1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2017

സ്വന്തം ലേഖകന്‍: അതിര്‍ത്തി ഭീഷണി നേരിടാന്‍ സജ്ജമെന്ന് ഇന്ത്യ, ചരിത്രത്തില്‍ നിന്ന് ഇന്ത്യ പാഠം പടിക്കണമെന്ന് ചൈന, സിക്കിം അതിര്‍ത്തി പ്രശ്‌നത്തില്‍ അയല്‍ക്കാര്‍ തമ്മില്‍ വാക്‌യുദ്ധം കനക്കുന്നു. ഭീഷണി നേരിടാന്‍ ഇന്ത്യ സജ്ജമാണെന്ന് സിക്കിമിലെത്തിയ കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു. ഇത്തരമൊരു പ്രസ്താവന നിരുത്തരവാദപരമാണെന്നും ചരിത്രത്തില്‍നിന്ന് ഇന്ത്യ പാഠംപഠിക്കണമെന്നും ചൈന പ്രതികരിച്ചു. ചൈനയുടെ മണ്ണില്‍ കടന്ന ഇന്ത്യന്‍ സേന പിന്മാറാതെ നയതന്ത്ര ചര്‍ച്ച സാധ്യമാവില്ലെന്നും ചൈന തുറന്നടിച്ചു.

സിക്കിം അതിര്‍ത്തിയില്‍ ചൈന നടത്തുന്ന റോഡ് നിര്‍മാണത്തിന് ഭൂട്ടാനെ കരുവാക്കി ഇന്ത്യന്‍ സേന ഇടങ്കോലിടുന്നുവെന്നാണ് ചൈനയുടെ ആരോപണം. അതിര്‍ത്തിലംഘനം നടത്തി ഇന്ത്യന്‍ സേന കടന്നുകയറ്റം നടത്തിയെന്ന് ആവര്‍ത്തിച്ച ചൈനീസ് വിദേശകാര്യ വക്താവ് ലു കാങ്, ദോങ്‌ലാങ്ങില്‍ ഇന്ത്യ നടത്തിയതായി പറയുന്ന കടന്നുകയറ്റത്തിന്റെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. ചിത്രം വൈകാതെ വെബ്‌സൈറ്റില്‍ ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതിര്‍ത്തി വിഷയത്തില്‍ അര്‍ഥപൂര്‍ണമായ ചര്‍ച്ച നടക്കണമെങ്കില്‍ ഇന്ത്യന്‍ സേന ദോങ്‌ലാങ് മേഖലയില്‍നിന്ന് പിന്മാറണമെന്ന് ചൈനീസ് വക്താവ് പറഞ്ഞു. തര്‍ക്കം സംഘര്‍ഷമായി മാറുന്ന ചുറ്റുപാട്, ഇന്ത്യന്‍ സൈന്യത്തിന്റെ പിന്മാറ്റം കൊണ്ടു മാത്രമേ മാറ്റാനാവൂ. നയതന്ത്ര സംഭാഷണങ്ങളുടെ സാധ്യത നിലനില്‍ക്കുന്നു. എന്നാല്‍, സേന ഉടന്‍ സ്വന്തം ഭൂവിഭാഗത്തിലേക്ക് പിന്‍മാറണം. 1962 ലെ യുദ്ധത്തിന്റെ ഫലം ഓര്‍മിപ്പിച്ചു കൊണ്ടാണ്, ചരിത്രത്തില്‍നിന്ന് ഇന്ത്യ പാഠംപഠിക്കണമെന്ന് ചൈന മുന്നറിയിപ്പു നല്‍കിയത്.

ഒപ്പം ഭീട്ടാന്റെ അതിര്‍ത്തി ചൈനീസ് പട്ടാളം ലംഘിച്ചുവെന്ന ആരോപണം ചൈനയുടെ പ്രതിരോധ വക്താവ് കേണല്‍ വു ഖിയാന്‍ തള്ളിക്കളഞ്ഞു. തെറ്റുതിരുത്തേണ്ടത് ഇന്ത്യയാണ്. ചൈനീസ് സേന സ്വന്തം മണ്ണിലാണ് പ്രവര്‍ത്തിക്കുന്നത്. സിക്കിമിലെ ദോങ്‌ലാങ്ങില്‍ ഇന്ത്യന്‍ സേനയാണ് അതിക്രമിച്ചു കടന്നിരിക്കുന്നത്. ചൈന ഈ മേഖലയില്‍ അതിര്‍ത്തി ലംഘിച്ചു നടത്തുന്ന റോഡു നിര്‍മാണത്തിനെതിരെ താക്കീതു നല്‍കിയതായി ഭൂട്ടാന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.