1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 22, 2021

സ്വന്തം ലേഖകൻ: ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ വാക്‌സീന്‍ വിഷയത്തില്‍ തീരുമാനം മാറ്റി ബ്രിട്ടന്‍. കോവിഷീല്‍ഡിന് അംഗീകാരം നല്‍കുന്ന തരത്തില്‍ യാത്രാ മാര്‍ഗനിര്‍ദേശത്തില്‍ ബ്രിട്ടന്‍ മാറ്റം വരുത്തി. അസ്ട്രസെനക കോവിഷീല്‍ഡ് ഉള്‍പ്പെടെയുള്ള വാക്‌സീനുകള്‍ അംഗീകൃത വാക്‌സീനുകളാണെന്ന് പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

എന്നാല്‍ അംഗീകൃത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്ല. ഈ സാഹചര്യത്തില്‍ വാക്‌സീന്‍ എടുത്ത ശേഷം ഇന്ത്യയില്‍നിന്ന് എത്തുന്നവര്‍ക്ക് നിര്‍ദേശിച്ചിരിക്കുന്ന 10 ദിവസത്തെ ക്വാറന്റീന്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഇന്ത്യ നല്‍കുന്ന വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റിലാണു പ്രശ്‌നമെന്ന് ബ്രിട്ടീഷ് അധികൃതര്‍ പറയുന്നു. എന്നാല്‍ ഇന്ത്യ ഇതു തള്ളി. വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കോവിഡ് വാക്‌സീന്‍ എടുത്ത ഇന്ത്യക്കാര്‍ക്ക് യുകെയില്‍ ക്വാറന്റീന്‍ ഏര്‍പ്പെടുത്തിയ നടപടി പിന്‍വലിക്കണമെന്നും അല്ലാത്ത പക്ഷം തിരിച്ചും നടപടിയുണ്ടാകുമെന്നും ഇന്ത്യ ബ്രിട്ടനെ അറിയിച്ചിരുന്നു. ന്യൂയോര്‍ക്കില്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ യുകെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് യാത്രാ മാര്‍ഗനിര്‍ദേശം ബ്രിട്ടന്‍ പുതുക്കിയത്.

ബ്രിട്ടിഷ് നിര്‍മിത ഓക്‌സ്ഫഡ് അസ്ട്രാസെനക വാക്‌സീന്റെ ഇന്ത്യന്‍ പതിപ്പായ കോവിഷീല്‍ഡ് എടുത്തവര്‍ക്കു പോലും 10 ദിവസം ക്വാറന്റീന്‍ ഏര്‍പ്പെടുത്തിയത് വിവേചനമാണെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ശൃംഗ്ല പറഞ്ഞു. സാധാരണ പരസ്പര ധാരണപ്രകാരമാണ് കോവിഡ് യാത്രാനുമതി നല്‍കുന്നത്. ഈ വിഷയത്തിലും അതേ രീതിയിലാണ് ഇന്ത്യ പ്രതികരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യക്കാര്‍ക്ക് യുകെയില്‍ വാക്‌സീന്‍ എടുക്കാത്തവര്‍ക്കുള്ള 10 ദിവസത്തെ ക്വാറന്റീന്‍ ഏര്‍പ്പെടുത്തിയ നടപടിയില്‍ ഉടന്‍ പരിഹാരം വേണമെന്ന് മന്ത്രിതല ചര്‍ച്ചയില്‍ ഇന്ത്യ ആവശ്യപ്പെട്ടു. അതിനിടെ കോവിഷീൽഡ് വാക്സീന് അംഗീകാരം നൽകാത്ത ബ്രിട്ടീഷ് സർക്കാരിന്റെ നടപടിയെ നയതന്ത്ര വിഷയമാക്കുകയാണ് ഇന്ത്യ. പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ സമാനസ്വഭാവമുള്ള നടപടി തിരിച്ചും നേരിടേണ്ടി വരുമെന്നാണ് ഇന്ത്യ ബ്രിട്ടന് മുന്നറിയിപ്പ് നൽകിയിരുന്നു.

യുകെയിലേക്ക് യാത്രചെയ്യുന്ന എല്ലാ ഇന്ത്യക്കാരെയും പ്രതികൂലമായി ബാധിക്കുന്ന തീരുമാനം ഉടൻ പിൻവലിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്സിനോട് അമേരിക്കയിൽവച്ച് നേരിട്ടു കണ്ട് ആവശ്യപ്പെട്ടു. ഇന്ത്യയുടെ ആവശ്യം അറിയിച്ച കാര്യം അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

അതേസമയം യു.കെ സ്വീകരിച്ചിരിക്കുന്ന പുതിയ യാത്രാ ചട്ടങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ പ്രതിഷേധം ശക്തമായി. കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂര്‍, ആനന്ദ് ശര്‍മ്മ, ജയറാം രമേശ്, എന്നിവര്‍ യാത്രാ നിയമങ്ങളെ വിമര്‍ശിച്ച് തിങ്കളാഴ്ച രംഗത്ത് വന്നിരുന്നു. പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസ് സ്വീകരിച്ച ഇന്ത്യക്കാരെ പോലും അംഗീകരിക്കാത്ത യു.കെ സര്‍ക്കാരിന്റെ തീരുമാനം, വിവേചനപരവും വംശീയവുമാണെന്ന് ആനന്ദ് ശര്‍മ്മ തന്റെ ട്വിറ്ററില്‍ കുറിച്ചു.

കൂടാതെ, ലോകാരോഗ്യ സംഘടനയടക്കം ഈ വാക്‌സിന്‍ അംഗീകരിച്ചിട്ടുണ്ടെന്നും ലോകത്തില്‍ ഏറ്റവും കൂടുതല്‍ വാക്‌സിന്‍ നിര്‍മ്മിക്കുന്ന രാജ്യമായ ഇന്ത്യയ്ക്ക് അപമാനമാകുന്ന നപടിയാണ് യു.കെയുടെ പുതിയ നിയമം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ഇന്ത്യയില്‍ ഉത്പാദിപ്പിച്ച വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് യു.കെയില്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയത് തികച്ചും അപലപനീയമാണെന്നാണ് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശിതരൂര്‍ പറഞ്ഞു.

പുതിയ യാത്ര നിയന്ത്രണങ്ങള്‍ കാരണം ദ് കേംബ്രിഡ്ജ് യൂണിയന്‍ ചര്‍ച്ചാ സമൂഹവുമായുള്ള ഒരു ചര്‍ച്ചയില്‍ നിന്നും തനിക്ക് പിന്മാറേണ്ടി വന്നെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മാത്രവുമല്ല, അദ്ദേഹം രചിച്ച പുസ്തകത്തിന്റെ യു.കെ പതിപ്പിന്റെ പ്രകാശനചടങ്ങില്‍ നിന്നും അദ്ദേഹത്തിന് പിന്മാറേണ്ടി വന്നിട്ടുണ്ട്. യു.കെ എടുത്തിരിക്കുന്ന പുതിയ തീരുമാനം ‘തികച്ചും വിചിത്രവും’ ‘വംശീയതയുടെ സ്വരം’ ഉള്ളതുമാണെന്നാണ് കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ ജയറാം രമേശ് ട്വീറ്റ് ചെയ്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.