
സ്വന്തം ലേഖകൻ: രാജ്യത്തെ പ്രതിദിന കോവിഡ് രോഗകളുടെ എണ്ണത്തിൽ നേരിയ കുറവ്. 24 മണിക്കൂറിനിടെ രാജ്യത്ത് 3,11,170 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ വീണ്ടും നാലായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,077 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. എന്നാൽ ഗ്രാമീണ മേഖലയിലെ രോഗ വ്യാപനം ആശങ്കാജനകമാണെന്ന വിലയിരുത്തലിലാണ് കേന്ദ്രം.
ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിക്കപ്പെട്ടതിൽ 3,62,437 പേര്‍ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ ആകെ എണ്ണം 2,46,84,077 ആയി. ഇതുവരെ 2,70,284 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക കണക്ക്. നിലവില്‍ 36,18,458 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തെ കോവിഡ് വ്യാപനത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ട്. ശനിയാഴ്ച ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 3,26,098 പുതിയ കോവിഡ് കേസുകളാണ്. 3,890 പേരുടെ മരണവും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഗ്രാമീണ മേഖലയിലെ രോഗ വ്യാപനം ആശങ്കാജനകമാണെന്ന വിലയിരുത്തലിനെ തുടർന്ന് ഗ്രാമീണ മേഖയിലെ വീടുകളിലെത്തിയുള്ള പരിശോധനയ്ക്ക് കേന്ദ്ര നിർദ്ദേശം നൽകി.
കോവിഡ് വ്യാപനത്തിന് പിന്നാലെ പശ്ചിമ ബംഗാളിലും ഇന്ന് മുതൽ രണ്ടാഴ്ചത്തേക്ക് ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യ സർവീസുകൾ മാത്രം പ്രവർത്തിക്കും. പൊതുഗതാഗത സംവിധാനങ്ങൾ ഉണ്ടാകില്ല. എല്ലാ സ്വകാര്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.
അതിനിടെ മഹാരാഷ്ട്രയിൽ കോവിഡ് മാരകമായി തുടരുന്നു. പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നുണ്ടെങ്കിലും മരണ സംഖ്യ കുതിക്കുകയാണ്. ശനിയാഴ്ച 960 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ മാസം പ്രതിദിന രോഗികളുടെ എണ്ണം അറുപതിനായിരത്തിനും മുകളിൽ എത്തിയിരുന്നെങ്കിൽ ഇത് ഈ ആഴ്ചകളിൽ കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്. ഇന്ന് 34,898 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.
വെള്ളിയാഴ്ച 695 പേർക്ക് ജീവൻ നഷ്ടമായെങ്കിൽ ഇന്ന് 960 പേരാണ് മരിച്ചത്. രോഗം സ്ഥിരീകരിക്കുന്നവരേക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുന്നത് ആശ്വാസത്തിന് വക നൽകുന്നുണ്ട്. ഇന്ന് 59,073 പേരാണ് രോഗമുക്തരായത്. സംസ്ഥാനത്തിന്റെ രോഗമുക്തി നിരക്ക് 89.2 ശതമാനമാണ്. പോസിറ്റിവിറ്റി നിരക്കിലും കുറവുണ്ടായിട്ടുണ്ട്. ശനിയാഴ്ച 17.33 ശതമാനമാണ് ടിപിആർ.
ലോക്ഡൗൺ ഒരാഴ്ച കൂടി നീട്ടാൻ തീരുമാനിച്ചതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറിയിച്ചു. രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയുന്നുണ്ടെങ്കിലും പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിന് താഴെ എത്തണമെന്ന് അദ്ദേഹം വ്യക്തമാക്കി. നാളെ അവസാനിക്കേണ്ടിയിരുന്ന ലോക്ഡൗൺ അടുത്ത തിങ്കൾ വരെയാണ് നീട്ടിയത്.
ഏപ്രിൽ അവസാനവാരം 25,000ത്തിൽ എത്തിയ ഡൽഹിയിലെ കോവിഡ് കേസുകൾ മേയ് 11ന് 12,000ത്തിൽ എത്തുകയും ഇന്നലെ 6,430 എന്ന നിലയിലേക്ക് കുറയുകയും ചെയ്തു. ഒരു മാസത്തിനു ശേഷമാണ് പ്രതിദിന കേസുകൾ 10,000ൽ താഴെയെത്തുന്നത്. പോസിറ്റിവിറ്റി നിരക്ക് ഏപ്രിൽ അവസാനവാരം 36 ആയിരുന്നെങ്കിൽ മേയ് 11ന് അത് 17.7 ആകുകയും ഇന്നലെ 11.32 ശതമാനം എന്ന നിലയിലേക്ക് താഴുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല