
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് 19 രണ്ടാം തരംഗത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നത് ആശ്വാസം നല്‍കുന്നുണ്ടെങ്കിലും മരണനിരക്ക് ഉയരുന്നത് ആശങ്കയായി തുടരുന്നു. ഇന്നലെ 2,67,334 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചപ്പോള്‍ 4526 പേരാണ് മരിച്ചത്. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണസംഖ്യയാണിത്.
3,89,851 പേര്‍ ഇന്നലെ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. രാജ്യത്ത് ഇതുവരെ 2,54,96,330 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2,19,86,363 പേര്‍ രോഗമുക്തരായി. 2,83,248 പേര്‍ മരണമടഞ്ഞു. 32,26,719 പോണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 18,58,09,302 ഡോസ് വാക്‌സിനേഷന്‍ നടത്തിക്കഴിഞ്ഞുവെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. ഇന്നലെയാണ് ഏറ്റവും കൂടുതല്‍ കോവിഡ് സാംപിള്‍ ടെസ്റ്റുകള്‍ നടത്തിയത്. 20,08,296 ടെസ്റ്റുകള്‍. ഇതുവരെ 32,03,01,177 ടെസ്റ്റുകള്‍ നടത്തി.
മഹാരാഷ്ട്രയിൽ മാത്രം 1,300 മരണമാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. കർണാടകയിൽ 525 മരണവും തമിഴ്നാട്ടിൽ 364 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇന്നു 2.67 ലക്ഷം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തമിഴ്നാട്ടിൽ മുപ്പത്തി മൂവായിരത്തിലധികം കേസുകളും കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിൽ മുപ്പതിനായിരത്തിലധികം കേസുകളുമുണ്ട്. രാജ്യത്ത് സജീവ കേസുകളുടെ എണ്ണം 32.26 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി 200 ജില്ലകളിൽ കോവിഡ് കേസുകൾ കുറയുന്നതായി സർക്കാർ അറിയിച്ചു. തുടർച്ചയായി 13 ആഴ്ചകളിൽ കൂടിയശേഷമാണ് ഇപ്പോൾ കുറഞ്ഞത്.
മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും അമരാവതി ജില്ലയിൽ കേസുകൾ ഉയരുകയാണ്. രാജ്യത്ത് രണ്ടാം വ്യാപനം തുടങ്ങിയപ്പോൾ കോവിഡ് കേസുകൾ ആദ്യം റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിലെ ജില്ലകളിൽ ഒന്നാണ് അമരാവതി. മാർച്ചിൽ 10 ദിവസത്തെ ലോക്ക്ഡൗണിനുശേഷം കേസുകൾ കുറഞ്ഞിരുന്നു. പിന്നീട് പെട്ടെന്ന് കേസുകളുടെ എണ്ണം ഉയരുകയായിരുന്നു.
കർണാടകയിൽ ലോക്ക്ഡൗൺ കാരണം ബുദ്ധിമുട്ട് നേരിടുന്നവർക്കായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. 1,250 കോടി രൂപയുടെ കോവിഡ് ദുരിതാശ്വാസ പാക്കേജാണ് കർണാടക സർക്കാർ പ്രഖ്യാപിച്ചത്. കർഷകർ, ഓട്ടോ, ക്യാബ് ഡ്രൈവർമാർ, നിർമാണത്തൊഴിലാളികൾ, കലാകാരന്മാർ, അസംഘടിത മേഖലയിലെ വിവിധ തൊഴിലാളികൾ എന്നിവർക്കായാണ് 1,250 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചത്.
വാക്സിൻ സ്വീകരിക്കാൻ കഴിയുന്നവർക്കെല്ലാം ഈ വർഷം നവംബർ, ഒക്ടോബർ മാസവസാനത്തോടെ വാക്സിൻ നല്കാൻ ഉദ്ദേശിക്കുന്നതായി കർണാടക സർക്കാർ പ്രഖ്യാപിച്ചു. എല്ലാ ജനങ്ങൾക്കും ഈ വർഷം അവസാനത്തോടെ വാക്സിൻ നൽകാനാണ് ശ്രമിക്കുന്നതെന്ന് കർണാടക ആരോഗ്യ മന്ത്രി കെ.സുധാകർ പറഞ്ഞു. തെലങ്കാനയിൽ ലോക്ക്ഡൗൺ നീട്ടി. മേയ് 30 വരെയാണ് നീട്ടിയത്. മേയ് 12 വരെയായിരുന്നു ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല