
സ്വന്തം ലേഖകൻ: രാജ്യത്ത് ആശങ്ക സൃഷ്ടിച്ചു കൊണ്ട് കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. രോഗത്തില്‍ നിന്നും മോചിതരായി ആശുപത്രി വിടുന്നവരുടെ എണ്ണം കുറയുകയും രോഗബാധിതരാകുന്നവരുടെ എണ്ണം കൂടുകയും ചെയ്യുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പ്രതിദിന വര്‍ദ്ധന മൂന്നര ലക്ഷം കടന്നപ്പോള്‍ കഴിഞ്ഞ 24 മണിക്കൂറിനകത്ത് മാത്രം മരണമടഞ്ഞവരുടെ എണ്ണം 2800 ആണ്.
രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. രോഗികളുടെ എണ്ണം മൂന്നര ലക്ഷം കടക്കുന്നതും ഇതാദ്യമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,52,991 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,73,13,163 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2812 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണ സംഖ്യ 1,95,123 ആയി. അതേസമയം 2,19,272 പേര്‍ കോവിഡ് മുക്തരായി. ചികിത്സയിലുള്ളവരുടെ എണ്ണം 28 ലക്ഷം കടന്നു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാവുകയാണ്. പല ആശുപത്രികളിലും ഓക്‌സിജന്‍ ക്ഷാമം നേരിടുന്നു. ഓക്‌സിജനും ക്രെയോജനിക് ടാങ്കറുകളും ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ പത്രങ്ങളില്‍ പരസ്യം നല്‍കി. പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നതോടെ ഇന്ത്യയ്ക്ക് സഹായം പ്രഖ്യാപിച്ച് അന്താരാഷ്ട്ര കമ്പനികളും രംഗത്ത് വന്നിട്ടുണ്ട്. സഹായ വാഗ്ദാനവുമായി ഗൂഗിളും മൈക്രോസോഫ്റ്റും രംഗത്ത് എത്തി. ഇന്ത്യയൂടെ പ്രതിസന്ധി ഉലയ്ക്കുന്നെന്ന് ഗൂഗിള്‍ സിഇഒ പറഞ്ഞു. 132 കോടിയാണ് ഗൂഗിള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. യുണിസെഫ് മുഖേനെയാകും പണം കൈമാറുക എന്നാണ് വിവരം.
ഇന്ത്യയെ സഹായിക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. കോവിഷീല്‍ഡ് നിര്‍മ്മിക്കുന്നതിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അമേരിക്ക ഇന്ത്യയ്ക്ക് സഹായ വാഗ്ദാനം നടത്തിയിരിക്കുകയാണ്.
അതിനിടയില്‍ 18നും 45നും ഇടയില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ സ്വകാര്യ കേന്ദ്രങ്ങളില്‍ മാത്രമായിരിക്കും എന്ന മാര്‍ഗനിര്‍ദേശം വിവാദമായതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. മണിക്കൂറുകള്‍ക്കകം കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം തിരുത്തി. സംസ്ഥാന സര്‍ക്കാരുകള്‍ നേരിട്ട് വാക്‌സിന്‍ ലഭ്യമാകുന്ന കേന്ദ്രങ്ങളിലും രജിസ്റ്റര്‍ ചെയ്യാമെന്ന് തിരുത്തിയ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു. എന്നാല്‍ മെയ് ഒന്നിന് ആരംഭിക്കേണ്ട വാക്‌സിനേഷനുള്ള വാക്‌സിന്‍ സമയബന്ധിതമായി ലഭിക്കുമോ എന്ന ആശങ്കയിലാണ് സംസ്ഥാനങ്ങള്‍.
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കര്‍ണാടകയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ബെംഗളൂരു സിറ്റി ഉള്‍പ്പെടെ സംസ്ഥാനം പൂര്‍ണമായും ലോക്ഡൗണിലേക്ക് കടക്കുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ അറിയിച്ചു. ഏപ്രില്‍ 27 മുതല്‍ രണ്ടാഴ്ചത്തേക്കാണ് ലോക്ഡൗണ്‍. മന്ത്രിസഭ യോഗത്തിന് പിന്നാലെയാണ് തീരുമാനം. കൊവിഡ് അതീവ ഗുരുതരമായി ബാധിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് കര്‍ണാടക. ഒറ്റ ദിവസം 34000 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല