
സ്വന്തം ലേഖകൻ: രാജ്യത്ത് 8,848 പേര്‍ക്ക് ഇതിനകം ബ്ലാക് ഫംഗസ് രോഗബാധ സ്ഥിരീകരിച്ചതായി കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. സംസ്ഥാന/കേന്ദ്ര ഭരണ സര്‍ക്കാരുകള്‍ക്ക് ഇതിനകം തന്നെ ആംഫോട്ടെറിസിന്‍-ബി മരുന്ന് 23,680 യൂണിറ്റ് അധികമായി അനുവദിച്ചതായും കേന്ദ്രം അറിയിച്ചു. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് മരുന്ന് അനുവദിക്കുന്നത്.
രോഗികളുടെ എണ്ണത്തില്‍ ഗുജറാത്താണ് മുന്നില്‍. 2,281 ബ്ലാക് ഫംഗസ് രോഗികളാണ് ഇവിടെയുള്ളത്. മഹാരാഷ്ട്രയില്‍ 2000 ബ്ലാക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആന്ധ്രാപ്രദേശ്-910, മധ്യപ്രദേശ്-720, രാജസ്ഥാന്‍-700, തെലങ്കാന-350 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. ഡല്‍ഹിയില്‍ 197 പേര്‍ക്കും കേരളത്തില്‍ 34 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
അതിനിടെ, സ്പുട്‌നിക് V വാക്‌സിന്‍ ഓഗസ്റ്റ് മുതല്‍ ഇന്ത്യയില്‍ നിര്‍മ്മിക്കും. മേയ് അവസാനത്തോടെ 30 ലക്ഷം ഡോസ് വാക്‌സിന്‍ റഷ്യയില്‍ നിന്ന് ഇന്ത്യയില്‍ എത്തിക്കും. ജൂണില്‍ അത് 50 ലക്ഷമായി ഉയര്‍ത്തുമെന്നും റഷ്യയിലെ ഇന്ത്യന്‍ സ്ഥാനപതി ഡി.ബി വെങ്കടേഷ് വര്‍മ്മ അറിയിച്ചു.
ആദ്യഘട്ടത്തില്‍ 85 കോടി ഡോസ് വാക്‌സിന്‍ നിര്‍മ്മിക്കാനാണ് പദ്ധതി. റഷ്യയില്‍ നിന്ന് ഇതിനകം തന്നെ രണ്ട് ലക്ഷം ഡോസ് വാക്‌സിന്‍ എത്തിച്ചുകഴിഞ്ഞു. ആദ്യഘട്ടത്തില്‍ 150,000 ഡോസും രണ്ടാമത് 60,000 ഡോസുമാണ് ഇന്ത്യയിലെത്തിച്ചത്. ഇറക്കുമതി ചെയ്യുന്ന വാക്‌സിന്‍ ജി.എസ്.ടി അടക്കം 995.4 രൂപയ്ക്കാണ് വിതരണം ചെയ്യുന്നത്. നിലവില്‍ മൂന്ന് വാക്‌സിനാണ് ഇന്ത്യയില്‍ അനുമതി നല്‍കിയിരിക്കുന്നത്. കോവാക്‌സിന്‍, കോവിഷീല്‍ഡ്, സ്പുട്‌നിക് V എന്നിവയാണ് അവ.
അതേസമയം ജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരുമ്പോള്‍ മരണസംഖ്യ ഉയര്‍ന്നുനില്‍ക്കുന്നത് ആശങ്കയാകുന്നു. ഇന്നലെ 2,57,299 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 4,194 പേര്‍ മരിച്ചു. 3,57,630 പേര്‍ രോഗമുക്തരായി എന്നത് മാത്രമാണ് ആശ്വാസം. 87.7% ആണ് രോഗമുക്തി നിരക്ക്
ഇതുവരെ 2,62,89,290 പേര്‍ കോവിഡ് ബാധിതരായി. 2,30,70,365 പേര്‍ രോഗമുക്തരായപ്പോള്‍, 2,95,525 പേര്‍ മരണമടഞ്ഞു. 29,23,400 പേര്‍ ചികിത്സയിലുണ്ട്് 19,33,72,819 ഡോസ് കോവിഡ് വാക്‌സിനേഷന്‍ നടന്നുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. മേയില്‍ ഇതുവരെ 83,135 പേരാണ് മരിച്ചത്. കഴിഞ്ഞമാസം 48,768 പേര്‍ മരണമടഞ്ഞു. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത സെപ്തംബറില്‍ 33,300 പേരും ഓഗസ്റ്റില്‍ 28,900 പേരുമാണ് മരണമടഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല