1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 24, 2021

സ്വന്തം ലേഖകൻ: ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ വീണ്ടും നീട്ടി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. പുതുതായി ജൂലൈ 28 വരെയാണ് നീട്ടിവച്ചിരിക്കുന്നതെന്ന് എമിറേറ്റ്‌സ് എയര്‍ലൈനിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വ്യക്തമാക്കി. ഇവിടങ്ങളില്‍ കൊവിഡിന്റെ ഡെല്‍റ്റ വകഭേദം ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുഎഇ അധികൃതരുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടിയെന്നും എയര്‍ലൈന്‍സ് അറിയിച്ചു.

രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും യാത്രാവിലക്കുണ്ട്. ജൂലൈ 25 വരെ ഇന്ത്യയില്‍ നിന്ന് വിമാന സര്‍വീസ് നടത്തില്ലെന്നായിരുന്നു അവസാനമായി എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചിരുന്നത്. ജൂലൈ 31 വരെ സര്‍വീസില്ലെന്ന് ഇത്തിഹാദ് എയര്‍വെയ്സും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഇന്ത്യയുള്‍പ്പെടെ 16 രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്ന യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് എമിറേറ്റ്‌സ് സര്‍വീസ് വീണ്ടും നീട്ടിയത്. ഇതോടെ, പെരുന്നാള്‍ അവധി കഴിയുന്നതോടെ യുഎഇയിലേക്ക് മടങ്ങിയെത്താമെന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. ഈ രാജ്യങ്ങളിലെ കൊവിഡ് വ്യാപനത്തിന്റെ അവസ്ഥ യുഎഇ സര്‍ക്കാര്‍ നിരീക്ഷിക്കുകയാണെന്നും അതിനനുസരിച്ചായിരിക്കും തുടര്‍ തീരുമാനമെന്നും അതോറിറ്റി വ്യക്താക്കി.

അതേസമയം, ഈ രാജ്യങ്ങളില്‍ നിന്ന് യുഎഇ പൗരന്മാര്‍, നയതന്ത്ര പ്രതിനിധികള്‍, ഗോള്‍ഡന്‍ വിസയോ നിക്ഷേപക വിസയോ ഉള്ളവര്‍, ദുബായ് എക്‌സ്‌പോയില്‍ പങ്കെടുക്കുന്നവര്‍ എന്നിവര്‍ക്ക് യുഎഇ യാത്രയ്ക്ക് തടസ്സമില്ല. കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ ഏപ്രില്‍ 24നാണ് ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് യുഎഇ വിലക്കേര്‍പ്പെടുത്തിയത്. ജൂണ്‍ അവസാനത്തോടെ സര്‍വീസ് പുനരാരംഭിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും തീരുമാനം പല തവണ മാറ്റിവയ്ക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.