
സ്വന്തം ലേഖകൻ: ഒമാനിലേക്കുള്ള പ്രവേശന വിലക്ക് ഇന്നു മുതൽ പ്രാബല്യത്തിൽ. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദര്‍ശിച്ചവര്‍ക്കും ഒമാനില്‍ പ്രവേശിക്കാന്‍ കഴിയില്ല. ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകള്‍ ആശങ്കാജനകമായി ഉയരുന്ന സാഹചര്യത്തിലാണ് ഒമാന്‍ ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്. ഏപ്രില്‍ 24 വൈകിട്ട് ആറു മണി മുതല്‍ പ്രവേശന വിലക്ക് നിലവില്‍ വരും.
എത്ര ദിവസത്തേക്കാണ് പ്രവേശന വിലക്ക് എന്ന് വ്യക്തമാക്കിയിട്ടില്ല. സുപ്രീം കമ്മിറ്റിയാണ് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തികൊണ്ടുള്ള ഉത്തരവിറക്കിയത്. പാകിസ്താന്, ബംഗ്ലാദേശ് എന്നീ രാജ്യക്കാര്‍ക്കും ഒമാന്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ, പാകിസ്താന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും ഉടനെയൊന്നും ഒമാനിലേക്ക് പ്രവേശിക്കാന്‍ കഴിയില്ല.
ഇപ്പോള്‍ അവധിക്ക് കേരളത്തിലുള്ള നിരവധി പ്രവാസികള്‍ ഒമാനിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയാണ്. അത്തരക്കാരുടെ യാത്ര അനിശ്ചിതമായി മുടങ്ങും. സൗദി അറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങളിലേക്ക് ഇപ്പോള്‍ ഇന്ത്യക്കാര്‍ക്ക് പോകാന്‍ കഴിയുന്ന സാഹചര്യമില്ല. ഇപ്പോള്‍ ഒമാന്‍ കൂടി പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതോടെ പ്രവാസികളുടെ തൊഴില്‍ പ്രതിസന്ധി കൂടും.
ഒമാൻ്റെ ഔദ്യേഗിക വിമാനക്കമ്പനിയായ ഒമാൻ എയർ ഇന്ത്യ, പാകിസ്താൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിലേക്ക് സർവിസ് തുടരും. മൂന്ന് രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ഒമാൻ വിലക്കേർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് വിമാനക്കമ്പനി അധികൃതർ ഇക്കാര്യമറിയിച്ചത്. പോകുന്ന രാജ്യത്തെയും ഒമാനിലെയും കോവിഡ് മാനദണ്ഡങ്ങൾ യാത്രക്കാർ പൂർണമായും പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്. ഒമാനിൽനിന്ന് യാത്രക്കാരുമായി പോകുന്ന വിമാനങ്ങൾ തിരികെ വരുേമ്പാൾ യാത്രക്കാരെ കയറ്റില്ല. അതിനാൽ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരാനും സാധ്യതയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല