1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 27, 2022

സ്വന്തം ലേഖകൻ: ഒരു വ്യക്തിയുടെ എല്ലാ കാര്യങ്ങള്‍ക്കും ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച നിയമഭേദഗതി ബില്‍ കേന്ദ്രസര്‍ക്കാര്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ ഏഴിനാണ് ഇനി പാര്‍ലമെന്റ് സമ്മേളനം ചേരുന്നത്. 1969 ലെ ജനന-മരണ രജിസ്‌ട്രേഷന്‍ നിയമം ഭേദഗതി ചെയ്താണ് പുതിയ നീക്കം.

ഇത് പ്രകാരം സ്‌കൂളിലും കോളജിലും പ്രവേശനം നേടാനും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും സര്‍ക്കാര്‍ ജോലിക്കും ഡ്രൈവിങ് ലൈസന്‍സിനും പാസ്‌പോര്‍ട്ടിനും എല്ലാം ഇനി ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാകും. പുതിയ ബില്ലിന്റെ കരട് നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരുന്നതാണ്. പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ പോകുന്ന ബില്ലില്‍ സംസ്ഥാനങ്ങള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

ബില്‍ പ്രാബല്യത്തില്‍ വന്നാല്‍ ജനന തീയതിയും ജനന സ്ഥലവും കൃത്യമായി രേഖപ്പെടുത്തിയ ജനന സര്‍ട്ടിഫിക്കറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പ്രവേശനം, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍, സര്‍ക്കാര്‍, പൊതുമേഖലാ ജോലികള്‍, വിവാഹ രജിസ്‌ട്രേഷന്‍, ബില്ലിലും ചട്ടത്തിലും നിര്‍ദേശിക്കുന്ന മറ്റ് ആവശ്യങ്ങള്‍ എന്നിവക്കെല്ലാം നിര്‍ബന്ധമാകും.

സര്‍ക്കാരുകള്‍ക്ക് കീഴിലുള്ള സ്വയം ഭരണ സ്ഥാപനങ്ങള്‍, തദ്ദേശസ്ഥാപനങ്ങള്‍, സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങള്‍ എന്നിവയിലും ജോലിക്ക് ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന തരത്തിലായിരിക്കും ഭേദഗതി. കൂടാതെ രാജ്യത്തെ മുഴുവന്‍ ജനന-മരണ വിവരങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭ്യമാക്കും വിധത്തിലാണ് ഭേദഗതി വരുന്നത് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

പിന്നീട് ഈ വിവരങ്ങള്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കും. ജനനം രജിസ്റ്റര്‍ ചെയ്താല്‍ കുട്ടിക്ക് 18 വയസ് തികയുമ്പോള്‍ പേര് വോട്ടര്‍ പട്ടികയില്‍ വരുന്ന തരത്തിലാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. ഇതോടൊപ്പം മരണപ്പെടുന്നവരുടെ പേരുകള്‍ ഒഴിവാക്കപ്പെടും. മരണം രജിസ്റ്റര്‍ ചെയ്യുന്നതിലുള്ള വീഴ്ചകള്‍ തടയാനും ബില്ലില്‍ വ്യവസ്ഥയുണ്ട് എന്നാണ് റിപ്പോര്‍ട്ട്. മരണം സംഭവിച്ചാല്‍ അതത് ആശുപത്രികള്‍ നിശ്ചിത സമയത്തിനുള്ളില്‍ മരണകാരണം ഉള്‍പ്പെടെ രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ബന്ധുക്കള്‍ക്ക് നല്‍കണം.

അതോടൊപ്പം അതത് രജിസ്ട്രാര്‍ക്കും ഇത് സമര്‍പ്പിക്കണം. നഴ്‌സിങ് ഹോം മുതല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി വരെയുള്ള എല്ലാ ആശുപത്രികള്‍ക്കും ഇത് ബാധകമാണ്. ഭേദഗതി പാസായാല്‍ ദേശീയതലത്തില്‍ ജനന-മരണ രജിസ്‌ട്രേഷന്‍ ഡേറ്റാബേസ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള റജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്കായിരിക്കും. നിലവില്‍ പല സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ സിവില്‍ രജിസ്‌ട്രേഷന്‍ സിസ്റ്റത്തിലാണ് ജനന-മരണ രജിസ്‌ട്രേഷന്‍ ചെയ്യുന്നത്.

അതേസമയം കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങള്‍ക്ക് സ്വന്തം സംവിധാനമുണ്ട്. കൂടാതെ ഭാഗികമായി കേന്ദ്ര സിവില്‍ രജിസ്‌ട്രേഷന്‍ സിസ്റ്റവും ഉപയോഗിക്കുന്നുണ്ട്. ദല്‍ഹി, ലക്ഷദ്വീപ്, പുതുച്ചേരി, ജമ്മു കശ്മീര്‍ എന്നീ കേന്ദ്രഭരണപ്രദേശങ്ങളില്‍ പൂര്‍ണമായി സ്വന്തം സംവിധാനത്തിലാണ് ജനന മരണ രജിസ്‌ട്രേഷന്‍. ഭേദഗതി പ്രകാരം ജനസംഖ്യാ രജിസ്റ്റര്‍ ഉള്‍പ്പെടെ പുതുക്കാന്‍ സഹായകമാകും.

2015 ലാണ് ജനസംഖ്യാ രജിസ്റ്റര്‍ അവസാനം പുതുക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ 119 കോടി പൗരന്മാരുടെ വിവരങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കല്‍ ദേശീയ പൗരത്വ റജിസ്റ്റര്‍ തയാറാക്കുന്നതിന്റെ ആദ്യപടിയാണെന്നിരിക്കെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തിയവര്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ തയാറാക്കലിനെ ശക്തമായി എതിര്‍ത്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.