1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 9, 2021

സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിലേയും ഉത്തർപ്രദേശിലേയും ലോക്ഡൗൺ നീട്ടാൻ തീരുമാനിച്ചു. ഇരുസംസ്ഥാനങ്ങളിലും 17 വരെ നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങൾ തുടരും. അതേസമയം, ​ഭാഗിക ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന തമിഴ്നാട്ടില്‍ നാളെ മുതല്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ നടപ്പാക്കും. ഈ മാസം 24 വരെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.

തമിഴ്നാട്ടിൽ നാളെമുതൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യ സര്‍വ്വീസുകള്‍ മാത്രമേ അനുവദിക്കൂ. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഉച്ചയ്ക്ക് 12 മണിവരെ പ്രവര്‍ത്തിക്കും. അടിയന്തര ആവശ്യക്കാരെ മാത്രമേ തമിഴ്നാട് അതിര്‍ത്തി വഴി കടത്തിവിടൂ. കേരള തമിഴ്നാട് അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

കേരളത്തിലേക്ക് ഉള്‍പ്പടെയുള്ള ട്രെയിന്‍ സര്‍വ്വീസുകള്‍ അധികവും റദ്ദാക്കി. വിമാന സര്‍വ്വീസിന് മാറ്റമില്ല. സിനിമാ സീരിയില്‍ ഷൂട്ടിങ്ങിന് ഉള്‍പ്പടെ വിലക്കുണ്ട്. അനുമതി ഇല്ലാതെ പുതിയ ഷൂട്ടിങ്ങുകൾ തുടങ്ങരുതെന്നും നിർദ്ധേശമുണ്ട്. നിലവിൽ കേരളം, ഡൽഹി, ഹരിയാന, ബിഹാർ, യുപി, ഒഡീഷ, രാജസ്ഥാൻ, കർണാടക, ഝാർഖണ്ഡ്, ഛത്തീസ്ഗഡ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ സമ്പൂർണ ലോക്ഡൗണിലേക്ക് കടന്നിരിക്കുകയാണ്. ഇതിനുപുറമേ പത്തോളം സംസ്ഥാനങ്ങളിൽ രാത്രികാല, വാരാന്ത്യ കർഫ്യൂവും നിലനിൽക്കുന്നുണ്ട്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം നാല് ലക്ഷം കടന്നു. 4,03,738 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 4,092 പേരാണ് ഒറ്റ ദിവസം കൊവിഡ് ബാധിച്ചു മരിച്ചത്. രാജ്യത്ത് കൊവിഡ് അതീവ ഗുരുതരമായി തുടരുകയാണ്. അതേസമയം, കൊവിഡിനെ നേരിടാന്‍ ഡി.ആര്‍.ഡി.ഒ (ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡിവലപ്മെന്റ് ഓര്‍ഗനൈസേഷന്‍) വികസിപ്പിച്ച മരുന്നിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയാണ് മരുന്നിന് അനുമതി നല്‍കിയത്.

ഡി.ആര്‍.ഡി.ഒയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അലൈഡ് സയന്‍സസും ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലാബുമായി സഹകരിച്ച് വികസിപ്പിച്ച 2-ഡിയോക്സി-ഡി-ഗ്ലൂക്കോസ് (2ഡി.ജി) എന്ന മരുന്നിനാണ് അംഗീകാരം ലഭിച്ചത്. രോഗികള്‍ ഓക്സിജനെ ആശ്രയിക്കുന്നത് കുറയ്ക്കാനും കൂടുതല്‍ വേഗത്തില്‍ രോഗമുക്തി നേടാനും മരുന്ന് സഹായിക്കുമെന്നാണ് ക്ലിനിക്കല്‍ പരിശോധനാ ഫലങ്ങള്‍ തെളിയിക്കുന്നത്. ഗ്ലൂക്കോസിന്റെ ജനറിക് തന്മാത്രയും അനലോഗും ആയതിനാല്‍ ഇത് എളുപ്പത്തില്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നും ഡി.ആര്‍.ഡി.ഒ പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.