1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 18, 2021

സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് മൂന്നാം തരംഗമുണ്ടായാല്‍ നേരിടാന്‍ എട്ട് നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച് ആരോഗ്യ വിദഗ്ധര്‍. ആരോഗ്യ സര്‍വീസിലെ വികേന്ദ്രീകരണം ഉറപ്പാക്കണമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഓരോ ജില്ലകളിലും കോവിഡ് കേസുകളുടെ എണ്ണത്തില്‍ വ്യത്യാസമുള്ള സാഹചര്യത്തില്‍ ഇത് അനിവാര്യമാണെന്നാണ് ലാന്‍സെറ്റ് ജേണലില്‍ ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

കോവിഡ് മൂലം വരുമാനമാര്‍ഗം നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാരുകള്‍ നേരിട്ട് പണം കൈമാറി സഹായമൊരുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പ്രതിസന്ധിയില്‍ പെട്ടു നട്ടം തിരിയുന്ന സ്ഥാപനങ്ങള്‍ക്ക് ജീവനക്കാരെ നിലനിര്‍ത്താന്‍ കഴിയുന്ന തരത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സഹായം ലഭ്യമാക്കണമെന്നും ഇവര്‍ വ്യക്തമാക്കി.

ആംബുലന്‍സുകള്‍, ഓക്‌സിജന്‍, അവശ്യമരുന്ന്, ആശുപത്രി പരിചരണം എന്നിവയുടെ വില നിയന്ത്രിക്കുന്നതിനായി സുതാര്യമായ ദേശീയ വിലനിര്‍ണയ നയം സര്‍ക്കാര്‍ രൂപീകരിക്കണം. ആശുപത്രി ചെലവുകള്‍ നിലവിലുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കുള്ളില്‍ ഒതുങ്ങുന്ന നിലയുണ്ടാകണം.

കോവിഡിനെക്കുറിച്ചുള്ള ശാസ്ത്രീയമായ വിവരങ്ങള്‍, കോവിഡ് പരിചരണരീതി സംബന്ധിച്ച രാജ്യന്തര മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി പ്രാദേശിക ഭാഷകളില്‍ കൂടുതല്‍ പ്രചരിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യമേഖലയില്‍നിന്നുള്‍പ്പെടെ പരമാവധി ആരോഗ്യപ്രവര്‍ത്തകരെ രംഗത്തിറക്കണം. ഇവര്‍ക്കുള്ള സുരക്ഷാ ഉപകരണങ്ങളും സംവിധാനങ്ങളും മാര്‍ഗനിര്‍ദേശങ്ങളും കൃത്യമായി നല്‍കുകയും ചെയ്യണമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ലഭ്യമായ വാക്‌സീന്റെ ഫലപ്രദമായ ഉപയോഗം ഉറപ്പാക്കുന്ന തരത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍ഗണനാക്രമം നിശ്ചയിക്കണം. ഒരു സാഹചര്യത്തിലും വാക്‌സീന്‍ സംബന്ധിച്ച വിപണി മത്സരത്തിനുള്ള അവസരമൊരുക്കരുത്.

സമൂഹത്തിന്റെ താഴേത്തട്ടില്‍നിന്നുള്ള സഹകരണമാണ് കോവിഡ് പ്രതിരോധത്തിന്റെ ആണിക്കല്ല്. മുംബൈ ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ കോവിഡ് നിയന്ത്രണത്തിന് ഇത് അനിവാര്യമാണ്. ജില്ലാ തലത്തില്‍ തയാറെടുപ്പുകള്‍ നടത്തുന്നതിന് കൃത്യമായ വിവരശേഖരണവും പങ്കുവയ്ക്കലും സര്‍ക്കാരുകള്‍ ഉറപ്പാക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.