
സ്വന്തം ലേഖകൻ: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,81,386 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തില്‍ താഴെയാകുന്നത്. ആകെ രോഗബാധിതരുടെ എണ്ണം രണ്ട് കോടി നാല്പത്തിയൊന്പത് ലക്ഷം കടന്നു.
നിലവില്‍ 35 ലക്ഷം പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. അതേസമയം മരണസംഖ്യയില്‍ കാര്യമായ കുറവുകള്‍ രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,106 പേരാണ് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 2.74 ലക്ഷം പിന്നിട്ടു. മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 900ലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം രോഗമുക്തി നേടിയവരുടെ എണ്ണവും കൂടിയിട്ടുണ്ട്. 3.78 ലക്ഷം പേരാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ആകെ രോഗമുക്തരുടെ എണ്ണം രണ്ട് കോടി പതിനൊന്ന് ലക്ഷം കടന്നു. രാജ്യത്ത് വാക്സിനേഷനും പുരോഗമിക്കുന്നുണ്ട്. ഇതുവരെ പതിനെട്ട് കോടിയിലധികം പേരാണ് കൊവിഡിനെതിരെ വാക്സിന് സ്വീകരിച്ചത്.
സംസ്ഥാനത്ത് 18വയസിനു മുകളിലുള്ളവർക്കുള്ള കോവിഡ് വാക്സിനേഷൻ ഇന്നു മുതൽ തുടങ്ങി. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കു മാത്രമാണ് വാക്സിൻ നൽകുന്നത്. വാക്സിൻ അനുവദിക്കപ്പെട്ടവർക്ക് ഇതുസംബന്ധിച്ച സന്ദേശം മൊബൈൽ ഫോണിൽ ലഭിക്കും. 18 മുതൽ 44 വയസുവരെയുള്ളവർക്കാണ് വാക്സിൻ നൽകുക.
ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവർ, പ്രമേഹബാധിതർ, വൃക്ക, കരൾ രോഗികൾ തുടങ്ങി 20 തരം രോഗങ്ങളുള്ളവർക്കാണ് മുൻഗണന. ഡോക്ടറുടെ സാക്ഷ്യപത്രം സഹിതംവേണം അപേക്ഷിക്കാൻ. വാക്സിനേഷൻ കേന്ദ്രത്തിൽ അപ്പോയിൻമെന്റ് എസ്എംഎസ്, ആധാർ അല്ലെങ്കിൽ മറ്റ് അംഗീകൃത തിരിച്ചറിയൽ രേഖ, അനുബന്ധരോഗ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. സ്പോട്ട് രജിസ്ട്രേഷൻ അനുവദിക്കില്ല. രണ്ടാം ഡോസിനും ഇവർ ഓൺലൈൻ രജിസ്റ്റർ ചെയ്യണം.
പ്രതിരോധ ഗവേഷണ കേന്ദ്രം ഡിആർഡിഒ വികസിപ്പിച്ച കോവിഡ് മരുന്നിൻ്റെ പതിനായിരത്തോളം ഡോസുകൾ ഡൽഹിയിലെ വിവിധ ആശുപത്രികൾക്ക് വിതരണം ചെയ്തു. അത്യാസന്ന നിലയിലുള്ള രോഗികൾക്കാവും ഈ മരുന്ന് നൽകുക. ഡി.ഡിയോക്സി -ഡി-ഗ്ലൂക്കോസ് അഥവാ 2 ഡിജി എന്നാണ് മരുന്നിന്റെ പേര്. മരുന്നിന്റെ ഉപയോഗത്തിലൂടെ ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം മേയ്, ഒക്ടോബര്‍ മാസങ്ങളിലാണ് മരുന്നിന്റെ ക്ലിനിക്കല്‍ ട്രയല്‍ നടത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല