
സ്വന്തം ലേഖകൻ: കൂടുതല്‍ സുരക്ഷയുടെ ഭാഗമായി ലേയിലും ലഡാക്കിലും വ്യോമസേനയുടെ യുദ്ധവിമാനങ്ങളും സേനാ ഹെലികോപ്ടറുകളും എത്തി. വാര്‍ത്താ ഏജന്‍സി ചിത്രങ്ങള്‍ പുറത്തുവിട്ടു. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത സർവകക്ഷി യോഗത്തിനിടെയാണ് ലേ, ലഡാക്കില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. ഇന്നലെ വൈകിട്ട് ദില്ലിയില്‍ ചേര്‍ന്ന ഉന്നതല യോഗത്തില്‍ ലേ ലഡാക്ക് മേഖലകളില്‍ വ്യോമസേനയുടെ സന്നാഹം കൂട്ടാനുള്ള തീരുമാനമെടുത്തെന്നാണ് സൂചന. ഇന്നലെ തന്നെ വ്യോമസേനയുടെ മേധാവി ലേ, ലഡാക്ക് മേഖലകളിൽ എത്തിയിരുന്നു.
അതേസമയം ഇന്ത്യൻ സൈനികരെ തടഞ്ഞുവച്ചിട്ടില്ലെന്ന് ചൈന അറിയിച്ചു. പ്രശ്നങ്ങൾക്ക് ചർച്ചകളിലൂടെ പരിഹാരം കാണാനാണ് ശ്രമമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അതിർത്തി സംഘർഷത്തിൽ ഇന്ത്യൻ സൈനികർ ആരും ചൈനീസ് സേനയുടെ പിടിയിൽ ഇല്ലെന്ന് ഇന്നലെ കരസേനയും വ്യക്തമാക്കിയിരുന്നു. തടഞ്ഞു വച്ചിരുന്ന സൈനികരെ ചൈന വിട്ടയച്ചതിന് ശേഷമായിരുന്നു ഈ പ്രസ്താവനയെന്നാണ് റിപ്പോർട്ട്.
അതിനിടെ ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകകക്ഷി യോഗം തുടരുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അധ്യക്ഷന്‍മാര്‍ വെര്‍ച്വല്‍ യോഗത്തില്‍ പങ്കെടുക്കുന്നു.
ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി, സിപിഐ ദേശീയ സെക്രട്ടറി ഡി രാജ, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി, ബി എസ് പി നേതാവ് മായാവതി, ശിവസേന നേതാവ് ഉദ്ധവ് താക്കറെ എന്നിവര്‍ പങ്കെടുക്കുന്നു. അതേസമയം, യോഗത്തിലേക്ക് ക്ഷണിച്ചില്ലെന്ന് ആംആദ്മി പാര്‍ട്ടിയും ആര്‍ജെഡിയും ആരോപിച്ചു. 20 രാഷ്ട്രീയ പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സര്‍ക്കാരിനോട് അനവധി ചോദ്യങ്ങള്‍ ഉന്നയിച്ചു. നിയന്ത്രണ രേഖയിലുടനീളം ചൈനീസ് പട്ടാളം കടന്നു കയറിയതിനെ കുറിച്ച് സൈനിക ഇന്റലിജന്‍സ് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നില്ലേയെന്ന് അവര്‍ ചോദിച്ചു. ഇന്റലിജന്‍സ് പരാജയം ഉണ്ടായോയെന്ന് സോണിയ ചോദിച്ചു. അതിര്‍ത്തിയില്‍ നേരത്തെയുണ്ടായിരുന്ന സ്ഥിതി പുനസ്ഥാപിക്കുമെന്നും അതിര്‍ത്തിയില്‍ ചൈന പിന്‍വാങ്ങുമെന്നും ഉറപ്പ് വേണമെന്ന് അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഭാവി പദ്ധതിയെന്താണെന്നും സോണിയ ആരാഞ്ഞു.
ഗല്‍വാന്‍ താഴ് വരയില്‍ ചൈനീസ് ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ യോഗം വിളിച്ചത്. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ മുന്‍ പ്രസിഡന്റായ രാഹുല്‍ ഗാന്ധി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. ചൈന ഗാല്‍വാനില്‍ നടത്തിയത് ആസൂത്രിതമായ ആക്രമണം ആയിരുന്നുവെന്നും സര്‍ക്കാര്‍ ഉറങ്ങുകയായിരുന്നുവെന്നും കൊല്ലപ്പെട്ട ജവാന്‍മാരാണ് അതിന് വില നല്‍കിയതെന്നും രാഹുല്‍ പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല