1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 21, 2020

സ്വന്തം ലേഖകൻ: ഇന്ത്യ–ചൈന സംഘർഷം പരിഹരിക്കുന്നതിന് ഇരുരാജ്യങ്ങളുമായി യുഎസ് ചർച്ചയിലാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതു വളരെ ദുഷ്‌കരമായ സാഹചര്യമാണ്. ഇന്ത്യയും ചൈനയുമായി യുഎസ് സംസാരിക്കുന്നുണ്ട്. അവിടെ പ്രശ്നങ്ങൾ സങ്കീർണമാണ്.’ – കൊവിഡ് വ്യാപനത്തിനു ശേഷം, ഒക്കലഹോമയിൽ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് റാലിക്ക് പുറപ്പെടുന്നതിനു മുൻപ് ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“അവർ പരസ്പരം പോരടിക്കുകയാണ്. എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം. അവരെ സഹായിക്കാനാണ് ശ്രമം,” സാഹചര്യം എങ്ങനെ വിലയിരുത്തുന്നു എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനു ട്രംപ് മറുപടി നൽകി. കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ ചൈനയുടെ കടന്നാക്രമണത്തെ ട്രംപ് ഭരണകൂടം നേരത്തെ അപലപിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയുണ്ടായ സംഘട്ടനത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. യുഎസ് ഇന്റലിജൻസ് വിഭാഗത്തിന്റെ റിപ്പോർട്ടു പ്രകാരം 35 ചൈനീസ് പട്ടാളക്കാരെങ്കിലും സംഭവത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

ഇന്ത്യയുൾപ്പെടയുള്ള അയൽരാജ്യങ്ങൾ കൊറോണ വൈറസിനെതിരായുള്ള പോരാട്ടത്തിൽ വ്യാപൃതരായിരിക്കുമ്പോൾ, ഈ അവസരം മുതലെടുത്ത് ചൈന അതിർത്തിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്ന് യുഎസ് തുറന്നടിച്ചിരുന്നു.

ഇതിനിടെ ലഡാക്ക് സംഘര്‍ഷത്തില്‍ ചൈനീസ് സൈന്യത്തെ കുറ്റപ്പെടുത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ രംഗത്തെത്തി. “പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയാണ് ഇന്ത്യയുമായുള്ള അതിര്‍ത്തിയിലെ സംഘര്‍ഷം വര്‍ദ്ധിപ്പിച്ചത്. ദക്ഷിണ ചൈനാ കടലിനെ സൈനികവല്‍കരിക്കുകയും അവിടെ കൂടുതല്‍ പ്രദേശങ്ങള്‍ നിയമവിരുദ്ധമായി അവകാശപ്പെടുകയും ചെയ്യുന്നു. സുപ്രധാന കടല്‍ പാതകളെ ഭീഷണിപ്പെടുത്തുന്നു,” പോംപിയോ പറഞ്ഞു.

ഇന്ത്യ–ചൈന സംഘർഷത്തെക്കുറിച്ച് പ്രസിഡന്റ് ബോധവാനാണെന്നും യഥാർഥ നിയന്ത്രണ രേഖയിലെ പ്രശ്നങ്ങൾ യുഎസ് നിരീക്ഷിച്ചുവരുകയാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്‌ലി മക്കനാനിയും കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ജൂൺ 2ന് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിൽ ചൈനയുമായുള്ള പ്രശ്നങ്ങൾ ചർച്ചചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ഭൂമി പിടിച്ചെടുക്കാന്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയാണു അക്രമങ്ങള്‍ക്കു തുടക്കമിട്ടതെന്നു കരുതുന്നതായി മുതിര്‍ന്ന അമേരിക്കന്‍ സെനറ്റര്‍ മിച്ച് മക്കോണലും പറഞ്ഞു. സെനറ്റില്‍ വിദേശനയത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും താല്‍പര്യങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി ചൈനയാണെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.