1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 2, 2020

സ്വന്തം ലേഖകൻ: അതിർത്തിയിൽ പ്രകോപനം തുടരുന്ന ചൈനയ്ക്ക് എതിരെ ശക്തമായ സൈനിക – നയതന്ത്ര നിലപാടുകളുമായി ഇന്ത്യ. ലഡാക്കിൽ സൈനിക സാന്നിധ്യം ശക്തമാക്കാൻ തീരുമാനിച്ച ഇന്ത്യ ഷാം ഹായ് ഉച്ചകോടിയ്ക്കിടെ പ്രതിരോധമന്ത്രി തല ചർച്ചയ്ക്കുള്ള സാഹചര്യവും തള്ളി.

അതേസമയം, ചൈനയുടേത് പ്രകോപനപരമായ നിലപാടാണെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും വിമർശിച്ചു. ലഡാക്ക് കൊടും തണുപ്പിലേക്ക് നീങ്ങുകയാണ്. ഈ തണുപ്പ് എന്നാൽ, സൈനിക നീക്കങ്ങളുടെ ചൂടിനെ ബാധിച്ചിട്ടില്ല. പാംഗോംഗ് തടാകത്തിന്റെ എല്ലാ മേഖലയിലും സർവ സജ്ജമായി ഇന്ത്യൻ സേന നില ഉറപ്പിച്ച് കഴിഞ്ഞു. ചൈനീസ് പ്രകോപനത്തിന് ശക്തമായ മറുപടി നൽകാൻ സർക്കാർ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കങ്ങൾ.

ലഡാക്ക് അതിർത്തിയിൽ നിയന്ത്രണരേഖ മറികടന്ന് ഇന്ത്യൻ പ്രദേശത്തേക്ക് കടന്നുകയറാനുള്ള അഞ്ഞൂറോളം വരുന്ന ചൈനീസ് പട്ടാളത്തിന്റെ നീക്കം സേന കഴിഞ്ഞദിവസം പരാജയപ്പെടുത്തിയിരുന്നു. പാംഗോംഗ് തടാകത്തിന് തെക്കൻ തീരത്തുകൂടി ടാങ്കുകളുമായി ചൈനീസ് സേനാവ്യൂഹം രാത്രി മറയാക്കിയാണ് നീങ്ങിയത്. ചുഷൂൽ കുന്നിൻപ്രദേശങ്ങൾ കൈവശപ്പെടുത്തുകയായിരുന്നു ലക്ഷ്യം.

ശത്രുനീക്കങ്ങളറിയാൻ ഉതകുന്ന ചുഷൂൽ കുന്നിൻപ്രദേശത്ത് 1962ലെ യുദ്ധകാലം മുതൽ ചൈന അവകാശവാദം ഉന്നയിക്കുന്നുണ്ട്. ലഡാക്ക് അതിർത്തിയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന നിർണായക പ്രതികരണം ഇതിനിടെ അമേരിക്കയുടെ ഭാഗത്ത് നിന്ന് ഉണ്ടായി.

അതിർത്തിയിൽ ചൈന നീക്കങ്ങൾ പ്രകോപനപരവും കൃത്യമായ അയൽക്കാരെ ഭീഷണിപ്പെടുത്താനുള്ള ശ്രമവും ആണെന്ന് അമേരിക്ക പ്രതികരിച്ചു. ഷാം ഹായ് ഉച്ച കോടിയ്ക്കിടെ ഇന്ത്യ ചർച്ചയ്ക്ക് തയാറാകും എന്ന ചൈനീസ് മാധ്യമങ്ങളുടെ പ്രചരണം ഇതിനിടെ ഇന്ത്യ തള്ളി. പ്രതിരോധ മന്ത്രി റഷ്യയിലെയ്ക്ക് പോകും എങ്കിലും ചൈനയുമായുള്ള ചർച്ച അജണ്ടയിൽ ഇല്ലെന്ന് ഇന്ത്യ വിശദീകരിച്ചു.

അതിനിടെ ഇന്ത്യ- ചൈന അതിർത്തി സംഘർഷത്തിൽ ചൈനീസ് സൈന്യത്തിന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായിട്ടില്ലെന്ന് ചൈനീസ് വിദേശ കാര്യമന്ത്രാലയം വക്താവ് ഹുവ ചുനീങ്. അതിർത്തി കടക്കാനോ മറ്റൊരു രാജ്യത്തിന്റെ മണ്ണ് കൈയടക്കാനോ ചൈനീസ് സൈന്യം ശ്രമിച്ചിട്ടില്ലെന്നും ഹുവ ചുനീങ് വ്യക്തമാക്കി.

യുദ്ധത്തിനോ തർക്കത്തിനോ ചൈന ഒരിക്കലും പ്രകോപനമുണ്ടാക്കിയിട്ടില്ല. ഇന്ത്യയുമായുള്ള ആശയവിനിമയത്തിൽ ചില പ്രശ്‌നങ്ങൾ നേരിട്ടുണ്ട്. അതിർത്തിയിൽ ശാന്തിയും സമാധാനവും പുലർത്താൻ ഇരുപക്ഷവും ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും ഹുവ ചുനീങ് പറഞ്ഞു.

ഓഗസ്ത് 31ന് ഇന്ത്യൻ സൈന്യം നിയന്ത്രണ രേഖ കടന്നുവെന്നും അതിർത്തിയിലെ സമാധാനത്തിനും സുദൃഢമായ ബന്ധത്തിനും തുരങ്കം വയ്ക്കുന്നതാണ് ഇന്ത്യയുടെ നീക്കമെന്നുമാണ് ചൈനയുടെ ആരോപണം. മാത്രമല്ല, സൈനികരെ പിൻവലിക്കണമെന്നും ചൈന ആവശ്യപ്പെടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.