
സ്വന്തം ലേഖകൻ: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിനെ മഹാബലിപുരത്തെ ചരിത്ര സ്മാരകങ്ങള്‍ പരിചയപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ച പുരാതനക്ഷേത്രങ്ങളാണ് അദ്ദേഹത്തിനു പരിചയപ്പെടുത്തിയത്. അതിനായി തമിഴ് പാരമ്പര്യം പേറുന്ന വെള്ളമുണ്ടും വെള്ള ഷര്‍ട്ടും ധരിച്ചായിരുന്നു പ്രധാനമന്ത്രിയെത്തിയത്.
കല്ലില്‍ കൊത്തിവെച്ച ശില്‍പ്പങ്ങളാല്‍ സമ്പന്നമാണ് മഹാബലിപുരം പട്ടണം. ഒട്ടേറെ വിനോദസഞ്ചാരികളാണ് ഓരോ ദിവസവും ഇവിടെയെത്തുന്നത്. പുരാതനകാലത്തു മഹാബലിപുരവുമായി ചൈനയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായി ചരിത്രരേഖകള്‍ വ്യക്തമാക്കുന്നുണ്ട്.
വ്യാപാരവും പ്രതിരോധവും ഉള്‍പ്പെടെ വിവിധ രംഗങ്ങളില്‍ പല്ലവ രാജവംശവും ചൈനീസ് ഭരണാധികാരികളും തമ്മില്‍ സഹകരണം നിലനിന്നിരുന്നു. 1,200 മുതല്‍ 1,300 വര്‍ഷം വരെ പഴക്കമുള്ള നഗരമാണ് മാമല്ലപുരമെന്ന മഹാബലിപുരം. ഇവിടെയുള്ള തങ്ങളുടെ പഴയ വഴികളില്‍ ഷി ജിന്‍ പിങ് ഇപ്പോഴും താത്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതുകൊണ്ടാണു ദല്‍ഹിക്കു പുറത്ത് അനൗപചാരിക ഉച്ചകോടിക്കു വേദിയൊരുക്കണമെന്ന മോദിയുടെ ആവശ്യത്തിന് മഹാബലിപുരം തെരഞ്ഞെടുക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. മാത്രമല്ല, ബി.ജെ.പിയുടെ രാഷ്ട്രീയ ലക്ഷ്യം കൂടി ഇതിനു പിന്നിലുണ്ടെന്നാണ് അഭ്യൂഹങ്ങള്‍. ജയലളിതയുടെ അസാന്നിധ്യം മുതലെടുത്തു തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയാകാന്‍ പ്രാദേശിക വികാരം കൂടിയേ തീരൂ.
അതിന്റെ ഭാഗം കൂടിയാണ് ചരിത്രം ഉറങ്ങുന്ന മഹാബലിപുരത്തേക്ക് രാഷ്ട്രത്തലവന്മാരെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല