1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 1, 2021

സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം അതി തീവ്രമായി രാജ്യത്ത് തുടരുകയാണ്. ഇതിനിടെ രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 4,02,351 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. ഒമ്പത് ദിവസം കൊണ്ടാണ് പ്രതിദിന കോവിഡ് നിരക്ക് മൂന്ന് ലക്ഷത്തില്‍ നിന്നും നാല് ലക്ഷത്തില്‍ എത്തിയത്. ഏപ്രില്‍ മാസത്തില്‍ മാത്രം 65 ലക്ഷം കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 18 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ ആരംഭിക്കില്ല. കൂടുതല്‍ വാക്‌സിന്‍ അനുവദിക്കാതെ ഈ വിഭാഗത്തിന് വാക്‌സിന്‍ നല്‍കേണ്ടന്നാണ് സര്‍ക്കാരിന്റെ തീരുമാനം. വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ ഇന്നും വാക്‌സിന്‍ മുടങ്ങിയേക്കും. അതേസമയം സ്വകാര്യ ആശുപത്രികള്‍ അടക്കം 50 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്ക് നീക്കിവെക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.

ഇന്ന് മുതല്‍ രാജ്യത്ത് 18 വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ആരംഭിക്കുമെങ്കിലും കേരളത്തില്‍ ആരംഭിക്കില്ല. 45 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് നല്‍കാനുള്ള വാക്‌സിനാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. അതുപോലും എല്ലാ ജില്ലകളിലും വിതരണം ചെയ്യാനായിട്ടില്ല. രണ്ടാം ഡോസ് എടുക്കാനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് നല്‍കാനും വാക്‌സിന്‍ ഇല്ലാത്ത അവസ്ഥയാണ്. അതിനാല്‍ കൂടുതല്‍ വാക്‌സിന്‍ അനുവദിക്കാതെ മൂന്നാംഘട്ട വാക്‌സിനേഷന്‍ ആരംഭിക്കേണ്ട എന്നാണ് തീരുമാനം. വാക്‌സിന്‍ ക്ഷാമം രൂക്ഷമായതിനാല്‍ തിരുവനന്തപുരം ഉള്‍പ്പെടെ മിക്ക ജില്ലകളിലും ഇന്ന് വാക്‌സിനേഷന്‍ മുടങ്ങും.

ഓക്‌സിജന്‍ ക്ഷാമത്തില്‍ ഡല്‍ഹിയില്‍ വീണ്ടും കോവിഡ് രോഗികളുടെ മരണം. ഭദ്ര ആശുപത്രിയിലാണ് പ്രാണവായു കിട്ടാതെ ഡോക്ടര്‍ അടക്കം എട്ട് രോഗികള്‍ മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കാണ ദുരന്തം നടന്നതെന്ന് ആശുപത്രി അധികൃതര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഒരാഴ്ചയ്ക്കുള്ളില്‍ ഇത് ഇത് രണ്ടാം തവണയാണ് ഇവിടെ ഓക്‌സിജന്‍ ക്ഷാമം നേരിടുന്നത്. ഇതേ ആശുപത്രിയിലെ ഗ്യാസ്‌ട്രോഎന്റോളജി വിഭാഗത്തിലെ ഡോ.ആര്‍.കെ ഹിമത്താനിയാണ് മരിച്ച ഡോക്ടര്‍. മരിച്ചവരില്‍ ആറു പേര്‍ ഐ.സിയുവില്‍ ഉള്ളവരും രണ്ട് പേര്‍ കോവിഡ് വാര്‍ഡുകളില്‍ ഉള്ളവരുമാണ്.

ഉച്ചയ്ക്ക് ് 12.45 ഓടെ ഓക്‌സിജന്‍ പൂര്‍ണ്ണമായും തീര്‍ന്നു. 1.30നാണ് ഓക്‌സിജന്‍ എത്തിയത്. ഒരു മണിക്കൂര്‍ 20 മിനിറ്റ് സമയം രോഗികള്‍ ഓക്‌സിജന്‍ ഇല്ലാതെയാണ് കഴിഞ്ഞത. ആശുപത്രിയില്‍ ഗുരുതരവാസ്ഥയിലുള്ള 230 രോഗികളുണ്ട്. 80 മിനിറ്റാണ് ഇവര്‍ ഓക്‌സിജന്‍ ഇല്ലാതെ കഴിഞ്ഞത്. ആരും മരണപ്പെട്ടില്ലെന്ന് കരുതുന്നുവെന്ന് കോടതി പ്രതികരിച്ചപ്പോഴാണ് ‘മരണം നടന്നു. ഞങ്ങളുടെ ഒരു ഡോക്ടര്‍ അടക്കം’-ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഓക്‌സിജന്‍ ക്ഷാമം അറിയിച്ച് ആശുപത്രി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.സുധാന്‍സു ഭക്ത് അപായ സൂചന നല്‍കിയിരുന്നു. ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം നേരിടുകയാണ്. ഏതാനും സിലിണ്ടറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. പത്ത് മിനിറ്റിനകം അവ തീരുമെന്നും മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു. ആശുപത്രിയില്‍ സാഹചര്യം മനസ്സിലാക്കിയ കോടതി അടിയന്തരമായി ഹരിയാനയില്‍ നിന്നും ഓക്‌സിജന്‍ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി.

അതിനിടെ, ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളെ ചികിത്സിക്കാന്‍ താല്‍ക്കാലികമായി തയ്യാറാക്കിയ ആശുപത്രികള്‍ ഓക്‌സിജന്‍ കിട്ടാത്തതിനാല്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. കേന്ദ്രം ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കിയാല്‍ ഓക്‌സിജന്‍ സീകര്യമുള്ള 9,000 കിടക്കകള്‍ തയ്യാറാക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, ഓക്‌സിജന്‍ ക്ഷാമമുണ്ടെന്ന മുറ്റനിയിപ്പ് ഫോര്‍ട്ടിസ് ആശുപത്രിയും പുറത്തുവിട്ടു. 106 രോഗികളാണ് ഇവിടെ ഗുരുതരാവസ്ഥയിലുള്ളത്.

ഗുജറാത്തില്‍ കോവിഡ് ആശുപത്രിയ്ക്ക് തീപിടിച്ച് 18 കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം. ബറൂച്ചിലെ പട്ടേല്‍ വെല്‍ഫെയര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ഇന്ന് പുലര്‍ച്ചയോടെ തീപിടുത്തം ഉണ്ടായത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അമ്പതോളം രോഗികളെ നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും ചേര്‍ന്ന് രക്ഷിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പലര്‍ക്കും ഗുരുതരമായി പൊള്ളലേറ്റതിനാല്‍ മരണം ഇനിയും വര്‍ദ്ധിക്കുമെന്നാണ് റിപ്പോർട്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.