
സ്വന്തം ലേഖകൻ: രാജ്യത്ത് ഇന്ന് 2,76,070 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3,874 പേര്‍ കോവിഡ് മൂലം മരിച്ചു. 3,69,077 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 2,57,72,400 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,23,55,440 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 2,87,122 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവില്‍ 31,29,878 സജീവ രോഗികളുണ്ട്.
രാജ്യത്ത് ഇതുവരെ 18,70,09,792 വാക്‌സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ചവര്‍ക്കും വാക്സിന്റെ ആദ്യഡോസ് സ്വീകരിച്ചശേഷം കോവിഡ് വന്ന് ഭേദമായവര്‍ക്കും മൂന്നുമാസത്തിനുശേഷം രണ്ടാമത്തെ ഡോസ് നല്‍കിയാല്‍ മതിയെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
കോവിഡ് ചികിത്സയുടെ ഭാഗമായി ആന്റിബോഡിയോ പ്ലാസ്മയോ സ്വീകരിച്ചവര്‍ക്കും ഇത് ബാധകമാണെന്ന് ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കുത്തിവെപ്പ് സ്വീകരിച്ച് 14 ദിവസത്തിനുശേഷം രക്തം ദാനംചെയ്യാം. രോഗം ഭേദമായി ആര്‍.ടി.പി.സി.ആര്‍. പരിശോധനയില്‍ നെഗറ്റീവ് വന്നാല്‍ രണ്ടാഴ്ചയ്ക്കു ശേഷം രക്തദാനത്തിന് തടസ്സമില്ല. പാലൂട്ടുന്ന അമ്മമാര്‍ക്കും വാക്സിന്‍ സ്വീകരിക്കാം. ഗര്‍ഭിണികള്‍ക്ക് സ്വീകരിക്കാമോ എന്ന വിഷയം വിദഗ്ധസമിതിയുടെ പരിഗണനയിലാണ്.
ഇന്ത്യയില്‍ കോവിഡിന്‍റെ രണ്ടാം തരംഗം ജൂലൈയോടെ കുറഞ്ഞേയ്ക്കുമെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. മൂന്നാം തരംഗം ആറു മുതല്‍ എട്ടുമാസത്തിനുള്ളില്‍ ഉണ്ടാകാമെന്നും ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴില്‍ രൂപീകരിച്ച മൂന്നംഗ വിദഗ്ധ സമിതി വിലയിരുത്തുന്നു. മേയ് അവസാനത്തോടെ പ്രതിദിന കേസുകള്‍ ഒന്നര ലക്ഷമായി കുറയും. ജൂണ്‍ അവസാനത്തോടെ പ്രതിദിന കോവിഡ് കേസുകൾ 20,000 ആകും.
ഡൽഹി, ഗോവ എന്നീ സംസ്ഥാനങ്ങളെ കൂടാതെ മഹാരാഷ്ട്ര, ഉത്തർപ്രദേശ്, കർണാടക, മധ്യപ്രദേശ്, ജാർഖണ്ഡ്, രാജസ്ഥാൻ, കേരളം, സിക്കിം, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹരിയാന, തുടങ്ങിയിടങ്ങളിലും കോവിഡ് കേസുകൾ ഇതിനകം തന്നെ ഉയർന്നിട്ടുണ്ടെന്ന് ഐഐടി കാൻപുരിലെ പ്രൊഫസർ മനീന്ദ്ര അഗർവാൾ പറഞ്ഞു. പ്രതിരോധ കുത്തിവയ്പ്പിലൂടെ ആൾക്കാർ പ്രതിരോധശേഷി കൈവരിച്ചതിനാൽ മൂന്നാം തരംഗം ധാരാളം പേരെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല