1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2023

സ്വന്തം ലേഖകൻ: കാനഡയുമായി നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ അവിടുത്തെ ഇന്ത്യന്‍ പൗരന്‍മാരോടും വിദ്യാര്‍ഥികളോടും അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിച്ച് ഇന്ത്യ. ‘കാനഡയില്‍ വര്‍ദ്ധിച്ചുവരുന്ന ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും അക്രമങ്ങളും കണക്കിലെടുത്ത്, അവിടെയുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും അവിടേക്ക് യാത്ര ചെയ്യാന്‍ ആലോചിക്കുന്നവരും അതീവ ജാഗ്രത പാലിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു’ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യാ വിരുദ്ധ അജണ്ടയെ എതിര്‍ക്കുന്ന ഇന്ത്യന്‍ നയതന്ത്രജ്ഞരെയും ഇന്ത്യന്‍ സമൂഹത്തിലെ വിഭാഗങ്ങളെയും പ്രത്യേകമായി ലക്ഷ്യമിട്ട് ഭീഷണി ഉയര്‍ത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാനഡയിലെ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഇന്ത്യന്‍ പൗരന്‍മാര്‍ ഒഴിവാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളോടും അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കാനഡയിലെ ഇന്ത്യന്‍ പൗരന്‍മാരോടും വിദ്യാര്‍ഥികളോടും ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലോ ടൊറന്റോയിലെ കോണ്‍സുലേറ്റിലോ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

ഖലിസ്താന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ വഷളായത്. ഇരുരാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് കാനഡ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് വിദശേകാര്യ മന്ത്രാലയം ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.