1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 12, 2019

സ്വന്തം ലേഖകൻ: ചെന്നൈ ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയും ചൈനയും തമ്മിലുള്ള പരസ്പര സഹകരണത്തിന്റെ പുതിയ അദ്ധ്യായം തുറക്കാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെന്നൈയിലെ മഹാബലിപുരത്ത് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി നടത്തിയ രണ്ടാംഘട്ട അനൗദ്യോഗിക ഉച്ചകോടിക്ക് ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി.

വെള്ളിയാഴ്ച മുതല്‍ അഞ്ചര മണിക്കൂറോളമാണ് നരേന്ദ്ര മോദിയും ഷി ജിന്‍പിങും തമ്മില്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയത്. വുഹാന്‍ ഉച്ചകോടി നമ്മുടെ ബന്ധത്തിന് പുതിയ ഗതിയും കരുത്തും നല്‍കിയിരുന്നു. ഇന്ന് ചെന്നൈ ഉച്ചകോടിയിലൂടെ പരസ്പര സഹകരണത്തിന്റെ പുതിയ യുഗം ആരംഭിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

നിക്ഷേപവും വ്യാപാരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒരു ഉന്നതതല സംവിധാനം രൂപവത്കരിക്കാന്‍ ഇന്ത്യയും ചൈനയും തീരുമാനിച്ചു. വിദേശകാര്യ സെക്രട്ടറി വിജയ് കെ ഗോഖലെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മോദി-ഷി ചര്‍ച്ച ഏറെ ഗുണകരമായിരുന്നെന്നും ഗോഖലെ വ്യക്തമാക്കി. ഇന്ത്യ-ചൈന ബന്ധത്തിന്റെ എഴുപതാം വാര്‍ഷികമായ അടുത്ത വര്‍ഷം വിശാലവും ആഴമേറിയതുമായ സാംസ്‌കാരിക കൈമാറ്റത്തിനായി വിനിയോഗിക്കണമെന്ന് ഷി ജിന്‍പിങ് നിര്‍ദേശിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം എയര്‍ ചൈനയുടെ ബോയിങ് 747 വിമാനത്തില്‍ ചെന്നൈയിലെത്തിയ ഷി ജിന്‍പിങ് ഉച്ചകോടിക്ക് ശേഷം ശനിയാഴ്ച ഉച്ചയോടെ വിമാനമാര്‍ഗം നേപ്പാളിലേക്ക് തിരിച്ചു. അടുത്ത ഉച്ചകോടിക്കായി പ്രധാനമന്ത്രി മോദിയെ ഷി ചൈനയിലേക്ക് ക്ഷണിച്ചു. മോദി ഈ ക്ഷണം സ്വീകരിച്ചു. ഈ ഉച്ചകോടിയുടെ വിശദാംശങ്ങള്‍ പിന്നീട് വ്യക്തമാക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. ഉച്ചകോടിയുടെ ഒരു ഘട്ടത്തിലും കശ്മീര്‍ വിഷയം ചര്‍ച്ചയായില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.