1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 22, 2020

സ്വന്തം ലേഖകൻ: ഇന്ത്യന്‍ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി ചൈന. കഴിഞ്ഞ 15ന് രാത്രിയില്‍ ഗല്‍വാന്‍ താഴ്വരയില്‍ നടന്ന സംഘര്‍ഷത്തില്‍ തങ്ങളുടെ സൈനികരും കൊല്ലപ്പെട്ടുവെന്ന് ഒടുവില്‍ ചൈന സമ്മതിച്ചു, എന്നാല്‍, കൊല്ലപ്പെട്ട സൈനികരുടെ എണ്ണം പുറത്തു വിടില്ല എന്നാണ് ചൈനയുടെ നിലപാട്.

കാരണം, കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ചൈന പുറത്തു വിട്ടാല്‍ ഇന്ത്യന്‍ സര്‍ക്കാരിന് സമ്മര്‍ദമുണ്ടാകുമെന്നും അത് വീണ്ടും സംഘര്‍ഷത്തിലേയ്ക്ക് വഴിതെളിക്കുമെന്നുമാണ് ചൈന വെളിപ്പെടുത്തുന്നത്. ഗല്‍വാന്‍ താഴ്വരയില്‍ നടന്ന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ എണ്ണം സംബന്ധിച്ച്‌ ഇന്ത്യ തെറ്റായ കണക്കുകളാണ് പ്രചരിപ്പിക്കുന്നതെന്നും അത് ഇന്ത്യയിലെ തീവ്രപക്ഷത്തിനെ സന്തോഷിപ്പിക്കുന്നതിന് വേണ്ടിയാണെന്നു ചൈനയിലെ ഇംഗ്ലീഷ് ദിനപത്രമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

സംഘര്‍ഷത്തില്‍ ഇരുപതില്‍ താഴെ ചൈനീസ് സൈനികരാണ് കൊല്ലപ്പെട്ടത്. അക്കാര്യം പുറത്തുവിട്ടാല്‍ ഇന്ത്യയിലെ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദമുണ്ടാകും. അത് വീണ്ടും ഒരു സംഘര്‍ഷത്തിലേയ്ക്ക് വഴി തെളിക്കും. അത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഗല്‍വാനില്‍ കൊല്ലപ്പെട്ട സൈനികരെപ്പറ്റി ചൈന വിവരങ്ങള്‍ പുറത്തുവിടാത്തതെന്നും ഇന്ത്യയ്ക്കുണ്ടായതിനേക്കാള്‍ കൂടുതല്‍ നഷ്ടം ചൈനയ്ക്ക് സംഭവിച്ചുവെന്ന് പ്രചരിപ്പിച്ചാണ് ഇന്ത്യയിലെ ദേശീയവാദികളെ സര്‍ക്കാര്‍ തൃപ്തിപ്പെടുത്തുന്നതെന്നും ഗ്ലോബല്‍ ടൈംസ് ട്വീറ്റില്‍ വ്യക്തമാക്കി.

ഗല്‍വാന്‍ താഴ്‌വരയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യുവരിച്ചത്. എന്നാല്‍, തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടി ട്ടുണ്ട് എന്ന് സമ്മതിച്ച ചൈന എത്ര സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ഔദ്യോഗികമായി വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ ഇന്ത്യ – ചൈന സൈനികര്‍ തമ്മില്‍ കഴിഞ്ഞ 15 ന് തിങ്കളാഴ്ച രാത്രി ഏറ്റുമുട്ടിയിരുന്നു. സംഭവത്തില്‍ ഇരു രാജ്യങ്ങളുടെയും സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യ ഔദ്യോഗികമായി 20 സൈനികരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് നഷ്ടപ്പെട്ട സൈനികരേക്കാള്‍ ഇരട്ടി ചൈനീസ് സൈനികരെ ഗല്‍വാനില്‍ ഇന്ത്യന്‍ സൈന്യം വധിച്ചുവെന്നാണ് കേന്ദ്രമന്ത്രിയും മുന്‍ സൈനിക മേധാവിയുമായ വി.കെ. സിംഗ് പറഞ്ഞത്. ഇതിനു പിന്നാലെയാണ് ഗ്ലോബല്‍ ടൈംസിന്‍റെ ട്വീറ്റ് പുറത്തു വന്നിരിക്കുന്നത്.

അതിനിടെ ജൂൺ 9ന് ശേഷം ഒരാഴ്ച കൊണ്ട് എല്‍.എ.സിക്ക് സമീപം 200ൽ അധികം വാഹനങ്ങളും ടെന്‍റുകളും ചൈന എത്തിച്ചതായി റിപ്പോർട്ട്. ജൂണ്‍ 9നും 16നും എടുത്ത എല്‍.എ.സിയുടെ സാറ്റ്ലൈറ്റ് ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. അതേസമയം ലഡാക്കിൽ ഒന്നിലധികം പ്രദേശങ്ങളിൽ ചൈനയുടെ ഇടപെടൽ ഉണ്ടായെന്ന റിപ്പോർട്ടിനെ തുടർന്ന് വ്യോമസേന എയർ പട്രോളിങ് ശക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.