1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 4, 2022

സ്വന്തം ലേഖകൻ: സ്പെക്ട്രം ലേലം പ്രതീക്ഷിച്ചതിലും വിജയകരമായതോടെ, 5ജി വിപ്ലവത്തിന് തയ്യാറെടുത്ത് രാജ്യം. ഒക്ടോബർ മാസം മുതൽ ഡൽഹി, മുംബൈ, ചെന്നൈ, ബംഗലൂരു, പൂനെ തുടങ്ങിയ നഗരങ്ങളിൽ 5ജി സേവനം ആരംഭിക്കുമെന്ന് കേന്ദ്ര ടെലികോം വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവ് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.

4ജിയേക്കാൾ 20 മടങ്ങ് വേഗതയാണ് 5ജിക്ക് പ്രതീക്ഷിക്കപ്പെടുന്നത്. അതായത് പരമാവധി 20 ജിബിപിഎസ് വേഗത 5ജിയിൽ ഉണ്ടാകും. 4ജിയുടെ പരമാവധി വേഗത ഒരു ജിബിപിഎസ് ആണ്. കണക്ടിവിറ്റിയിൽ കാലതാമസം കുറവാണ് എന്നതും 5ജിയുടെ മറ്റൊരു പ്രധാന സവിശേഷതയാണ്. ബിസിനസ്സ് ആപ്പുകളുടെയും ഓൺലൈൻ ഗെയിമിംഗിന്റെയും വീഡിയോ കോൺഫറൻസിംഗിന്റെയും സ്വയം നിയന്ത്രിത വാഹനങ്ങളുടെയും പ്രവർത്തനക്ഷമത മറ്റൊരു നിലവാരത്തിലേക്ക് ഉയർത്താൻ 5ജിക്ക് സാധിക്കും.

3ജിയിൽ നിന്നും 4ജിയിലേക്കുള്ള മാറ്റം പോലെ ആയിരിക്കില്ല, 5ജിയിലേക്കുള്ള മുന്നേറ്റം എന്ന് ചുരുക്കം. ഇന്റർനെറ്റ് സേവനത്തിന്റെ നിർവചനം തന്നെ മറ്റൊന്നാകും. വിതരണം ലളിതമാണ് എന്നത് 5ജിയുടെ ഏറ്റവും വലിയ ആകർഷക ഘടകങ്ങളിൽ ഒന്നാണ്. ടവറുകൾക്ക് പുറമെ കെട്ടിടങ്ങൾ, തെരുവ് വിളക്കുകൾ, പോസ്റ്റുകൾ എന്നിവയിൽ ഘടിപ്പിക്കാവുന്ന ചെറിയ ആന്റിനകൾ വഴി വലിയ തോതിൽ ഡേറ്റ കൂടുതൽ ഇടങ്ങളിലേക്ക് എത്തിക്കാൻ സാധിക്കും.

അതേസമയം, ആദ്യ കാലങ്ങളിൽ 5ജി സേവനം അൽപ്പം ചിലവേറിയതായേക്കും. സ്പെക്ട്രം ലേലത്തിൽ ഉൾപ്പെടെ വലിയ തുകകൾ ചിലവഴിച്ച ടെലികോം കമ്പനികൾ, മുടക്ക് മുതൽ തിരികെ പിടിക്കാനാകും ആദ്യ ഘട്ടത്തിൽ ശ്രമിക്കുക. ഇത് 4ജി സേവനങ്ങളുടെയും നിരക്ക് വർദ്ധനക്ക് കാരണമാകും.

റിലയൻസ് ജിയോ ഇൻഫോകോം, ഭാരതി എയർടെൽ, വോഡഫോൺ- ഐഡിയ, അദാനി ഗ്രൂപ്പ് എന്നിവരാണ് 5ജി ലേലത്തിൽ സ്പെക്ട്രം സ്വന്തമാക്കിയിരിക്കുന്നത്. സൗജന്യ സിം കാർഡുകളിലൂടെയും 4ജി ഫീച്ചർ ഫോണുകളിലൂടെയും പരിധിയില്ലാത്ത സൗജന്യ 4ജി സേവനങ്ങളിലൂടെയും വിപണിയിൽ തരംഗം ഷ്ടിച്ച റിലയൻസ് ജിയോ ഇൻഫോകോമിൽ വലിയ പ്രതീക്ഷയാണ് ഉപഭോക്താക്കൾ വെച്ച് പുലർത്തുന്നത്.

അദാനി ഗ്രൂപ്പിന്റെ ടെലികോം രംഗത്തേക്കുള്ള കടന്നു വരവും വിപ്ലവകരമായിരിക്കും എന്നാണ് ബിസിനസ്സ് രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. വിപണിയിൽ ജിയോയുമായി കടുത്ത മത്സരം കാഴ്ചവെക്കുന്ന എയർടെലും ഉപഭോക്താക്കളെ ആകർഷിക്കാൻ വലിയ പദ്ധതികൾക്ക് രൂപം നൽകുന്നതായാണ് വിവരം.

ലയനത്തിന് ശേഷം ക്രമാനുഗതമായി സേവന ഗുണനിലവാരം വർദ്ധിപ്പിക്കുകയും പാക്കേജുകൾ കൂടുതൽ ആകർഷകമാക്കി കൊണ്ടിരിക്കുകയും ചെയ്യുന്ന വോഡഫോൺ- ഐഡിയയും മികച്ച മത്സരം കാഴ്ചവെക്കും എന്നത് ഉറപ്പാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.