1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 29, 2021

സ്വന്തം ലേഖകൻ: ഇരട്ടമാറ്റം സംഭവിച്ചിട്ടുള്ള കൊറോണ വൈറസിന്റെ ഇന്ത്യൻ ഇനം (B.1.617) 17 രാജ്യങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു. കോവിഡിന്റെ രണ്ടാം വരവിൽ ഏറെ വ്യാപനശേഷിയുള്ള ഈ ഇനമാണ് കൂടുതൽ കാണപ്പെടുന്നത്. കഴിഞ്ഞയാഴ്ച 57 ലക്ഷം പേരാണ് ലോകമെങ്ങും കോവിഡ് പോസിറ്റീവായുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ (21,72,063) ഇന്ത്യയിലാണ്. യുഎസാണ് രണ്ടാമത്– 406,001.

B.1.617ന്റെ തന്നെ 3 വകഭേദങ്ങൾ B.1.617.1, B.1.617.2, B.1.617.3 ഇന്ത്യയിൽ കാണുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വ്യാപനമുണ്ടായ മഹാരാഷ്ട്രയിലെ രോഗികളിൽ 50% പേരിൽ ഇതു കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബർ 20നാണ് B.1.617 ഇന്ത്യയിൽ ആദ്യം കണ്ടെത്തിയത്. ഇന്ത്യയിൽ ഉപയോഗിക്കുന്ന വാക്സീനുകളായ കോവിഷീൽഡും കോവാക്സിനും ഇതിനെതിരെ ഫലപ്രദമാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി ഡയറക്ടർ അനുരാഗ് അഗർവാൾ അറിയിച്ചു.

ഇന്ത്യയിൽ അതിവ്യാപന ശേഷിയുള്ള കോവിഡ് വകഭേദങ്ങളുടെ സാന്നിധ്യം ശക്തമായതോടെ വിമാന വിലക്കും ക്വാറന്റീനും നിർബന്ധമാക്കി കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ. ഓസ്ട്രിയ, സ്‌പെയിൻ, ചെക്ക് റിപ്പബ്ലിക്, നെതർലാൻഡ്‌സ് എന്നീ രാജ്യങ്ങളാണു കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയ്‌ക്കെതിരെ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയത്. ബ്രിട്ടൻ, ജർമ്മനി, ഫ്രാൻസ്, ഇറ്റലി, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങൾ നേരത്തെ തന്നെ ഇന്ത്യയെ ഹൈ റിസ്‌ക് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നു.

10 മുതൽ 14 ദിവസം വരെയാണു മിക്ക രാജ്യങ്ങളിലും നിർബന്ധിത ക്വാറന്റീൻ. ഇന്ത്യയിൽ നിന്നു വരുന്നതിനു നിയന്ത്രണമുണ്ടെങ്കിലും അതാതു രാജ്യങ്ങളിലെ പൗരന്മാർക്കും റെസിഡന്റ് പെർമിറ്റ് ഉള്ളവർക്കും മാത്രം ക്വാറന്റീൻ നിയമങ്ങൾ പാലിച്ചു രാജ്യത്തു പ്രവേശിക്കാൻ അനുമതിയുണ്ട്. കോവിഡിന്റെ ഇന്ത്യൻ വകഭേദം കുടുതൽ യൂറോപ്യൻ രാജ്യങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്‌തു. നിരോധനം കൊണ്ടുവന്ന യൂറോപ്യൻ രാജ്യങ്ങളിൽ ചിലത്, ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്കു പുറമെ പ്രൈവറ്റ് ജെറ്റ്, ചരക്ക് വിമാനങ്ങൾക്കും രാജ്യത്ത് ലാൻഡിങ്ങിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.