സ്വന്തം ലേഖകൻ: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ-കാനഡ നയതന്ത്രബന്ധം മോശമായി തുടരുന്നതിനിടെ വീണ്ടും വിവാദ പരാമർശവുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. വലിയ രാജ്യങ്ങൾക്ക് തിരിച്ചടികളേതുമില്ലാതെ രാജ്യാന്തരനിയമങ്ങൾ ലംഘിക്കാനായാൽ ലോകം കൂടുതൽ അപകടകരമാകുമെന്നായിരുന്നു ഇന്ത്യയെ ലക്ഷ്യമിട്ട് ട്രൂഡോയുടെ പരാമർശം.
നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്കു പങ്കുണ്ടെന്ന ട്രൂഡോയുടെ ആരോപണമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളാക്കിയത്. കഴിഞ്ഞ ജൂണിലാണ് ബ്രിട്ടീഷ് കൊളംബിയയിലെ ഒരു ഗുരുദ്വാരയ്ക്കു മുന്പിൽ നിജ്ജാറിനെ ഒരു സംഘം വധിച്ചത്. നിരോധിതസംഘടനയായ ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് തലവനായ ഇയാൾ ഇന്ത്യ അന്വേഷിക്കുന്ന കൊടുംഭീകരരിൽ ഒരാളായിരുന്നു. കൊലപാതകത്തിൽ പങ്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. കാനഡയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും വിദേശകാര്യമന്ത്രാലയം ആവർത്തിച്ചിരുന്നു.
കാനഡയിലെ സ്മാർട്ട് എനർജി ഗ്രിഡിന്റെ ഉദ്ഘാടനവേളയിൽ മാധ്യമങ്ങളോടു സംസാരിക്കുന്പോഴാണ് ട്രൂഡോ വീണ്ടും വിഷയം എടുത്തിട്ടത്. ക്രിയാത്മക ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. നിജ്ജാർ വിവാദത്തിനു പിന്നാലെ 40 കനേഡിയൻ നയതന്ത്രജ്ഞരെ ഇന്ത്യ പുറത്താക്കിയത് വിയന്ന കരാറിന്റെ ലംഘനമാണെന്നും കനേഡിയൻ പ്രധാനമന്ത്രി പറഞ്ഞു. ട്രൂഡോയുടെ പുതിയ പരാമർശങ്ങളോടു പ്രതികരിക്കാൻ വിദേശകാര്യ മന്ത്രാലയം തയാറായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല