1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 3, 2017

സ്വന്തം ലേഖകന്‍: സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യയുടേയും ചൈനയുടേയും സൈന്യങ്ങള്‍ നേര്‍ക്കു നേര്‍, സംഘര്‍ഷം പുകയുന്ന അതിര്‍ത്തിയില്‍ ഇന്ത്യയുടെ വന്‍ സേനാ വിന്യാസം. 1962 ലെ യുദ്ധത്തിനു ശേഷം ആദ്യമായാണ് ഇത്രയും വലിയ തോതില്‍ ഈ മേഖലയില്‍ ഇന്ത്യ സേനാ വിന്യാസം നടത്തുന്നത്. എന്നാല്‍ യുദ്ധരീതിയിലല്ലാതെ, തോക്കിന്‍കുഴല്‍ താഴേക്കു ചൂണ്ടിയുള്ള സേനാവിന്യാസമാണ് ഇതെന്നും പ്രതിരോധം മാത്രമാണു ലക്ഷ്യമെന്നും ഉന്നതേ ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.

ഇന്ത്യ, ചൈന, ഭൂട്ടാന്‍ അതിര്‍ത്തികള്‍ സംഗമിക്കുന്ന ‘ട്രൈ ജങ്ഷന്‍’ ആണ് വീണ്ടും തര്‍ക്ക വിഷയമാക്കിയിരിക്കുന്നത്. ദോകാ ലാ എന്ന് ഇന്ത്യയും ദോകാ ലാം എന്നു ഭൂട്ടാനും ദോങ്‌ലാങ് എന്നു ചൈനയും വിളിക്കുന്ന പ്രദേശമാണിത്. ഇന്ത്യാഭൂട്ടാന്‍ടിബറ്റ് അതിര്‍ത്തി ഓരത്തുള്ള ചുംബി താഴ്‌വരയിലുള്ള ദോകാ ലായിലെ ലാല്‍ട്ടന്‍ പ്രദേശമാണ് പുതിയ തര്‍ക്കത്തിന്റെ കേന്ദ്രബിന്ദു. ഇവിടെ ഇന്ത്യ 2012ല്‍ സ്ഥാപിച്ച രണ്ടു ബങ്കറുകള്‍ നീക്കാന്‍ ജൂണ്‍ ഒന്നിനു ചൈനീസ് പട്ടാളം ആവശ്യപ്പെട്ടിരുന്നു.

പതിവായി ഉപയോഗിക്കുന്നില്ലെങ്കിലും സുരക്ഷാപ്രാധാന്യമുള്ള ഈ ബങ്കറുകള്‍ നീക്കാനുള്ള ചൈനയുടെ ആവശ്യം സേനാവിഭാഗങ്ങള്‍ പശ്ചിമ ബംഗാള്‍ സുക്‌നയിലുള്ള 33 ആം കോര്‍ ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ ആറിന് ചൈനീസ് പട്ടാളം ബുള്‍ഡോസറുകളുമായി എത്തി ബങ്കറുകള്‍ പൊളിച്ചുനീക്കുകയും പ്രദേശം തങ്ങളുടെ പരമാധികാരത്തിലുള്ള പ്രദേശമായി പ്രഖ്യാപിക്കുകയുമായിരുന്നു. കൂടുതല്‍ കടന്നുകയറ്റം തടയാന്‍ ഇന്ത്യന്‍ സൈനികര്‍ പ്രതിരോധം തീര്‍ത്തു.

അല്‍പം അകലെയുള്ള ബ്രിഗേഡ് ആസ്ഥാനത്തുനിന്ന് ഇന്ത്യ കൂടുതല്‍ സൈനികരെ അയച്ചതിനു പിന്നാലെ 141 ആം ഡിവിഷനില്‍ നിന്നു സൈനികരെ എത്തിച്ച് ചൈന ശക്തികാട്ടി. തുടര്‍ന്നാണ് ഇന്ത്യ കൂടുതല്‍ സൈനികരെ അയച്ചത്. സംഘര്‍ഷാവസ്ഥ മൂലം ടിബറ്റിലേക്കു നാഥു ലാ ചുരത്തിലൂടെയുള്ള വഴി അടച്ച് കൈലാസ് മാനസരോവര്‍ തീര്‍ഥാടനം റദ്ദാക്കിയിരിക്കുകയാണ്.

രണ്ടു ശത്രുരാജ്യങ്ങളെയും ആഭ്യന്തര ഭീഷണികളെയും ഒരേസമയം നേരിടാന്‍ ‘രണ്ടര യുദ്ധ’ത്തിനു സൈന്യം സജ്ജമാണെന്ന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് തുറന്നടിച്ചത് ചൈനയെ പ്രകോപിപ്പിച്ചിരുന്നു. 1962 യുദ്ധത്തിലെ പരാജയം ഇന്ത്യയെ ഓര്‍മിപ്പിച്ചായിരുന്നു ചൈനീസ് സേനാ വക്താവ് വു ക്വിയാന്റെ മറുപടി. ‘1962ലെ സാഹചര്യമല്ല ഇപ്പോഴുള്ളത്. ഇന്ത്യ അന്നത്തെ ഇന്ത്യയുമല്ല’ എന്ന് പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്‌ലി തിരിച്ചടിക്കുകയും ചെയ്തു.

ജമ്മു കശ്മീര്‍ അതിര്‍ത്തിയിയില്‍ ലഡാക് ഡിവിഷനിലുള്ള ദൗലത് ബെഗ് ഓള്‍ഡിയില്‍ 2013 ജനുവരിയില്‍ സമാനമായ സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നു. ദെപ്‌സാങ് സമതലം വരെ 30 കി.മീ. കടന്നുകയറിയായിരുന്നു അന്നു പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ പ്രകോപനം. 21 ദിവസം സൈന്യങ്ങള്‍ ആക്രമണ സജ്ജരായി മുഖാമുഖം നിന്നെങ്കിലും ഒടുവില്‍ ചൈന പട്ടാളത്തെ പിന്‍വലിക്കുകയായിരുന്നു. 2008 ലും ഇന്ത്യയുടെ താല്‍ക്കാലിക ബങ്കറുകള്‍ തകര്‍ത്ത് ചൈന ദോകാ ലായില്‍ ആധിപത്യത്തിനു ശ്രമിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.