1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 12, 2022

സ്വന്തം ലേഖകൻ: രാജ്യത്ത് കാലാവസ്ഥാ മാറ്റം മൂലമുണ്ടായ കൃഷി നാശം പരിശോധിക്കാന്‍ പ്രത്യേക സമിതിയെ തന്നെ നിയോഗിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. അത്യുഷ്ണം, പ്രളയം, കാലം തെറ്റിയെത്തുന്ന മഴക്കാലം ഇത് രാജ്യത്തെ കാര്‍ഷിക മേഖലയെ ഓരോ വര്‍ഷവും നാമാവശേഷമാക്കികൊണ്ടിരിക്കുകയാണ്. ദേശീയ കാലാവസ്ഥാ വകുപ്പിന്റെയും ദുരന്തനിവാരണ വിഭാഗത്തിന്റെയും കണക്കനുസരിച്ച് ഈ വര്‍ഷം ഒക്ടോബര്‍ ഒന്ന് വരെ 1.8 ദശലക്ഷം ഹെക്ടര്‍ കൃഷിയാണ് രാജ്യത്ത് ഇല്ലാതായത്.

ഇത് തുടര്‍ന്നാല്‍ ഭക്ഷ്യക്ഷാമവും പട്ടിണിയും വരെ ഉണ്ടാകാമെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്. കര്‍ണാടകത്തിലാണ് നാശം കൂടുതല്‍. കൃഷിനാശം ഭക്ഷ്യസുരക്ഷയ്ക്കും വെല്ലുവിളിയുണ്ടാക്കുന്നു. കൊടും വരള്‍ച്ച നെല്ല്, ഗോതമ്പ് അടക്കമുള്ള ഭക്ഷ്യവിള കൃഷികളെ വലിയ രീതിയില്‍ ബാധിച്ചു.

കേന്ദ്ര കൃഷി മന്ത്രാലയം സെപ്തംബര്‍ മാസം ഇറക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത് ഖാരിഫ് വിളകളുടെ ഉല്‍പ്പാദനത്തിന്റെ അളവില്‍ ആറ് ശതമാനത്തോളം ഇടിവുണ്ടായിരിക്കുന്നുവെന്നാണ്. 2022-23 വര്‍ഷത്തേക്കുള്ള അരിയുല്‍പ്പാദനത്തിന്റെ ഏകദേശ കണക്കായി ചൂണ്ടിക്കാട്ടുന്നത് 104.99 ദശലക്ഷം ടണ്ണാണ്. കഴിഞ്ഞ വര്‍ഷം ഇതേ സീസണില്‍ 111.76 ദശലക്ഷം ടണ്ണായിരുന്നു. ഭക്ഷ്യവസ്തുക്കളുടെ മൊത്ത ഉല്‍പ്പാദനത്തിലും കുറവുണ്ടാകാമെന്നും മന്ത്രാലയും ചൂണ്ടിക്കാട്ടുന്നു.

2030 ആകുമ്പോഴേക്കും കാലാവസ്ഥാ വ്യതിയാനം മൂലം 9 കോടി ഇന്ത്യക്കാര്‍ ഭക്ഷ്യക്ഷാമം നേരിടുമെന്ന 2022 -ലെ ഗ്ലോബല്‍ ഫുഡ് പോളിസി റിപ്പോര്‍ട്ടും ഇതുമായി കൂട്ടിവായിക്കേണ്ടതാണ്. ജലദൗര്‍ലഭ്യമുള്ള വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലും ഉപദ്വീപിലും നെല്ലില്‍ നിന്ന് മറ്റ് വിളകളിലേക്ക് ജനങ്ങള്‍ മാറാന്‍ തയ്യാറാവണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. ഭക്ഷ്യസുരക്ഷയെ ഭീഷണിപ്പെടുത്താതെ തന്നെ ഈ മേഖലയില്‍ അരിയുടെ വിസ്തൃതി കുറയ്ക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

ഗോതമ്പ് ഉല്‍പാദനത്തില്‍ മൂന്ന് ലക്ഷം ടണ്ണിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ പ്രശ്‌നം പഠിക്കാന്‍ രണ്ട് ഉന്നതാധികാര സംഘങ്ങളെ തന്നെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. രണ്ട് സംഘമായി പ്രവര്‍ത്തിക്കുന്ന സമിതിക്ക് ഡല്‍ഹി മഹാലാനോബിസ് നാഷണല്‍ ക്രോപ്പ് ഫോര്‍കാസ്റ്റ് സെന്ററാണ് നേതൃത്വം നല്‍കുന്നത്. അഞ്ചുവര്‍ഷത്തെ കൃഷിനാശം രാജ്യത്തെ ധാന്യശേഖരത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിച്ചു.

ഇതോടെ ഗോതമ്പ്, അരി കയറ്റുമതിയില്‍ തടസ്സമുണ്ടാവുകയും ചെയ്തു. ജാര്‍ഖണ്ഡില്‍ മാത്രം 9.37 ലക്ഷം ഹെക്ടര്‍ കൃഷിയാണ് കുറഞ്ഞത്. മധ്യപ്രദേശ് 6.32 ലക്ഷം ഏക്കര്‍, പശ്ചിമബാഗാള്‍ 3.65 ലക്ഷം ഹെക്ടര്‍, യു.പി 2.48 ലക്ഷം ഹെക്ടര്‍, ബിഹാര്‍ 1.97 ഹെക്ടര്‍ എന്നിങ്ങനെയാണ് കണക്ക്. പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ മഴ കുറഞ്ഞതുമൂലം ആകെ കൃഷി ചെയ്യുന്ന ഏക്കര്‍ സ്ഥലത്തിന്റെ അളവില്‍ 13 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്.

രാജ്യത്തിന്റെ പ്രധാന കാര്‍ഷിക വിളകളിലൊന്നായ നെല്‍കര്‍ഷകരെ കാലം തെറ്റിയ കാലാവസ്ഥ ഏറ്റവും കൂടുതല്‍ ബാധിച്ചുവെന്ന് പറയുന്നു വയനാട് തൃശ്ശിലേരിയിലെ യുവ കര്‍ഷകനും ഗ്രീന്‍പീസ് കാമ്പയിനറുമായ രാജേഷ് കൃഷ്ണൻ. കേരളത്തെ സംബന്ധിച്ച് മാത്രം പറയുകയാണെങ്കില്‍ ജൂണില്‍ തുടങ്ങി ആഗസ്റ്റില്‍ അവസാനിക്കേണ്ട മഴ നീണ്ട് നില്‍ക്കുന്നത് നവംബര്‍ ഡിസംബര്‍ വരേയാണ്.

ഉയര്‍ന്ന താപനിലയും മഴയുടെ ഏറ്റക്കുറച്ചിലുമാണ് കേരളത്തിന്റെ പ്രധാന പ്രശ്നം. കൃഷിയിറക്കുമ്പോള്‍ മഴ ലഭിക്കാതാവുകയും കൊയ്ത്ത് സമയമാവുമ്പോഴേക്കും മഴ തോരാതിരിക്കുകയും ചെയ്യുന്നു. ഇത് നെല്‍ചെടികളുടെ ഫംഗസ് ബാധയിലേക്കും അത് വഴി വിളവിനെ കാര്യമായി ബാധിക്കുകയും ചെയ്യുന്നു. ജൂണില്‍ ആരംഭിച്ച് പെട്ടെന്ന് അവസാനിക്കുകയും തുടര്‍ന്ന് കൂമ്പാര മേഘമായി വന്ന് ഒന്നും രണ്ടും മണിക്കൂര്‍ പെയ്യുന്ന മഴയാണ് ഇപ്പോള്‍ കേരളത്തിലുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.