരി ആറിനു നടന്ന കാപിറ്റല്‍ കലാപത്തിൽ ശിക്ഷിക്കപ്പെട്ടില്ലെങ്കിൽ യു.എസ് മുൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് വീണ്ടും കുറ്റം ആവർത്തിക്കുമെന്ന് സെനറ്റിൽ ഡെമോക്രാറ്റിക് അംഗങ്ങളുടെ മുന്നറിയിപ്പ്. ഭാവിയിൽ ഒരു പ്രസിഡൻറു പോലും ഇത്തരത്തിലൊരു കലാപത്തിലേക്ക് ജനങ്ങളെ തള്ളിവിടുകയില്ലെന്ന് ഉറപ്പിക്കുന്ന തരത്തിലാകണം ട്രംപിന് ശിക്ഷ വിധിക്കേണ്ടതെന്ന് ഹൗസ് പ്രോസിക്യൂട്ടർ ജോ നെഗൂസ് ആവശ്യപ്പെട്ടു.
ട്രംപ് ഏതെങ്കിലും ഒരു വ്യക്തിയായിരുന്നില്ലെന്നും പ്രസിഡൻറ് എന്ന നിലയിലാണ് അക്രമത്തിനു സജ്ജരായ അനുയായികളെ അഭിസംബോധന ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടാം ഇംപീച്ച്‌മെൻറ് നടപടികളില്‍ ഡമോക്രാറ്റുകള്‍ വാദം പൂര്‍ത്തിയാക്കി. കലാപകാരികളുടെ തന്നെ വാക്കുകള്‍ ഉദ്ധരിച്ചാണ് ട്രംപിെൻറ ബന്ധം ഇംപീച്ച്‌മെൻറ് പ്രോസിക്യൂട്ടര്‍മാര്‍ അവതരിപ്പിച്ചത്.
പൊലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍, വിദേശ മാധ്യമങ്ങള്‍ എന്നിവരില്‍നിന്നുള്ള വിവരങ്ങളും െഡമോക്രാറ്റുകള്‍ ഹാജരാക്കി. നവംബറിലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായി തെൻറ ആവിഷ്കാര സ്വാതന്ത്ര്യമുപയോഗിച്ച് അഭിപ്രായ പ്രകടനം നടത്തുക മാത്രമാണ് ട്രംപ് ചെയ്തതെന്നാണ് ട്രം പിൻ്റെ അഭിഭാഷകർ ഈ വാദത്തെ പ്രതിരോധിച്ചത്.
ക്രമസമാധാന ചുമതലയുള്ള പ്രസിഡന്റായിരുന്നു അദ്ദേഹമെന്നും കാപിറ്റൽ മന്ദിരത്തില്‍ ജനുവരി ആറിനു നടന്ന അക്രമങ്ങൾ അദ്ദേഹത്തിന്റെ പ്രസംഗം കാരണമല്ലെന്നും അഭിഭാഷകർ വാദിച്ചു. ഇംപീച്മെന്റ് രാഷ്ട്രീയ പ്രേരിതമാണെന്നും കേസ് തെളിയിക്കാൻ ആവശ്യമായ തെളിവുകൾ ഇല്ലെന്നും ട്രംപിന്റെ അഭിഭാഷകൻ ബ്രൂസ് കാസ്റ്റർ സെനറ്റിൽ പറഞ്ഞു.
“ഒരു രാഷ്ട്രീയ എതിരാളിയെ ഇല്ലാതാക്കാനുള്ള നീക്കമാണിത്. വോട്ടർമാരുടെ ആഗ്രഹമാണെന്ന തരത്തിൽ അവരുടെ വിധിയെ അവതരിപ്പിക്കുന്നു. ട്രംപ് വിപ്ലവത്തിന് ആഹ്വാനം ചെയ്തുവെന്നാണ് പറയുന്നത്. എന്നാൽ വിപ്ലവം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാണ്. ജനുവരി 6ലെ അക്രമം തീർച്ചയായും മുൻകൂട്ടി നിശ്ചയിച്ചതാണ്. ഇതു ഡോണൾഡ് ട്രംപിന്റെ പ്രസംഗത്തെത്തുടർന്നാണെന്ന് ആരെങ്കിലും കരുതുമോ?“ കാസ്റ്റർ ചോദിച്ചു.
നാലു മണിക്കൂറോളമെടുത്താണ് ട്രംപിന്റെ അഭിഭാഷകർ പ്രതിവാദം അവതരിപ്പിച്ചത്. ഇതിനുപിന്നാലെ ഇംപീച്മെന്റ് വിചാരണയുടെ ജൂറി ആയിരിക്കുന്ന സെനറ്റർ ഇരു വിഭാഗത്തോടും ചോദ്യങ്ങൾ ചോദിച്ചു. ഇരുവിഭാഗത്തിൽനിന്നും അന്തിമവാദം കേട്ടശേഷം 100 അംഗ സെനറ്റ് വോട്ടെടുപ്പിലൂടെ വിധി പ്രസ്താവിക്കും. ട്രംപിനെ ഇംപീച്ച് ചെയ്യണമെങ്കിൽ സെനറ്റിൽ 67 വോട്ടുകൾ വേണം. ഇരു കൂട്ടർക്കും തുല്യ അംഗബലമാണ് സെനറ്റിൽ. അതിൽ 17 റിപ്പബ്ലിക്കൻമാരുടെ പിന്തുണ കൂടിയുണ്ടെങ്കിലേ ഇംപീച്മെന്റ് വിജയിക്കൂ.
അതിനിടെ യുഎസിൽ വാക്‌സീനേഷന്‍ പദ്ധതികള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ പേര്‍ക്ക് ഇന്നു മുതല്‍ വാക്‌സീന്‍ ലഭ്യമാക്കും. മരുന്ന് കടകള്‍ക്കും ഗ്രോസറി ഷോപ്പുകള്‍ക്കും ഫാര്‍മസികള്‍ക്കും നേരിട്ട് ഡോസുകള്‍ എത്തിക്കുന്ന ഒരു ഫെഡറല്‍ പ്രോഗ്രാം ഇന്ന് ആരംഭിക്കും. ഇതോടെ വെള്ളിയാഴ്ച മുതല്‍ കൂടുതല്‍ വാക്‌സീന്‍ ഷോട്ടുകള്‍ അമേരിക്കക്കാര്‍ക്ക് ലഭ്യമാകും.
പദ്ധതി പ്രകാരം 6,500 റീട്ടെയില്‍ ഫാര്‍മസികള്‍ക്ക് ഒരു ദശലക്ഷം വാക്‌സീന്‍ ഡോസുകള്‍ വിതരണം ചെയ്യും. കാലക്രമേണ ഇത് 40,000 മരുന്നുകടകളിലേക്കും ഗ്രോസറി ഷോപ്പുകളിലേക്കും വ്യാപിപ്പിക്കും. സമീപ ആഴ്ചകളില്‍ ചില സംസ്ഥാനങ്ങള്‍ ഡോസുകള്‍ നല്‍കുന്നതിന് ഫാര്‍മസികളെ ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു. ഫെഡറല്‍ സര്‍ക്കാരില്‍ നിന്ന് നേരിട്ട് ഫാര്‍മസികളിലേക്ക് വാക്‌സീനുകള്‍ വിതരണം ചെയ്യുന്നത് ഇതാദ്യമായാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല