
സ്വന്തം ലേഖകൻ: ഇന്ത്യയിലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നുവെന്ന് റിപ്പോർട്ട്. രണ്ടു മാസത്തിനിടെയുള്ള ഏറ്റവും കുറവ് കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ റജിസ്റ്റർ ചെയ്തത് 1.14 ലക്ഷം കേസുകൾ മാത്രമാണ്. ചികിൽസയിലുള്ളവരുടെ എണ്ണം 14.77 ലക്ഷമായി കുറഞ്ഞിട്ടുണ്ട്.
1.89 ലക്ഷം പേരാണ് ഇന്നലെ മാത്രം രോഗമുക്തരായത്. രാജ്യത്ത് 23 കോടി പേരാണ് ഇതുവരെ വാക്സീൻ സ്വീകരിച്ചിരിക്കുന്നത്. നിലവിലെ കണക്കുകൾ പരിശോധിക്കുമ്പോൾ രാജ്യത്ത് സ്ഥിതി മെച്ചപ്പെടുന്നതായാണ് റിപ്പോർട്ട്. രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുകയും രോഗ മുക്തി നേടുന്നവരുടെ എണ്ണം ഉയരുകയും ചെയുന്നത് ആശ്വാസമാകുന്നു.
അതിനിടെ കോവിഡ് മൂന്നാം തരംഗം നേരിടാൻ ഒരുങ്ങി ഡൽഹി. കേസുകൾ വർധിക്കാൻ സാധ്യതയുണ്ടെന്നുള്ള വിദഗ്ധരുടെ മുന്നറിയിപ്പ് അനുസരിച്ചാണ് തയ്യാറെടുപ്പുകൾ നടത്തുന്നത്. മൂന്നാം തരംഗം കുട്ടികളെയാകും കൂടുതല്‍ ബാധിക്കുക എന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ഇത് മുന്നില്‍ കണ്ട് പീഡിയാട്രിക് ടാസ്‌ക് ഫോഴ്‌സിനെ സജ്ജമാക്കാനൊരുങ്ങുകയാണ് സർക്കാർ.
മൂന്നാം തരംഗത്തില്‍ പ്രതിദിനം 37,000 കേസുകള്‍ വരെ ഡല്‍ഹിയില്‍ ഉണ്ടായേക്കാം എന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വൈറസിന്റെ വകഭേദങ്ങള്‍ തിരിച്ചറിയുന്നതിനായി രണ്ട് ജീനോം സീക്വന്‍സിങ് ലാബുകള്‍ സ്ഥാപിക്കും. പ്രധാനപ്പെട്ട മരുന്നുകളുടെ ബഫര്‍ സ്റ്റോക്കും ഒരുക്കും. കൊറോണ വൈറസിന്റെ മൂന്നാം തരംഗത്തിനായി സമഗ്രമായ പദ്ധതി തയ്യാറാക്കുന്നതിനായി വെള്ളിയാഴ്ച ഉദ്യോഗസ്ഥരുമായും വിദഗ്ധരുമായും കെജ്‌രിവാൾ കൂടിക്കാഴ്ച നടത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല