1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 8, 2020

സ്വന്തം ലേഖകൻ: ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം. ഇന്ത്യന്‍ സൈന്യം നിയന്ത്രണ രേഖ (എല്‍.എസി) മറികടന്ന് കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിന് സമീപം വെടിയുതിര്‍ത്തുവെന്ന് ചൈന ആരോപിച്ചു. തങ്ങള്‍ പ്രത്യാക്രമണം നടത്തി എന്നും ചൈന അറിയിച്ചു.

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നാല് പതിറ്റാണ്ടിനിടയില്‍ ആദ്യമായാണ് വെടിവെപ്പുണ്ടായതായി ആരോപണം ഉയരുന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെയും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെയും സാന്നിധ്യത്തില്‍ വെടിവയ്പ് നടന്നതായി ചൈനീസ് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

തിങ്കളാഴ്ച പാംഗോങ് തടാകത്തിന്റെ തെക്കന്‍ തീരത്തുള്ള ഷെന്‍പാനോ പര്‍വ്വതത്തില്‍ ഇന്ത്യ നിയന്ത്രണ രേഖ ലംഘിച്ചതായി പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി പടിഞ്ഞാറന്‍ മേഖലാ കമാന്‍ഡിന്റെ വക്താവ് കേണല്‍ ഷാങ് ഷൂയി ആരോപണം ഉന്നയിക്കുകയും ചെയ്തു.

അതേസമയം, കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ പ്രകോപനമുണ്ടാക്കിയെന്ന ചൈനയുടെ ആരോപണം തള്ളി ഇന്ത്യന്‍ സൈന്യം. യഥാര്‍ഥ നിയന്ത്രണ രേഖ (എല്‍എസി) ലംഘിച്ചിട്ടില്ലെന്നും വെടിവെപ്പ് ഉള്‍പ്പെടെയുള്ള നടത്തിയിട്ടില്ലെന്നും ഇന്ത്യന്‍ കരസേന പ്രസ്താവനയില്‍ അറിയിച്ചു. ചൈനീസ് സൈന്യമാണ് വെടിയുതിര്‍ത്തതെന്നും സൈന്യം വ്യക്തമാക്കി.

സൈനിക, നയതന്ത്ര, രാഷ്ട്രീയ തലങ്ങളില്‍ ഇടപെടലുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കെ, ചൈനീസ് സൈന്യമാണ് കരാറുകള്‍ ലംഘിക്കുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്തതെന്ന് കരസേന പ്രസ്താവനയില്‍ പറഞ്ഞു. യഥാര്‍ത്ഥ നിയന്ത്രണ രേഖയിലേക്ക് കടന്നു കയറാന്‍ ശ്രമിച്ചത് ചൈനീസ് സൈന്യമാണ്. ഇന്ത്യൻ സൈനികർ അത് തടയുകയായിരുന്നു. ചൈനീസ് സൈനികര്‍ ഏതാനും റൗണ്ട് ആകാശത്തേക്ക് വെടിയുതിര്‍ത്തുവെന്നും കരസേന കൂട്ടിച്ചേര്‍ത്തു.

“ഗുരുതരമായ പ്രകോപനമുണ്ടായിട്ടും ഇന്ത്യന്‍ സൈന്യം സംയമനം പാലിക്കുകയും പക്വതയോടും ഉത്തരവാദിത്തത്തോടും പെരുമാറുകയും ചെയ്തു. ഒരു ഘട്ടത്തിലും ഇന്ത്യന്‍ സൈന്യം യഥാര്‍ത്ഥ നിയന്ത്രണ രേഖ മറികടക്കുകയോ വെടിവെപ്പ് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല,” കരസേന പ്രസ്താവനയില്‍ പറഞ്ഞു.

അതിനിടെ, അരുണാചല്‍ പ്രദേശിലെ അതിര്‍ത്തി ഗ്രാമത്തില്‍നിന്ന് ചൈനീസ് സൈന്യം പിടിച്ചുകൊണ്ടുപോയ അഞ്ചുപേരെ വിട്ടുകിട്ടാനുള്ള ശ്രമം ഇന്ത്യ തുടരുകയാണ്. ഹോട്ട്‌ലൈന്‍ വഴി ഇന്ത്യന്‍ സേന ചൈനീസ് സൈന്യത്തെ ബന്ധപ്പെടുന്നുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.