1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2021

സ്വന്തം ലേഖകൻ: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിലും മരണസംഖ്യയിലും വര്‍ധന. ചൊവ്വാഴ്ചത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണവും മരണസംഖ്യയും ഇന്ന് വര്‍ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,32,788 പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആയി. 3207 പേര്‍ മരണമടഞ്ഞു. 2,32,456 പേര്‍ രോഗമുക്തരായി എന്ന ആശ്വാസവുമുണ്ട്.

പ്രതിദിന രോഗികളേക്കാള്‍ രോഗമുക്തരുടെ എണ്ണം കഴിഞ്ഞ 20 ദിവസമായി ഉയര്‍ന്നുതന്നെയാണ് നില്‍ക്കുന്നത്. 92.48% ആണ് രോഗമുക്തി നിരക്ക്. ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ തലേദിവസത്തെ അപേക്ഷിച്ച് 1,01,875 പേരുടെ കുറവുണ്ട്. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.21% ആണ്. പ്രതിദിന പോസിറ്റീവ് നിരക്ക് 6.57 ശതമാനത്തില്‍ എത്തി. തുടര്‍ച്ചയായ ഒമ്പതാം ദിവസമാണ് നിരക്ക് 10 ശതമാനത്തില്‍ താഴെയെത്തുന്നത്.

ഇതുവരെ 2,83,07,832 പേര്‍ കോവിഡ് ബാധിതരായപ്പോള്‍ 2,61,79,085 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 3,35,102 പേര്‍ മരണമടഞ്ഞു. 17,93,645 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 21,85,46,667 ഡോസ് വാക്‌സിനാണ് ഇതുവരെ വിതരണം ചെയ്തത്. ഇന്നലെ 20,19,773 കോവിഡ് സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇതുവരെ 35,00,57,330 ടെസ്റ്റുകള്‍ നടത്തിയെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു.

ഇന്ത്യയുടെ പകുതിയോളം പ്രദേശത്തും കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെയാണ്. രണ്ടാം കോവിഡ് തരംഗത്തിന്റെ തീവ്രഘട്ടം മറി കടന്നതായും രോഗം പകരുന്നതില്‍ വലിയ തോതില്‍ സ്ഥിരത കൈവരിച്ചതായും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഏപ്രില്‍ ആദ്യ വാരത്തില്‍ ഇന്ത്യയിലെ 200 ല്‍ താഴെ ജില്ലകളില്‍ മാത്രമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി 10 ശതമാനത്തിന് മുകളില്‍. ഏപ്രില്‍ അവസാനത്തോടെ ഇത് 600 ജില്ലകളായി ഉയര്‍ന്നു.

“രാജ്യത്തെ പകുതിയോളം വരുന്ന 350 ജില്ലകളില്‍ നിലവില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെയാണ്. 145 ജില്ലകളില്‍ അഞ്ചിനും പത്ത് ശതമാനത്തിനും ഇടയിലാണ് നിരക്ക്. ബാക്കിയുള്ള 239 ജില്ലകളിലാണ് പത്ത് ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ളത്,“ ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ.ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശമനുസരിച്ച് ഒരു പ്രദേശത്ത് തുടര്‍ച്ചയായി രണ്ടാഴ്ചകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ടാഴ്ചയെങ്കിലും തുടര്‍ച്ചയായി അഞ്ചു ശതമാനത്തില്‍ താഴെയാണെങ്കില്‍ കോവിഡ് വ്യാപനം സ്ഥിരതയിലാണെന്ന് പറയാം.

“നമ്മള്‍ ശരിയായ ദിശയിലേക്കാണ് നീങ്ങുന്നത്. പരിശോധനകളും ജില്ലാതലത്തിലെ നിയന്ത്രണങ്ങളും കാര്യങ്ങള്‍ എളുപ്പമാക്കി. എന്നിരുന്നാലും, ഇത് സുസ്ഥിര പരിഹാരമല്ല. ലോക്ക്ഡൗണുകളും മറ്റു നിയന്ത്രണങ്ങളും ലഘൂകരിക്കുന്നതിനുള്ള ഒരു സംവിധാനം നമ്മള്‍ കണ്ടെത്തേണ്ടതുണ്ട്, അത് വളരെ ക്രമേണയും വളരെ സാവധാനത്തിലും ചെയ്യേണ്ടതാണ്,“ ഭാര്‍ഗവ കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ കണ്ടെത്തിയ വൈറസ് വകഭേദങ്ങളിൽ ബി.1.617.2 മാത്രമാണ് അപകടകാരിയെന്നു ലോകാരോഗ്യ സംഘടന വ്യക്തമാക്കി. മറ്റ് വകഭേദങ്ങള്‍ കാര്യമായ വ്യാപനമുണ്ടാക്കുന്നില്ലെന്നും’ ലോകാരോഗ്യ സംഘടന പറഞ്ഞു. ബി.1.617 വകഭേദം അപകടകാരിയാണെന്ന് കഴിഞ്ഞ മാസം യുഎൻ ആരോഗ്യ ഏജൻസി പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ഇതിൽ ഒരു വകഭേദം മാത്രമാണ് അപകടകാരിയെന്നാണ് യുഎൻ ഏജൻസി ചൊവ്വാഴ്ച പ്രഖ്യാപിച്ചത്. ബി.1.617.2 വേഗത്തിൽ പകരാവുന്നതും മാരകവും, പ്രതിരോധ വാക്സിന്റെ സുരക്ഷിതത്വം മറികടക്കാൻ കഴിവുളളതുമാണ്. ഈ വകഭേദവുമായി ബന്ധപ്പെട്ട് കൂടുതൽ നിരീക്ഷണങ്ങൾ നടന്നു വരികയാണ്. വെല്ലുവിളികൾ നിലവിൽ ബി.1.617.2മായി ബന്ധപ്പെട്ടുളളതായതിനാൽ ഇതേ കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.