1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 3, 2019

സ്വന്തം ലേഖകന്‍: ആണവായുധം പാകിസ്താന്‍ ആദ്യം ഉപയോഗിക്കില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് പരാമര്‍ശം.

ഇരുരാജ്യങ്ങളും ആണവ ശക്തികളാണെന്ന് ലാഹോറില്‍ സിഖ് വിഭാഗക്കാരുടെ ചടങ്ങില്‍ സംസാരിക്കവെ ഇമ്രാന്‍ ഖാന്‍ ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള സംഘര്‍ഷം രൂക്ഷമായാല്‍ ലോകം അപകടത്തിലാകും. അതിനാല്‍ ആദ്യമായി ആണവായുധം തങ്ങള്‍ ഉപയോഗിക്കില്ലെന്ന് ഖാന്‍ വ്യക്തമാക്കി.

‘ഞങ്ങള്‍ ഒരിക്കലും ഒരുയുദ്ധത്തിന് തുടക്കമിടില്ല. പാകിസ്താനും ഇന്ത്യയും ആണവശക്തികളാണ്. സംഘര്‍ഷം മൂര്‍ച്ഛിച്ച് യുദ്ധത്തിലേക്കുപോയാല്‍ ലോകത്തിനാകെ അത് ദോഷംചെയ്യും,’ ലഹോറില്‍ ഗവര്‍ണറുടെ വസതിയില്‍ സിഖ് വിഭാഗത്തെ അഭിസംബോധന ചെയ്യവേ ഇമ്രാന്‍ പറഞ്ഞു.

‘യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന് ഇന്ത്യയോട് പറയാന്‍ ആഗ്രഹിക്കുകയാണ്. അതില്‍ വിജയിക്കുന്നവര്‍ക്കും നഷ്ടപ്പെടാന്‍ ഒരുപാടുണ്ടാവും. ഒട്ടനവധി പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുക്കാനും അത് കാരണമാവും,’ ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഇന്ത്യയുമായുള്ള നയതന്ത്രബന്ധം പാകിസ്താന്‍ തരംതാഴ്ത്തിയിരുന്നു. ഇന്ത്യന്‍ സ്ഥാനപതിയെ അവര്‍ പുറത്താക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അവര്‍ യു.എന്‍ രക്ഷാസമിതിയെ സമീപിച്ചിരുന്നു.

എന്നാല്‍ കശ്മീര്‍ വിഷയത്തിലെ ഇന്ത്യന്‍ നിലപാടിനാണ് രക്ഷാസമിതിയില്‍ സ്വീകാര്യത ലഭിച്ചത്. അതിനിടെ, ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന നിലപാടില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുന്നുവെങ്കിലും നയത്തില്‍ മാറ്റമുണ്ടാകുമോ എന്നത് അന്നത്തെ സാഹചര്യത്തെ ആശ്രയിച്ചിരിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അടുത്തിടെ പറഞ്ഞിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.