1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 1, 2021

സ്വന്തം ലേഖകൻ: കോവിഡ് ഗുരുതരമായി വർധിക്കുന്ന ഇന്ത്യയിൽ ലോക്ഡൗൺ അനിവാര്യമാണെന്ന അഭിപ്രായവുമായി യുഎസ് വൈറ്റ് ഹൗസ് ചീഫ് മെഡിക്കൽ ഓഫിസർ ആന്തണി ഫൗച്ചി. ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണു കുറച്ച് ആഴ്ചകളെങ്കിലും രാജ്യം പൂർണമായി അടച്ചിടണമെന്ന് അഭിപ്രായപ്പെട്ടത്. കോവിഡ് രണ്ടാം വ്യാപനം അപകടകരമായി തുടരുന്ന സ്ഥിതിക്കു താൽക്കാലിക പ്രതിവിധി ലോക്ഡൗൺ ആണെന്ന് അദ്ദേഹം നിരീക്ഷിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ദുരന്തസേനയെ തയാറാക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുകയും ചെയ്യണം.

“രോഗവ്യാപനം ഗുരുതരമായതിനാൽ ഓക്‌സിജൻ, മെഡിക്കൽ പരിചരണം, പിപിഇ കിറ്റ് എന്നീ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ലോകത്തിനാകെ വാക്സീൻ ഉൽപാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തെ നിലവിലുള്ള സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി ആവശ്യത്തിനു വാക്സീൻ ഉൽപാദനം നടത്താൻ സാധിക്കണം. ലോകത്തു വാക്സീൻ ഉൽപാദിപ്പിക്കുന്ന കമ്പനികളുമായി കരാറുകൾ ഒപ്പിടണം. അവരുടെ സഹായത്തോടെ ആവശ്യത്തിനു വാക്സീൻ എത്തിക്കണം,“ ഫൗച്ചി പറഞ്ഞു.

“കോവിഡിനെതിരായ പോരാട്ടത്തിൽ വളരെ തിടുക്കത്തിലാണു വിജയിച്ചതായി പ്രഖ്യാപിച്ചതെന്നും അത് അനുചിതമായെന്നും ഏതെങ്കിലും സർക്കാരിന്റെ പേരു പരാമർശിക്കാതെ അദ്ദേഹം പറഞ്ഞു. ‘രാജ്യം താൽക്കാലികമായെങ്കിലും അടച്ചിടണം. രോഗവ്യാപനം കടുത്തപ്പോൾ ചൈന ചെയ്‍തതുപോലെ ആറു മാസത്തേക്ക് അടച്ചിടേണ്ട ആവശ്യമുണ്ട് എന്നല്ല പറയുന്നത്. കോവിഡ് വ്യാപനം കുറയുന്ന വരെയെങ്കിലും രാജ്യം അടച്ചിടുന്നതാണു കേസുകൾ കുറയാൻ നല്ലത്. രോഗീപരിചരണത്തിന് ആവശ്യമായ കാര്യങ്ങൾ വർധിപ്പിക്കുകയും വേണം,“ അദ്ദേഹം കൂട്ടിച്ചേർത്തു.

“ലോക്ഡൗൺ ആർക്കും ഇഷ്ടമല്ല. പക്ഷെ വൈറസ് വ്യാപനം തടയാൻ ഇത്തരം നടപടികൾ അത്യാവശ്യമാണ്. ജനങ്ങൾ ഓക്സിജൻ ലഭിക്കാൻ പരക്കം പായുന്നു. അവരെ സഹായിക്കുന്നതിനു സംഘടനകളുടെ അഭാവം ഉള്ളതായി ശ്രദ്ധയിൽപ്പെട്ടു. 140 കോടി ജനങ്ങൾ വസിക്കുന്ന ഇന്ത്യയിൽ ആകെ ജനസംഘ്യയുടെ 2 ശതമാനം മാത്രമാണ് ഇതുവരെ വാക്സീൻ സ്വീകരിച്ചത്. വാക്സീൻ വിതരണം കൂടുതൽ കാര്യക്ഷമമാവണം,“ അദ്ദേഹം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.