1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 3, 2022

സ്വന്തം ലേഖകൻ: താന്‍ സഞ്ചരിച്ച വാഹനത്തിന് നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തുവെന്ന ആരോപണവുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ മുന്‍ ഭാര്യ റെഹം ഖാന്‍. ഇതാണോ ഇമ്രാന്‍ ഖാന്റെ പുതിയ പാകിസ്താനെന്ന് ചോദിച്ച അവര്‍ ഭീരുക്കളുടെയും തെമ്മാടികളുടെയും അത്യാഗ്രഹികളുടെയും നാട്ടിലേക്ക് സ്വാഗതമെന്നും പരിഹസിച്ചു.

ബന്ധുവിന്റെ വിവാഹം കഴിഞ്ഞ് മടങ്ങുമ്പോള്‍ എന്റെ കാറിന് നേരെ വെടിയുതിര്‍ത്തുവെന്നും മോട്ടോര്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ തന്നെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു. “എന്റെ പേഴ്‌സണല്‍ സെക്രട്ടറിയും ഡ്രൈവറും കാറിലുണ്ടായിരുന്നു. ഇതാണോ ഇമ്രാന്‍ ഖാന്റെ പുതിയ പാകിസ്താന്‍? ഭീരുക്കളുടെയും തെമ്മാടികളുടെയും അത്യാഗ്രഹികളുടെയും നാട്ടിലേക്ക് സ്വാഗതം!-”അവര്‍ ട്വീറ്റ് ചെയ്തു.

പരിക്കേറ്റില്ലെങ്കിലും സംഭവം തന്നില്‍ രോഷമുണ്ടാക്കിയെന്നും ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്നും റെഹം ഖാന്‍ പറഞ്ഞു. ഭീരുത്വം നിറഞ്ഞ ഗൂഢശ്രമങ്ങള്‍ നടത്തിന്നതിനേക്കാള്‍ ഒരു നേരിട്ടുള്ള പോരാട്ടമാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു. മരണത്തെയോ പരിക്കിനെയോ താന്‍ ഭയപ്പെടുന്നില്ലെന്നും എന്നാല്‍ തനിക്കൊപ്പം പ്രവര്‍ത്തിക്കുന്നവരേക്കുറിച്ച് ആശങ്കയും ഉണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ബ്രിട്ടീഷ്-പാകിസ്താനി വംശജയും പത്രപ്രവര്‍ത്തകയും മുന്‍ ടിവി അവതാരകയുമായ റെഹം ഖാന്‍ 2014-ലാണ് ഇമ്രാന്‍ ഖാനെ വിവാഹം കഴിക്കുന്നത്. 2015 ഒക്ടോബറില്‍ ഇരുവരും വിവാഹമോചിതരായി. 48 കാരിയായ റെഹം തന്റെ മുന്‍ ഭര്‍ത്താവിന്റെ കടുത്ത വിമര്‍ശകയായാണ് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ ഭരണരീതിയെയും പൊതുസമൂഹത്തിലെ അഭിപ്രായങ്ങളേയും നിരന്തരം അവര്‍ വിമര്‍ശിക്കാറുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.