1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 17, 2021

സ്വന്തം ലേഖകൻ: ഇന്ത്യൻ മാധ്യമ പ്രവർത്തകൻ ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടതില്‍ ഖേദം പ്രകടിപ്പിച്ച് താലിബാൻ. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ സ്പിൻ ബോൽദാക്ക് പട്ടണത്തിൽ സൈന്യവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടലിനിടയിലാണ് ഇന്നലെ റോയിട്ടേഴ്സ് ഫോട്ടോ ജേണലിസ്റ്റായ ഡാനിഷ് കൊല്ലപ്പെട്ടത്. മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെടാനിടയായ ഏറ്റുമുട്ടലിനെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയില്ല. അദ്ദേഹം എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നും അറിയില്ല. താലിബാന്‍ വക്താവ് സാബിനുള്ള മുജാഹിദ് വ്യക്തമാക്കി.

“ഇന്ത്യൻ പത്രപ്രവർത്തകൻ ഡാനിഷ് സിദ്ദിഖിയുടെ മരണത്തിൽ ഞങ്ങൾ ഖേദിക്കുന്നു. മാധ്യമപ്രവർത്തകർ ഞങ്ങളെ അറിയിക്കാതെ യുദ്ധമേഖലയിൽ പ്രവേശിച്ചതില്‍ ഞങ്ങൾ ഖേദിക്കുന്നു. ആരുടെ വെടിവയ്പിലാണ് സിദ്ദീഖി കൊല്ലപ്പെട്ടതെന്ന് ഞങ്ങൾക്ക് അറിയില്ല. എങ്ങനെയാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നും അറിയില്ല. യുദ്ധമേഖലയിൽ പ്രവേശിക്കുന്ന ഏതൊരു പത്രപ്രവർത്തകനും ഞങ്ങളെ അറിയിക്കണം. ആ പ്രത്യേക വ്യക്തിക്ക് പ്രത്യേക പരിഗണന നല്‍കും,“ താലിബാൻ വക്താവ് സബിയുല്ല മുജാഹിദ് സി.എന്‍.എന്‍ – ഐ.ബി.എന്നിനോട് പറഞ്ഞു.

താലിബാനും അഫ്ഗാന്‍ സേനയും തമ്മില്‍ കാണ്ടഹാറിലുണ്ടായ വെടിവെപ്പിലാണ് റോയിട്ടേഴ്സ് വാർത്താ ഏജൻസിയുടെ ചീഫ് ഫൊട്ടോഗ്രഫർ സിദ്ദീഖി കൊല്ലപ്പെടുന്നത്. കഴിഞ്ഞയാഴ്ചയാണു കാണ്ടഹാർ താവളത്തിൽനിന്നുള്ള അഫ്ഗാൻ സേനയ്ക്കൊപ്പം സംഘർഷം റിപ്പോർട്ട് ചെയ്യാനായി സിദ്ദീഖി യുദ്ധമുഖത്തേക്കു പോയത്. താലിബാൻ ബുധനാഴ്ച പിടിച്ചെടുത്ത പ്രദേശം തിരിച്ചുപിടിക്കാൻ അഫ്ഗാൻ സേന മുന്നേറുമ്പോൾ രാവിലെ സിദ്ദീഖിയുടെ കൈയ്ക്കു പരുക്കേറ്റിരുന്നു. തുടർന്ന് വൈദ്യസഹായം നൽകി. അതിനുശേഷം മാർക്കറ്റിലെ വ്യാപാരികളുമായി സംസാരിച്ചു നിൽക്കുമ്പോഴാണു താലിബാൻ ആക്രമണമുണ്ടായതെന്നു റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

2018 ൽ റോയിട്ടേഴ്സിലെ ഡാനിഷ് സിദ്ദിഖിയും അബ്ദാൻ ആബിദിയും സംയുക്തമായി ഫീച്ചർ ഫോട്ടോഗ്രഫിക്കുള്ള പുലിറ്റ്സർ സമ്മാനം നേടിയിരുന്നു. ആദ്യമായിട്ടായിരുന്നു ഇന്ത്യയിൽ നിന്നൊരാൾ പുലിറ്റ്സർ പുരസ്കാരം നേടിയത്. റോഹിങ്ക്യൻ അഭയാർത്ഥികളെ കുറിച്ചുള്ള ചിത്രത്തിനാണ് അംഗീകാരം ലഭിച്ചത്.‌ ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം താലിബാന്‍ ഇന്റര്‍നാഷണല്‍ റെഡ് ക്രോസ് കമ്മിറ്റിക്ക് (ഐസിആര്‍സി) കൈമാറിയതായാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.