
സ്വന്തം ലേഖകൻ: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ചൈനയുമായി നയതന്ത്ര ചര്‍ച്ചകള്‍ നടത്തുക എന്നതിന് ഉപരിയായി ചൈനയ്ക്കെതിരെ നീങ്ങുക എന്നതാണ് ഇന്ത്യയുടെ തന്ത്രം. കരുതലോടെയാണ് ഇന്ത്യയുടെ ചുവടുവെപ്പ്. അതിര്‍ത്തിയില്‍ സൈന്യത്തെ സജ്ജമാക്കുന്നതിനോപ്പം തന്നെ ചൈനയുടെ വാണിജ്യ വ്യാപാര രംഗത്തെ അധീശത്വം അവസാനിപ്പിക്കുന്നതിനും ഇന്ത്യ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുകയാണ്.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ചുമതല പെടുത്തുകയും ചെയ്തിരുന്നു. അതേസമയം ഹോങ്കോങ്ങിലും തായ്വാനിലും നടക്കുന്ന ചൈനാ വിരുദ്ധ പ്രക്ഷോഭത്തെ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.
അമേരിക്കയും ഹോങ്കോങ്ങില്‍ ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തില്‍ ചൈനയുടെ നീക്കങ്ങള്‍ ഇന്ത്യ നിരീക്ഷിക്കുകയാണ് ഒപ്പം തന്നെ ഹോങ്കോങ്ങിലെയും തയ്വാനിലെയും ജനകീയ സമരങ്ങളും ഇന്ത്യ നിരീക്ഷിക്കുന്നുണ്ട്.
ആവശ്യമായ സാഹചര്യം വന്നാല്‍ ചൈന ഹോങ്കോങ്ങില്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ഇന്ത്യ അന്താരാഷ്‌ട്ര തലത്തില്‍ ഉന്നയിക്കും. മേഖലയില്‍ ചൈനയുമായി നയതന്ത്ര ബന്ധം വഷളായിരിക്കുന്ന മറ്റ് രാജ്യങ്ങളുമായി വിദേശകാര്യ മന്ത്രാലയം ആശയവിനിമയം നടത്തുകയാണ്. അതിനിടെ ഹോങ്കോങ്ങിലെ പ്രക്ഷോഭകാരികള്‍ക്ക് അഭയം നല്‍കരുതെന്ന് ചൈന തയ്‌വാനോട് ആവശ്യപെട്ടിട്ടുണ്ട്.
അതേസമയം ഹോങ്കോങ്ങില്‍ പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കുന്നതിനാണ് പ്രക്ഷോഭകാരികള്‍ തയ്യാറെടുക്കുന്നത്. ചൈന തങ്ങളെ അടിച്ചമര്‍ത്തുന്നത് ഒരിയ്ക്കലും അംഗീകരിക്കില്ലെന്ന് പ്രക്ഷോഭകാരികള്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇവിടെ നിന്നും ഉള്ള വിവരങ്ങള്‍ കൃത്യമായി ശേഖരിക്കുകയും കേന്ദ്ര സര്‍ക്കാരിന് കൈമാറുകയും ചെയ്യുന്നുണ്ട്.
ഇന്ത്യക്കാര്‍ക്കുള്ള പൗരത്വ നിയമത്തില്‍ മാറ്റംവരുത്തി നേപ്പാള്‍
അതിര്‍ത്തി വിഷയങ്ങളിലടക്കം ഇന്ത്യയുമായുള്ള ബന്ധം വഷളായതിന് പിന്നാലെ ഇന്ത്യക്കാര്‍ക്കുള്ള പൗരത്വ നിയമത്തില്‍ മാറ്റംവരുത്തി നേപ്പാള്‍. പുതിയ ഭേദഗതി അനുസരിച്ച് നേപ്പാളി പൗരന്മാരെ വിവാഹം കഴിക്കുന്ന ഇന്ത്യന്‍ പെണ്‍കുട്ടികള്‍ പൗരത്വം ലഭിക്കാന്‍ കുറഞ്ഞത് ഏഴു വര്‍ഷം കാത്തിരിക്കേണ്ടിവരും. വാര്‍ത്ത സ്ഥിരീകരിച്ച നേപ്പാള്‍ ആഭ്യന്തര മന്ത്രി രാം ബഹദൂര്‍ ഥാപ്പ ഇന്ത്യന്‍ പൗരത്വ നിയമങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയെ ന്യായീകരിച്ചു.
ഇന്ത്യന്‍ പൗരനെ വിവാഹം കഴിക്കുന്ന വിദേശികള്‍ക്ക് ഏഴ് വര്‍ഷത്തിന് ശേഷം പൗരത്വം അനുവദിക്കുന്ന ഇന്ത്യയിലെ നിയമമാണ് രാം ബഹദൂര്‍ ഥാപ്പ ഉദ്ധരിച്ചത്. അതേസമയം, ഇന്ത്യയുടെ പൗരത്വ നിയമത്തിന്റെ ഈ ഉപാധി നേപ്പാള്‍ പൗരന്മാര്‍ക്ക് ബാധകമല്ലെന്ന കാര്യം പ്രസ്താവനയില്‍ നേപ്പാള്‍ ആഭ്യന്തരമന്ത്രി പരാമര്‍ശിച്ചിട്ടില്ല.
ഇന്ത്യയുടെ മേഖലകള്‍ തങ്ങളുടേതായി അടയാളപ്പെടുത്തിയ പുതിയ രാഷ്ട്രീയ ഭൂപടം ഭരണഘടനയുടെ ഭാഗമാക്കാനുള്ള ബില്ല് നേരത്തെ നേപ്പാള്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു.
ഉത്തരാഖണ്ഡിലെ ലിപുലേഖ്, കാലാപാനി, ലിംപയധുര എന്നീ പ്രദേശങ്ങളാണ് പുതിയ ഭൂപടത്തില്‍ നേപ്പാള്‍ തങ്ങളുടേതായി അടയാളപ്പെടുത്തിയത്. ഇതിന് പിന്നാലെ കാലാപാനിക്ക് സമീപം പട്ടാള ക്യാമ്പ് സ്ഥാപിക്കാന്‍ നേപ്പാള്‍ ഒരുങ്ങുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.
കശ്മീരില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം തുടരുന്നതിനിടെ കശ്മീരില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ബാരാമുള്ളയിലെ രാംപൂരിലാണ് കരാര്‍ ലംഘനം നടന്നത്. പാക്ക് വെടിവെപ്പില്‍ നാല് നാട്ടുകാര്‍ക്ക് പരിക്കുപറ്റിയിട്ടുണ്ട്. സൈന്യം തിരിച്ചടിക്കുകയാണ്. ഈ വര്‍ഷം ഇതുവരെ 2027 തവണ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്നാണ് കഴിഞ്ഞ ദിവസം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല